ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഡാളസില്‍ നാളെ പൗരസ്വീകരണം നല്‍കുന്നു

ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സൗത്ത് വെസ്റ്റ് റീജണല്‍ ആക്ടിവിറ്റി കമ്മിറ്റി(RAC) യുടെ നേതൃത്വത്തില്‍ ഡാളസ് മാര്‍ത്തോമ്മാ ഇവന്റ് സെന്ററില്‍ (11500 Luna Rd, Dallas,TX 75234) വെച്ച് നാളെ (ബുധനാഴ്ച) വൈകിട്ട് 6.30ന് പൗരസ്വീകരണം നല്‍കുന്നു.

നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തില്‍ മലങ്കര യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ ബിഷപ്പ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പല്‍ സഭയുടെ ഡാളസ് ഭദ്രാസനാദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോര്‍ജ്ജ് സംനര്‍, ടെക്‌സാസ് സ്‌റ്റേറ്റ് ഹൗസ് റെപ്രസന്റേറ്റീവ് ജൂലി ജോണ്‍സന്‍, ഡാളസ് എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് പ്രസിഡന്റ് റവ. ഫാ. രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ, സണ്ണിവെയില്‍ സിറ്റി മേയര്‍ സജി ജോര്‍ജ്ജ്, കോപ്പല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യു, മര്‍ഫി സിറ്റി പ്രോ ടേം മേയര്‍ ഏലിസബേത്ത് എബ്രഹാം, സ്റ്റാൻലി ജോൺസ് ഫൗണ്ടേഷൻ പ്രസിഡന്റ് ആൻ മാത്യു യൂനെസ്, മുൻ ഭദ്രാസന ട്രഷറാര്‍ ഫിലിപ്പ് തോമസ് സി.പി.എ, ഭദ്രാസന കൗൺസിൽ അംഗം ഷോൺ വർഗീസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും.

വികാരി ജനറാള്‍ റവ. ഡോ. ചെറിയാന്‍ തോമസ് പ്രാരംഭ പ്രാര്‍ത്ഥനയും, റീജണല്‍ ആക്ടിവിറ്റി കമ്മിറ്റി വൈസ് പ്രസിഡന്റ് റവ. തോമസ് മാത്യു പി. സ്വാഗതവും, സെക്രട്ടറി എബി ജോര്‍ജ്ജ് നന്ദിയും, ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ്ജ് ഏബ്രഹാം സമാപന പ്രാര്‍ത്ഥനയും നടത്തും. റീജണൽ ആക്ടിവിറ്റി കമ്മറ്റിയുടെ ഉപഹാരം ട്രഷറാർ ഐസക് തോമസ്, അക്കൗണ്ടന്റ് ജിബിൻ മാത്യു എന്നിവർ ചേർന്ന് സമർപ്പിക്കും.

മലങ്കര മാര്‍ത്തോമ്മാ സഭയുടെ 22-ാം മാര്‍ത്തോമ്മ ആയതിനുശേഷം ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ആദ്യമായിട്ടാണ് നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിലെ ഡാളസില്‍ സന്ദര്‍ശനം നടത്തുന്നത്. ഡോ. മാര്‍ തിയഡോഷ്യസ് ഭദ്രാസന ബിഷപ്പായിരുന്നപ്പോള്‍ ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍ വേണ്ടി ആദ്യമായി തുടക്കം കുറിച്ച സമിതിയാണ് സൗത്ത് വെസ്റ്റ് റീജണല്‍ ആക്ടിവിറ്റി കമ്മിറ്റി.

മാർത്തോമ്മാ മെത്രാപ്പോലീത്താ ഡോ.മാർ തിയഡോഷ്യസിനെ ഡാലസിലേക്ക് സ്വീകരിക്കുവാൻ വേണ്ടി വിപുലമായ ഒരുക്കങ്ങൾ ആണ് വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്നത്. സമ്മേളനത്തിൽ ഭദ്രാസനത്തിലെ എല്ലാ വൈദീകരും പങ്കെടുക്കും.

നാളെ (ബുധനാഴ്ച്ച) വൈകിട്ട് 6.30ന് ആരംഭിക്കുന്ന സ്വീകരണ സമ്മേളനത്തിലേക്ക് ഏവരെയും ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകയുടെ ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി റീജിയണൽ ആക്ടിവിറ്റി കമ്മറ്റിയുടെ ചുതലക്കാർ അറിയിച്ചു. ചടങ്ങുകൾ സഭയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രട്ട് മ്യുസിക്ക് ആൻഡ് കമ്മ്യൂണിക്കേഷൻ (DSMC) തത്സമയം സംപ്രേഷണം ചെയ്യും.

Leave a Comment

More News