കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 14): ജോണ്‍ ഇളമത

കര്‍ദിനാള്‍ ജീന്‍ ബില്ലേഴസ്തന്നെ എഴുന്നള്ളിവന്നു, പിയറ്റ ശില്പം കാണാന്‍. ജിയോവാനി ബല്ലിനിയും റാഫേലും എന്തൊക്കെയോ പറഞ്ഞ്‌ തിരുമനസ്സിനെ വിറളി പിടിപ്പിച്ചിട്ടുണ്ട്‌. അല്ലെങ്കില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ തിരുമനസ്സ്‌ എഴുന്നെള്ളി വന്നതില്‍ മൈക്കെലാഞ്ജലോയ്ക്ക് അല്പം ഉള്‍ഭയം ഉണ്ടാകാതെയിരുന്നില്ല. എങ്കിലും ആരു പറഞ്ഞാലും തന്റെ തീരുമാനങ്ങള്‍ക്ക്‌ ഇളക്കമില്ല. ഒരു ശില്പി ഭയരഹിതനായിരിക്കണം. സ്വന്തം ഇച്ഛയില്‍നിന്നുതന്നെ വേണം ശില്പങ്ങള്‍ ജനിക്കാന്‍! തന്റെ ന്യായീകരണവും തീരുമാനങ്ങളും കത്തോലിക്കാ വിശ്വാസത്തിന്‌ നിരക്കാത്തതാണെന്ന്‌ ഏതു ശില്‍പിക്ക്‌, ചിത്രകാരന് സമര്‍ത്ഥിക്കാനാകും? ബില്ലേഴ്‌സ്‌ തിരുമനസ്സ്‌ ശില്പത്തെ അടിമുടി വീക്ഷിച്ചു. തീക്ഷ്ണമായ അദ്ദേഹത്തിന്റെ പച്ചകലര്‍ന്ന ചാരനിറമുള്ള കണ്ണുകള്‍ വിടര്‍ന്നു. തുടര്‍ന്നൊരു ചോദ്യം:

മൈക്കിള്‍, എന്തു പ്രത്യേകതയാണ്‌ താങ്കള്‍ ഈ ശില്പരചനയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌? കാരണം, ഇതിനുമുമ്പ്‌ കൊത്തിയ ശില്പങ്ങളിലോ, വരച്ച ചിത്രങ്ങളിലോ കാണാത്ത ഒരു പരിശുദ്ധ കന്യാമറിയം! ബല്ലിനിയോ, റാഫേലോ കാണാത്ത എന്തെങ്കിലുമൊരു പ്രത്യേകത?

ഓ, അവര്‍ അങ്ങനെതന്നെ കര്‍ദിനാളിനെ ധരിപ്പിച്ചിരിക്കണം. മാതാവിന്റെ പ്രായക്കുറവിനെപ്പറ്റി. പക്ഷേ, കര്‍ദിനാള്‍ അവരുടെ കാഴ്ചപ്പാടിനെ അപ്പാടെ സ്വീകരിച്ചിട്ടില്ല എന്നാണോ ഇത്തരമൊരു ചോദ്യം കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌?

തിരുമനസ്സ്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌?

അതെ, അതുതന്നെയാണ്‌ അവരുടെ ആവലാതി. പ്രശസ്തരായ രണ്ട്‌ പ്രതിഭകളെ അങ്ങനെ ചിന്തിപ്പിച്ചെങ്കില്‍ അതിനുള്ള ഉത്തരമാണ്‌ ഞാനും അന്വേഷിക്കുന്നത്‌. ഞാന്‍ കണ്ടിടത്തോളം, അറിഞ്ഞിടത്തോളം മൈക്കെലാഞ്ജലോ എന്ന യുവശില്പിക്ക്‌ ഓരോ ശില്പങ്ങള്‍ക്കും ഓരോ പ്രത്യേക യുക്തിയുണ്ട്‌. അതാണെന്നെ ഇരുത്തി ചിന്തിപ്പിക്കുന്നത്‌. ഓരോ കാലഘട്ടത്തിലും ഓരോ ശില്പികളുടെ കാഴ്ചപ്പാട്‌ വ്യത്യസ്തമാണ്‌. അതുകൊണ്ട്‌ പ്രതിഭകളായ ബല്ലിനിയോ, റാഫേലോ പൂര്‍ണ്ണമാണെന്ന്‌ ഞാന്‍ കരുതുന്നില്ല. ആകട്ടെ, മൈക്കിള്‍ എന്താണ്‌ പ്രായത്തില്‍ പരിശുദ്ധമാതാവിന്‌ നല്‍കിയ സ്ഥാനം! ഞാന്‍ ഉദ്ദേശിക്കുന്നതു തന്നെയെങ്കില്‍ ഞാന്‍ കരുതുന്നു താങ്കള്‍ ശില്പകലയില്‍ ആര്‍ക്കും ഇതുവരെ പിടികൊടുക്കാത്ത ഒരു പ്രതി ഭാസം തന്നെ എന്ന്‌.

എന്റെ കാഴ്ചപ്പാട്‌ മറ്റൊന്നാണ്‌. അത്‌ സഭയുടെ വിശ്വാസത്തിന്റെ ഭാഗം തന്നെയല്ലേ! പുണ്യവതിയായ മാതാവിന്റെ പ്രാര്‍ത്ഥനാമുറിയില്‍ പ്രത്യക്ഷപ്പെട്ട കര്‍ത്താവിന്റെ ദൂതന്‍ ഗബ്രിയേല്‍ മാലാഖ എന്തു സന്തോഷവാര്‍ത്തയാണ്‌ പരിശുദ്ധ മറിയത്തെ അറിയിച്ചത്‌- “നന്മനിറഞ്ഞവളെ നിനക്ക്‌ സ്വസ്തി! കര്‍ത്താവ്‌ നിന്നോടു കൂടെ. നീ ഭാഗ്യവതി। നിന്റെ ഫലമായ ഉദരത്തില്‍ ഈശോ വാഴ്ത്തപ്പെടട്ടേ. അപ്പോള്‍ വചനം മാംസമായി. മറിയത്തിന്റെ ഉദരത്തില്‍ പ്രവേശിച്ചെങ്കില്‍ എങ്ങനെയായിരുന്നു? ദിവ്യരക്ഷകനായ യേശുക്രിസ്തുവിന്റെ ജനനം. വചനം മാതാവിന്റെ ചെവിയിലൂടെ ഉദരത്തിലേക്ക്‌ പ്രവേ ശിച്ച്‌, പരിശുദ്ധാത്മാവ്‌ നിറഞ്ഞ ജനനമായിരുന്നില്ലേ! ഇത്‌ ഇന്ദ്രിയങ്ങള്‍ക്കപ്പുറം അല്ലെങ്കില്‍ സാമാന്യ ബുദ്ധിക്കപ്പുറം ചിന്തിക്കാന്‍ കഴിവില്ലാതെ പോയതാണ്‌ ഇവിടെ അങ്ങയച്ച ചിത്രകാരന്മാരായ രണ്ട്‌ പ്രതിഭകള്‍ക്കും സംഭവിച്ചത്‌. അവരെ ഞാന്‍ കുറ്റപ്പെടുത്തുകയല്ല. സാമാന്യ ബുദ്ധിക്ക്‌ അതീതമാണ്‌ വിശ്വാസം. അപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്‌ കനമാരത്തില്‍ നിന്ന്‌ യൗവനത്തിലേക്ക്‌ കടക്കുന്ന വിടരാന്‍ വെമ്പുന്ന ഒരു പുമൊട്ടുതന്നെയായിരുന്നില്ലേ മാതാവ്‌? അതുതന്നെയാണ്‌ എന്റെ ശില്പവും. ഒരു ദിവ്യ ജനനത്തിന്റെ ഗര്‍ഭധാരണത്തിലുടയാത്ത മാതാവിന്റെ താരുണ്യം. നിതൃയുവത്വത്തിന്റെ അല്ലെങ്കില്‍ കന്യകാത്വത്തിന്റെ ഒരു പ്രതീകം. അതിലെന്തു തെറ്റ്‌? അതുകൊണ്ട്‌ മാതാവിന്‌ ഒരു കന്യകാത്വം വിടാത്ത ഒരു നിത്യയുവത്വം. അങ്ങനെ വിശ്വസിക്കാനാണ്‌ സഭ എന്നെ പഠിപ്പിച്ചിരിക്കുന്നത്‌. അതാണ്‌ ഞാന്‍ കൊത്തി വെച്ചിരിക്കുന്നത്‌. പുത്രന്‍ വളര്‍ന്നുവെങ്കിലും കന്യകാത്വം വിട്ടുമാറാത്ത മാതാവ്‌! കര്‍ദിനാളിന്റെ കണ്ണുകള്‍ തിളങ്ങി. അദ്ദേഹത്തിന്റെ മനോമുകുരത്തിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു. റോമില്‍ എന്റെ ശവകൂടീരത്തില്‍ ഈ പരിശുദ്ധ രൂപം കൊണ്ട്‌ ഞാന്‍ അലങ്കരിക്കപ്പെടും. ഫ്രാന്‍സിന്റെ ഒരു പ്രതിരൂപമായി ചാള്‍സ്‌ രാജാവിന്റെ അമ്പാസിഡറായി ലോകം നിലനില്‍ക്കുവോളം ഈ ശില്പം എന്റെ നാമധേയത്തിന്റെ വിളംബരമായിരിക്കട്ടെ. ഞാന്‍ സഭയുടെ വിശ്വാസം ലോകത്തെ പഠിപ്പിക്കും. മാതാവിന്റെ കന്യകാത്വം.

മൈക്കിള്‍ സന്തോഷചിത്തനായി. ഈ അക്ഷാന്ത പരിശ്രമത്തിന്‌ വിലയുണ്ടായിരിക്കുന്നു. ഈ ജോലി ഏല്‍പ്പിച്ചു തന്ന അധികാരിയേക്കാള്‍ ശ്രേഷ്ഠരൊന്നുമല്ലല്ലോ ഇവിടുത്തെ ശില്പികളും ചിത്രകാരന്മാരും. പുതിയ ഭാവത്തേയും രൂപത്തേയും ഉള്‍ക്കൊള്ളാനാകാത്ത യാഥാസ്ഥിതികര്‍- ഇവര്‍ക്കൊക്കെ അസൂയയും കണ്ടേക്കാം.

അപ്പോള്‍ കര്‍ദിനാള്‍ മറ്റൊന്നാണ്‌ ചിന്തിച്ചുകൊണ്ടിരുന്നത്‌. ഈ ചെറുപ്പക്കാരന്‍ മഫാപ്രതിഭ തന്നെയാകും. സംശയം വേണ്ട.
ഈയിടെ തന്നെ മുഖം കാണിക്കാന്‍ വന്ന മഹാശില്‍പിയും ചിത്രകാരനുമായ ലിയനാര്‍ഡോ ഡാവിന്‍ചി പറഞ്ഞ വാക്കുകള്‍ കര്‍ദിനാള്‍ ഓര്‍ത്തു;

ആ ഫ്‌ളോറന്‍സുകാരന്‍ യുവാവ്‌, മൈക്കിള്‍ ശില്പം കൊത്താന്‍ ബഹു മിടുക്കനാ. അവന്റെ ശില്പങ്ങളുടെ പ്രത്യേകത മനുഷ്യ ശരീരത്തിന്റെ ഘടനയിലുള്ള (അനാറ്റമി) പൂര്‍ണ്ണത തന്നെ. ഒരുപക്ഷേ ഞാനതിന്‌ ഏറെ ശ്രമിച്ചിരുന്നെങ്കില്‍ ശില്പകലയിലും അവനേക്കാളേറെ മുമ്പിലെത്തിയേനെ. അല്ല, ഞാനെന്തിന്‌ ഈ മുഴിഞ്ഞ പണി ചെയ്യണം! വെറുമൊരു കല്ലുവെട്ടുകാരന്റെ ജോലി! കല്ലിലുള്ള കൊത്ത്‌ സമൂഹത്തില്‍ വിലയും നിലയുമില്ലാത്ത ഒരു ജോലിയായി സമൂഹം കണക്കാക്കുന്നു. പിന്നെ കുറേ രൂപങ്ങളൊക്കെ ഞാനും ചെമ്പിലും ഓടിലുമൊക്കെ ചെയ്ത്‌ ശില്പകലയിലും കരുത്ത്‌ തെളിയിച്ചിട്ടുണ്ട്‌. കുറെയൊക്കെ മാര്‍ബിളിലും. പിന്നെ ക്രമേണ അതങ്ങു നിര്‍ത്തി. കരിങ്കല്ലിന്റെ നാറ്റമുള്ള ജോലി! അല്ലാതെ തന്നെ ചിത്രരചനയില്‍ ഞാന്‍തന്നെ എല്ലാവരിലും മുമ്പന്‍ എന്ന്‌ മുദ്രണം ചെയ്യപ്പെട്ടു കഴിഞ്ഞു. പിന്നെ എന്തിന്‌ ഒരു കല്ലുവെട്ടുകാരന്റെ വേഷം? എപ്പോഴും കരിങ്കല്ലിന്റെ മനം മടുപ്പിക്കുന്ന ഗന്ധമാണ്‌ ആ ചെറുപ്പക്കാരന്‍ മൈക്കെലാഞ്ജലോയ്ക്ക്‌. ഒരിക്കല്‍ ഏതോ ഒരവസരത്തില്‍ അവന്‍ അവിടുത്തെ കാണാന്‍ എത്തിയപ്പോള്‍ ഞാനും അവിടെ ഉണ്ടായിരുന്നല്ലോ. അപ്പോള്‍ അവന്‍ അവിടെ വന്ന വരവേ! പാറിപ്പറന്ന താടിയും മുടിയും. കരിങ്കല്ലു കൊത്തി അരംപോലത്തെ കൈപ്പത്തിയും, ഓ, ഇതൊന്നും പോരാഞ്ഞ്‌ വിയര്‍പ്പും കരിങ്കല്ലും കലര്‍ന്ന നാറ്റവും!

ഡാവിന്‍ചിക്ക്‌ മൈക്കിളിനെപ്പറ്റി അസൂയയുണ്ട്‌. ഏതൊരു നവോത്ഥാന കലാകാരനെപ്പോലെയും ചിലപ്പോള്‍ അദ്ദേഹം പേടിക്കുന്നുണ്ടാകാം ഈ യുവപ്രതിഭയെ. കാലങ്ങള്‍ മാറിവരികയാണ്‌. ഇനിയുമിനിയും പരീക്ഷണങ്ങള്‍ ചിത്രകലയിലും ശില്പകലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌ നന്ന്‌. പൂര്‍ണ്ണതയിലേക്കുള്ള പ്രയാണം.

പ്രതിമ നന്നായിരിക്കുന്നു, ഞാന്‍ ഉദ്ദേശിച്ചതിലേറെ. ഇത്‌ റോം ഉള്ളിടത്തോളം കാലം എന്റെ ശവകുടീരത്തെ ഇത്‌ അനശ്വരമാക്കും; ഇത്‌ കൊത്തി എടുത്ത ശില്പിയേയും.

മൈക്കെലാഞ്ജലോയ്ക്ക്‌ ആശംസ അര്‍പ്പിച്ച്‌ കര്‍ദിനാള്‍ ഡീന്‍ ജി ബില്ലേഴ്‌സ്‌ മടങ്ങിപ്പോയപ്പോള്‍ മൈക്കിള്‍ ഓര്‍ത്തു;

പിതാവ്‌ ചില്ലറക്കാരനല്ല, ഫ്രാന്‍സിലെ ചാള്‍സ്‌ രാജാവിന്റെ റോമിലെ അംബാസിഡര്‍, പോപ്പിന്റെ പ്രതിനിധി. ഇനിയും ആരെന്തു പറഞ്ഞാലും ഒന്നും സംഭവിക്കുകയില്ല. ശില്പകലയില്‍ താന്‍ കരുതിവെച്ച ഉന്നത പദവിയിലേക്കെത്തിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും കൈയെത്തിപ്പിടിക്കാനാകാത്ത ഉയരത്തില്‍.

ശില്പം പോളിഷ്‌ ചെയ്തുകൊണ്ടിരുന്നപ്പോള്‍ മൈക്കെലാഞ്ജലോ പെട്ടെന്ന്‌ ഒരശരീരി കേട്ടു: “മൈക്കിള്‍, മകനേ, നീ ചെയ്തത്‌ എത്ര അനുഗ്രഹൃപ്രദം! നിന്റെ ആത്മീയ നിക്ഷേപം സ്വര്‍ഗ്ഗത്തില്‍ ഇരട്ടിക്കുമേലെ ഇരട്ടിയായിരിക്കുന്നു.”

എവിടെനിന്നാണീ ശബ്ദം! മൈക്കിള്‍ ചുറ്റിലും നോക്കി. അതോ തോന്നലോ! അതോ, ഒരു ചിറകടി ശബ്ദംപോലെ കാതില്‍ മുഴങ്ങിയതു തന്നോ! കൊത്തിയ രൂപത്തിന്‌ മുകളില്‍ വലിച്ചുകെട്ടിയ തുകല്‍പ്പന്തലിനടിയിലൂടെ ഒരു വെള്ളരി പ്രാവ്‌ കുറുകി രണ്ടു പ്രാവശ്യം വട്ടമിട്ട്‌ പറന്ന്‌ വീണ്ടും ആകാശത്തിലെ അനന്തതയിലേക്ക്‌ ഈളിയിട്ടു പറന്നുപോകുന്നു.

മൈക്കിള്‍ ആനന്ദാധികൃത്താല്‍ ഉള്ളിലോര്‍ത്തു;

പരിശുദ്ധാത്മാവിന്റെ സാമീപ്യം തന്നെ അനുഗ്രഹിച്ചിരിക്കുന്നു! വീണ്ടും ദിനരാത്രങ്ങള്‍ കടന്നു. ശില്പം മിനുക്കി നീലകലര്‍ന്ന പാല്‍ നിറമുള്ള വെള്ളക്കല്ലില്‍ മാതാവും പുത്രനും! ദുഃഖഭാരം ചുമക്കുന്ന വ്യാകുല മാതാവിന്റെ മുഖം. വാടിത്തളര്‍ന്ന പുത്രന്റെ തിരുമേനി. ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കു വേണ്ടിയും സ്വയം ബലിയായ യേശു തമ്പുരാന്‍! എല്ലാം ദൈവ കൃപകൊണ്ട്‌ നന്നായി കൊത്താന്‍ കഴിഞ്ഞിരിക്കുന്നു. കരളലിയിക്കുന്ന ഒരു കദനകഥയായി മനുഷ്യമനസ്സുകളുടെ ആഴത്തിലേക്കിറങ്ങും വിധം ഇനിയും ഇത്തരമൊന്ന്‌ ആരും കൊത്തുകയില്ലെന്ന്‌ എന്റെ മനസ്സ്‌ പറയുന്നു.

അന്നൊരു ദിനം പണി പൂര്‍ത്തിയാക്കി മെഴുകു പൊടികള്‍ പ്രതിമയില്‍നിന്ന്‌ തൂത്തെടുത്ത്‌ ഒരിക്കല്‍ക്കൂടി അവസാനത്തെ മിനുക്കു പണി നടത്തുകയായിരുന്നു. പെട്ടെന്നൊരു കുതിരവണ്ടി വന്നുനിന്നു. അതില്‍നിന്ന്‌ ഒരു ദൂതന്‍ ഇറങ്ങിവന്ന്‌ അറിയിച്ചു. കര്‍ദിനാള്‍ ജീന്‍ ഡി ബില്ലേഴ്‌സ്‌ മരണക്കിടക്കയിലാണ്‌. അവസാനമായി പിതാവ്‌ അങ്ങയെ കാണാന്‍ ആഗ്രഹിക്കുന്നു. അങ്ങയെ കൂട്ടിക്കൊണ്ട്‌ ചെല്ലാനാണ്‌ എന്നെ അയച്ചത്‌. ഓര്‍ക്കാപുറത്തേറ്റ കനത്ത പ്രഹരം കണക്കെ
മൈക്കെലാഞ്ജലോ മിഴിച്ചുനിന്നു.

അവിശ്വസനീയം! തിരുമനസ്സിനെന്തുപറ്റി? ആരോഗ്യവാനായി മാതാവിന്റെ തിരുസ്വരൂപം കാണാനെത്തിയിട്ട്‌ ഏറെ നാളുകളായില്ലല്ലോ!

പെട്ടെന്നൊരു തുള്ളല്‍പ്പനി. മൂര്‍ദ്ധന്യത്തിലായിരുന്നു. അരമനയിലെ അപ്പോത്തിക്കരിമാര്‍ വേണ്ട ശുശ്രൂഷ നല്‍കുന്നുണ്ട്‌. അജ്ഞാതരോഗമാണ്‌ മരുന്നുകളോട്‌ പ്രതികരിക്കുന്നില്ല. എപ്പോള്‍ വേണമെങ്കിലും മരണപ്പെടാം.

കര്‍ദിനാള്‍ മരണക്കിടക്കയിലോ! അവിടുത്തേക്ക്‌ പ്രായം നാല്പതു നാല്പത്തിയഞ്ചിലധികമില്ല. എങ്കിലും മരണത്തിനു മുമ്പ്‌ അവിടുന്ന്‌ കാണാനാഗ്രഹിച്ച എന്റെ ശില്പം കണ്ടുവല്ലോ! മരണം ഒരു കോമാളിയെപ്പോലെ പ്രതീക്ഷിക്കാത്ത നേരത്ത്‌ ഓടിവന്ന്‌ കയറും, സകല പ്രതീക്ഷകളെയും തട്ടിയുടച്ച്‌. ഫ്ലോറന്‍സിലെ ഭരണാധികാരിയും തന്നെ ശില്പം കൊത്താന്‍ പഠിക്കാന്‍ സഹായിച്ചിരുന്ന മെഡിസിയിലെ ലൊറന്‍സോ മാഗ്നിഫിസന്റ്‌ പ്രഭു പോലും തീപ്പെട്ടത്‌ ഈ അടുത്ത കാലത്താണ്‌, നാല്പത്തഞ്ചാം വയസ്സില്‍. അപ്പോള്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം അമ്പതോ അതില്‍ താഴയോ! എന്നാല്‍ ഈ കാലയളവില്‍ ചെയ്തുതീര്‍ക്കാനുള്ളതെല്ലാം ചെയ്തുതീര്‍ക്കണം. പത്താം വയസ്സുമുതല്‍ കുട്ടിക്കാലം അവസാനിച്ച്‌ ജീവിതം ആരംഭിക്കുന്നു. ഉന്നതകുലജാതര്‍ക്ക്‌ അഞ്ചാറു വര്‍ഷം ഗ്രാമര്‍ സ്‌കൂള്‍ അല്ലെങ്കില്‍ ആദ്ധ്യാത്മികപഠനം. പതിനഞ്ചാം വയസ്സില്‍ വിവാഹം. പിന്നെ കുടുംബഭാരം, അദ്ധ്വാനം അങ്ങനെ അങ്ങനെ! ഇതെല്ലാം കഴിഞ്ഞ്‌ മദ്ധ്യ പ്രായ കടന്ന്‌ വാര്‍ദ്ധക്യത്തിലെത്തും മുമ്പ്‌ എങ്ങുനിന്നോ ഓടിവരുന്ന അജ്ഞാതരോഗം. അവ ആയുസ്സിന്‌ വിരാമമിടുന്നു.

ദൂതന്‍ ഭവ്യതയില്‍ വണങ്ങി മൈക്കിളിന്‌ വില്ലുവണ്ടിയുടെ വാതില്‍ തുറന്നുകൊടുത്തു. മൈക്കിള്‍ വണ്ടിയില്‍ ആസനസ്തനായി. ദൂതന്‍ കുതിരകളെ ആട്ടിപ്പായിച്ചു. മ്രെതാന്മാരുടെ അരമനകള്‍ക്കു മുമ്പില്‍ വണ്ടി നിന്നു. മൈക്കെലാഞ്ജലോയെ ഒരു മോണ്‍സിഞ്ഞോര്‍ അകത്തേക്കാനയിച്ചു. കുന്തിരിക്കത്തിന്റെയും സുഗന്ധ തൈലങ്ങളുടെയും ഗന്ധം പകരുന്ന തുക്കുവിളക്കിന്റെ പ്രഭയില്‍ കര്‍ദിനാള്‍ തളര്‍ന്നു കിടക്കുന്നു, ഇടയ്ക്കിടെ നീണ്ടു കുറുകുന്ന ശ്വാസോഛ്വാസത്തോടെ. ഒരു വെള്ള നീളന്‍ പട്ടുകുപ്പായം ധരിച്ച്‌ കിടക്കയോട്‌ ഒട്ടിക്കിടക്കുന്നു. പെട്ടെന്ന്‌ ജരാനരകള്‍ ബാധിച്ചവിധം ഭാരമുള്ള പാതിയടഞ്ഞ കണ്ണുകളോടെ മുഖം.

മൈക്കെലാഞ്ജലോയെ കണ്ടമാത്രയില്‍ കര്‍ദിനാള്‍ ജീന്‍ ഡി ബില്ലേഴ്‌സ്‌ എണീറ്റിരിക്കാന്‍ വെമ്പി. ഒരു മോണ്‍സിഞ്ഞോര്‍ പിതാവിന്റെ ഉടല്‍ഭാഗം കുറെ പട്ടുകുഷ്യനുകളിട്ട്‌ ഉയര്‍ത്തി വെച്ചു. കര്‍ദിനാള്‍ തത്രപ്പെട്ട്‌ പറയാനാരംഭിച്ചു:

മകനെ, മൈക്കിള്‍, നീ വന്നതു നന്നായി. ഭൂമിയിലെ എന്റെ ദൗത്യം കഴിഞ്ഞിരിക്കുന്നു. എന്റെ ശവകുടീരം നീതന്നെ നിര്‍മ്മിക്കണം. അതു പറയാനാണ്‌ ഞാന്‍ നിന്നെ വിളിപ്പിച്ചത്‌. സഭ പല പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്‌. പാഷണ്ഡരും ശീമക്കാരും പേഗന്‍ ആരാധകരും ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. നീ കൊത്തിയ മാതാവിന്റെ രൂപം എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്‌. അത്‌ എന്റെ ശവകൂടീരത്തിനുമുമ്പില്‍ പ്രതിഷ്ഠിക്കണം. കറോര പാറമടയിലെ കല്ലുകള്‍ക്ക്‌ ജീവന്‍ നല്‍കുന്ന നിന്റെ കരവിരുത്‌ എന്റെ ശവകൂടീരത്തെ അലങ്കരിക്കണം. വിശുദ്ധരുടെ രൂപങ്ങളാലും പറന്നുയര്‍ന്ന്‌ കാഹള മുയരുന്ന മാലാഖമാരുടെ രൂപങ്ങളുംകൊണ്ട്‌ നീ അവ മോടി പിടിപ്പിക്കണം. പിന്നെ പിതാവ്‌ അണച്ചു. തളര്‍ന്ന്‌ തല ചെരിച്ചു മരണത്തിലേക്കുള്ള പ്രയാണം കണക്കെ.

മൈക്കിള്‍ കര്‍ദിനാളിന്റെ തളര്‍ന്ന വലതുകരം ചുംബിച്ച്‌ വികാരാധീനനായി പുറത്തേക്കിറങ്ങി. വത്തിക്കാനിലെ പോപ്പിന്റെ ആസ്ഥാനം. നിരനിരയായി ചുറ്റിനും നിരന്നുനില്‍ക്കുന്ന നിരവധി ബഹുനിലമന്ദിരങ്ങള്‍. നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന വൃത്താകാരമായ ഗോപുരത്തിന്‌ താഴെ പോപ്പ്‌ വസിക്കുന്നു. വിവിധ മന്ദിരങ്ങളിലായി മ്രെതാന്മാര്‍, കര്‍ദിനാളന്മാര്‍, വിവിധ പദവികളുള്ള മോണ്‍സിഞ്ഞോര്‍മാര്‍ എന്നിവരുടെ ആസ്ഥാനങ്ങള്‍. ബസിലിക്കകള്‍, പള്ളികള്‍, കപ്പോളകള്‍, ആദ്ധ്യാത്മിക ഉന്നതരുടെ ശവകുടീരങ്ങള്‍, അവയ്ക്കിടയില്‍ ചെറുതും വലുതുമായ മണികള്‍ കെട്ടിത്തൂക്കിയ കമാനങ്ങള്‍. അവ പ്രത്യേക സമയങ്ങളില്‍ ചൊരിയുന്ന സംഗീതമഴ!

മൈക്കിള്‍ മുകളിലേക്ക്‌ നോക്കി. നീലാകാശത്ത്‌ നിരന്തരം പറന്നു വട്ടമിടുന്ന പരുന്തുകള്‍. അവയ്ക്കു താഴെ കുറുകി പറക്കുന്ന പ്രാവുകള്‍! അവ കെട്ടിട സമുച്ചയങ്ങള്‍ക്കു മുകളില്‍ കൊത്തിവെച്ച വിശുദ്ധരുടെയും മാലാഖമാരുടെയും നിഴലില്‍ വിശ്രമിച്ച്‌ വീണ്ടും പറന്നുയരുന്നു. പെട്ടെന്നൊരു വെള്ള പ്രാവ്‌ ഒറ്റയ്ക്ക്‌ പറന്ന്‌ വട്ടമിടുന്നത്‌ മൈക്കിളില്‍ ആവേശമുണര്‍ത്തി. അവന്റെ മനസ്സ്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പുള്ള ഇ്രസായലിലേക്ക്‌ പറന്നു. യോര്‍ദ്ദാന്‍ നദിയുടെ തീരത്തേക്ക്‌. കര്‍ത്താവ്‌ യോര്‍ദ്ദാന്‍ നദിയില്‍ സ്നാനമേല്‍ക്കുന്നു, സ്നാപക യോഹന്നാന്റെ കരങ്ങളില്‍നിന്ന്‌. അപ്പോള്‍ പരിശുദ്ധാത്മാവ്‌ പ്രാവിന്റെ രൂപത്തില്‍ പറന്നിറങ്ങി.

അവന്റെ കാതുകളില്‍ അപ്പോള്‍ യഹോവയുടെ ഇടിമുഴക്കംപോലെ യുള്ള ശബ്ദം കേട്ടു:

“ഇവനെന്റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. ലോകത്തിന്റെ ദുഃഖങ്ങള്‍ മുഴുവന്‍ പേറുന്ന അമ്മയുടെയും മനുഷ്യരുടെ പാപ പരിഹാരമായി സ്വയം ബലിയായ തമ്പുരാന്റെയും ശില്പം കൊത്താന്‍ എനിക്കു പ്രേരണയായത്‌ പരിശുദ്ധ അരുപിതന്നെയാകാം. കര്‍ദിനാള്‍ ജീന്‍ ജി ബില്ലേഴ്‌സ്‌ അതിനൊരു നിമിത്തം മാത്രം. കറോറ പാറമടയിലെ കല്ലുകള്‍ക്ക്‌ ഇനിയും ഞാന്‍ ജീവന്‍ നല്‍കും. അവ വത്തിക്കാനെ അലങ്കരിക്കും. ലോകം നിലനില്‍ക്കുവോളം!

(തുടരും…… )

Print Friendly, PDF & Email

Leave a Comment

More News