കൊച്ചിയിൽ യുവ മോഡൽ കാറിൽ കൂട്ടബലാത്സംഗത്തിനിരയായി; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ യുവതി കാറിൽ കൂട്ടബലാത്സംഗത്തിനിരയായി. ഇന്നലെ അര്‍ദ്ധ രാത്രിയാണ് സംഭവം നടന്നത്. യുവ മോഡലിനെ മദ്യപിച്ചെത്തിയ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ മൂന്ന് യുവാക്കളെയും ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസിന്റെ വിശദീകരണം:
ഇന്നലെ രാത്രി എട്ടരയോടെയാണ് യുവ മോഡൽ പെണ്‍ സുഹൃത്തിനോടൊപ്പം കൊച്ചിയിലെ ബാറിൽ എത്തിയത്. പത്ത് മണിയോടെ യുവതി ബാറിൽ കുഴഞ്ഞുവീണു. ഇതോടെ താമസസ്ഥലത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് യുവാക്കൾ യുവതിയെ കാറിൽ കയറ്റി. സുഹൃത്തായ യുവതി കാറിലുണ്ടായിരുന്നില്ല. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങി നടന്ന യുവാക്കൾ യുവതിയെ കാറിൽ വെച്ച് മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടുള്ള യുവതിയുടെ താമസസ്ഥലത്ത് ഇറക്കിവിടുകയുമായിരുന്നു. ബലാത്സംഗത്തിനിരയായ യുവതി ഇന്ന് ഇക്കാര്യം സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചത്.

യുവതിയും യുവാക്കളും പോയ ബാറിൽ പൊലീസ് എത്തി രേഖകള്‍ പരിശോധിച്ചപ്പോള്‍ യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകളില്‍ അവർ നൽകിയ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളാണ് യുവതിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയത്. യുവാക്കള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു യുവതിയുടെ പെണ്‍സുഹൃത്ത് എന്ന് കണ്ടെത്തി.

അറസ്റ്റിലായ നാലു പേരെയും എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്.

Leave a Comment

More News