വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്മ്യൂണിറ്റി ഓണം വര്‍ണശബളവും ആകര്‍ഷകവുമായി

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റനിലെ മിസ്സൗറി സിറ്റിയിലുള്ള, സിയന്നാ പ്ലാന്‍റ്റേഷന്‍, വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്മ്യൂണിറ്റി, സെപ്റ്റംബര്‍ 24നു അപ്നാ ബസാര്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ ഓണം ആഘോഷിച്ചു. കമ്മ്യൂണിറ്റി നിവാസികളുടെ കേരള തനിമയാര്‍ന്ന ഓണാഘോഷം അത്യന്തം വര്‍ണശബളവും ആകര്‍ഷകവുമായി. പരമ്പരാഗത കേരളീയ ഓണക്കാല വസ്ത്രധാരികളായി എത്തിയ വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്മ്യൂണിറ്റി സമൂഹ നിവാസികള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷത്തിനും ആമോദത്തിനും തരംഗമാലകള്‍ തന്നെ സൃഷ്ടിച്ചു. വാട്ടര്‍ഫോര്‍ഡ്‌ മലയാളി മങ്കമാര്‍ അതികമനീയമായി തീര്‍ത്ത പൂക്കളത്തിനു ചുറ്റും, ഓണത്തുമ്പികളേയും പൂമ്പാറ്റകളെയും പോലെ മലയാളി പൈതങ്ങള്‍ ആവേശത്തോടെ ഓടി കളിച്ചപ്പോള്‍ കേരളത്തിലെങ്ങോ ഓണക്കാലത്തു മുറ്റത്ത്‌ തീര്‍ത്ത പൂക്കളത്തിനു ചുറ്റും ബാലികാ ബാലന്മാര്‍ വട്ടമിട്ട്‌ ആര്‍ത്തുല്ലസിക്കുന്ന ഒരു പ്രതീതിയാണുണ്ടായത്‌.

കുട്ടികളും മുതിര്‍ന്നവരും കേരളീയരുടെ ഓണം എന്ന മഹോത്സവത്തെ പറ്റി തനതായ ശൈലിയില്‍ ലഘു പ്രഭാഷണങ്ങള്‍ നടത്തി. ഓണത്തെ ചുറ്റിപ്പറ്റിയുള്ള കഥകളും ഐതിഹ്യങ്ങളും അവര്‍ പങ്കുവച്ചു. മാവേലിത്തമ്പുരാന്‍ നാടുവാണ ആ സുവര്‍ണ്ണ കാലഘട്ടത്തെ അവര്‍ അനുസ്മരിച്ചു. തുടർന്നങ്ങോട്ട്‌ വൈവിധ്യമേറിയ കലാപരിപാടികള്‍ ഓരോന്നായി ആസ്വാദകരുടെ കൈയ്യടികളും ഹര്‍ഷാരവങ്ങളുമായി അരങ്ങേറി. ഓണക്കാലത്തെ അനുസ്മരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍ വഞ്ചിപ്പാട്ടുകള്‍ കൊയ്ത്തുപാട്ടുകള്‍ ചുവടുവയ്പ്പുകള്‍ എല്ലാം പ്രത്യേകം ശ്രദ്ധിക്കപ്പെടുകയുണ്ടായി.

കുട്ടനാടന്‍…പുഞ്ചയിലെ… എന്നു തുടങ്ങുന്ന വള്ളംകളി ഗാനാലാപനത്തോടെ ചുറ്റും വെള്ളം നിറഞ്ഞ വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്മ്യൂണിറ്റി നിവാസികളും വള്ളം തുഴയുന്ന ശരീരലാസ്യആംഗ്യ ഭാവങ്ങളോടെ താളം പിടിച്ചും പാടിയും സദസ്സും അരങ്ങും കൊഴുപ്പിച്ചു. ചെണ്ടമേളം അതീവ ഹൃദ്യമായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യ വാഴയിലയില്‍ തന്നെ വിളമ്പി.

ഓണാഘോഷ പരിപാടികള്‍ക്ക്‌, ബിനു സഖറിയാ, മനോജ്‌ മാത്യു, ജോഷി ചാലിശ്ശേരി, ഡൈജു മുട്ടത്ത്‌, തോമസ്‌ വര്‍ഗീസ്‌, ജോസ്‌ മാത്യു, ജോജി മാത്യു, ജോ തോമസ്‌, ജൂലി തോമസ്‌, ആന്‍ഡ്രൂസ്‌ ജേക്കബ്‌, ഷീബ ജേക്കബ്‌, ഷിബു ജോണ്‍, ജോബിന്‍സ്‌ ജോസഫ്‌, മാത്യൂസ്‌ വര്‍ഗീസ്‌, ലതാ മാത്യുസ്‌, ചിക്കാഗോ ജോണ്‍, ബിജിനോസ്‌ പാലാരിവട്ടം, ജോണ്‍ എബ്രഹാം, ജോ തോമസ്‌, വിജയന്‍ തലപ്പള്ളി, ഫിലിപ്പ്‌ കൂവക്കാട്‌, ബിനു മേനാംപറമ്പില്‍, സൈമണ്‍ ചെറുകര, സുരേഷ്‌ കുമാര്‍, സോണി സൈമണ്‍, എബ്രഹാം കുര്യാക്കോസ്‌, വിനോദ്‌ തോമസ്‌, എ. സി. ജോര്‍ജ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടെ വാട്ടര്‍ഫോര്‍ഡ്‌ നിവാസി കുടുംബാംഗങ്ങളുടെ ഓണാഘോഷ പരിപാടികള്‍ക്ക്‌ പര്യാവസാനമായി.

Leave a Comment

More News