ഹൃദയ കവാടം തുറക്കും ക്രിസ്മസ്‌ (കവിത): എ.സി. ജോര്‍ജ്

ദുഃഖിതരെ പീഡിതരെ നിരാലംബരെ
ഏറെ സന്തോഷ ആശ്വാസ ദായകമായിതാ
സ്നേഹത്തിന്‍ ത്യാഗത്തിന്‍ കുളിര്‍ തെന്നലായി
ഒരു ക്രിസ്മസ്‌ കൂടി മധുരിക്കും ഓര്‍മകളുമായി
മാലോകരെ തേടിയെത്തുന്നിതാ
സന്മനസോടെ ഹൃദയ കവാടങ്ങള്‍ തുറക്കു
ത്യാഗ സ്നേഹ മണി വീണയില്‍
കാപട്യമില്ലാമണി മന്ത്രങ്ങള്‍ ഉരുവിട്ടു
പ്രവര്‍ത്തി മണ്ഡലത്തില്‍ സാധകമാക്കി
ഈ ഭൂമി സ്വര്‍ഗ്ഗമാക്കി മാറ്റിടാം

ഈ സന്ദേശം അല്ലേ… അന്ന്‌ ബേതലഹേമില്‍
കാലികള്‍ മേയും പുല്‍കുടിലില്‍
ഭൂജാതനായ രാജാധിരാജന്‍ ദേവാധി ദേവന്‍
സര്‍വ്വലോക മാനവകുലത്തിനേകിയത്?
മത സിംഹാസന ചെങ്കോല്‍ കിരീടങ്ങള്‍കപ്പുറം

അര്‍ഥമില്ലാ ജല്പനങ്ങള്‍ ബാഹ്യ പൂജാ കര്‍മ്മങ്ങള്‍ക്കായി
ദൈവം ഇല്ലാ ദേവാലയങ്ങള്‍ക്കു ചുറ്റും പരസ്പരം മല്ലടിക്കും
പോരടിക്കും, വെട്ടിനിരത്തും മത മേധാവികളായി നടിക്കും
സഹചരേ… പതിയുന്നില്ലെ നിങ്ങടെ കര്‍ണ്ണപുടങ്ങളില്‍
സഹനത്തില്‍, എളിമയില്‍, ദരിദ്രരില്‍ ദരിദ്രനായി
ഈ ഭൂമിയില്‍ ഭൂജാതനായ ഉണ്ണി യേശുനാഥന്‍
വാനിലെന്നപോല്‍ ഹൃത്തടത്തില്‍ ജലിക്കുന്ന നക്ഷത്രമായി
സന്‍ മനസ്സുകള്‍ പുഷ്പ്പിക്കും പുവാടികളാകട്ടെ എന്നും
ഇരു കരങ്ങള്‍ കൂപ്പി അര്‍പ്പിക്കട്ടെ ക്രിസ്മസ് ആശംസകള്‍…

Leave a Comment

More News