2020 ഡൽഹി കലാപം: കുറ്റാരോപിതരായ നാല് പേരെ കോടതി വെറുതെവിട്ടു

ന്യൂഡൽഹി: 2020-ൽ വടക്കുകിഴക്കൻ ഡൽഹിയെ പിടിച്ചുകുലുക്കിയ വർഗീയ കലാപവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെ, കലാപം, നശീകരണം എന്നീ കുറ്റങ്ങളിൽ പ്രതി ചേര്‍ക്കപ്പെട്ട നാല് പേരെ കോടതി വെറുതെവിട്ടു. ഇവര്‍ക്കെതിരെ സംശയാതീതമായി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

2020 ഫെബ്രുവരി 25 ന് കർദം പുരിയിൽ പാർക്കിംഗ് സ്ഥലത്ത് ട്രാക്ടറുകളും കൈവണ്ടികളും കത്തിക്കുകയും സ്കൂൾ ബസുകൾ കൊള്ളയടിക്കുകയും ചെയ്ത കലാപകാരികളായ ജനക്കൂട്ടത്തിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെട്ട ഷാരൂഖ്, ആഷു, സുബേർ, അശ്വനി എന്നിവർക്കെതിരായ കേസ് പരിഗണിക്കുകയായിരുന്നു കോടതി.

“ക്രിമിനൽ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് കുറ്റാരോപിതർക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. അതിനാൽ, കുറ്റാരോപിതരായ നാലുപേരെയും എല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെ വിടുന്നു,” അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ഉത്തരവിൽ പറഞ്ഞു.

രണ്ട് സാക്ഷികൾ കുറ്റവാളികളെ തിരിച്ചറിഞ്ഞതായി പ്രോസിക്യൂഷൻ വാദിച്ചു.

എന്നാല്‍, വിസ്താര വേളതില്‍ പ്രസ്തുത സാക്ഷികൾ ഒരിക്കലും കലാപകാരികളെ തിരിച്ചറിയുകയോ അവരുടെ വ്യക്തിത്വത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനോട് പറയുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നാല് പേരും കലാപത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് രണ്ട് സാക്ഷികളും നിഷേധിച്ചു. പകരം അവരെ അറിയില്ലെന്ന് കോടതിയില്‍ പറഞ്ഞു. അതിനാൽ, അവര്‍ക്കെതിരെ കുറ്റകരമായ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു.

കലാപം, മാരകായുധം, നിയമവിരുദ്ധമായി സംഘം ചേരൽ, തീയോ സ്‌ഫോടകവസ്തുവോ ഉപയോഗിച്ച് അക്രമം നടത്തുക, വീടുകളും മറ്റും നശിപ്പിക്കുക തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരമാണ് ജ്യോതി നഗർ പോലീസ് സ്‌റ്റേഷൻ ഇവര്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്.

Leave a Comment

More News