ഉണ്ണി മകുന്ദനും സംഘവും ഹരിവരാസനം പുനരാവിഷ്ക്കരിച്ചു; ശ്രദ്ധേയമായി മാളികപ്പുറത്തിലെ ഗാനം

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം ‘മാളികപ്പുറം’ റിലീസിനൊരുങ്ങി. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രസിദ്ധമായ ‘ഹരിവരാസനം’ എന്ന കീർത്തനം പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍.

പ്രകാശ് പുത്തൂരാണ് ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീത സം‌വിധാനം ചെയ്ത ഗാനം ആലപിക്കാൻ ആയിരത്തിലധികം പേരില്‍ നിന്നാണ് നിന്നാണ് പ്രകാശിനെ തിരഞ്ഞെടുത്തതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

നേരത്തെ ‘ഗണപതി തുണയരുളുക’ എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. ഈ ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. സിനിമയുടെ ട്രെയിലറും നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുക. സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണിത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നത്.ആന്റോ ജോസഫയുടെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് സിനിമയുടെ നിർമ്മാണം. സംവിധായകൻ ശശിശങ്കറിന്റെ മകനാണ് സംവിധായകൻ വിഷ്ണു ശശിശങ്കർ. വിഷ്ണുവാണ് സിനിമയുടെ എഡിറ്റിങ്ങും നിർവഹിക്കുക.

ഉണ്ണി മുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, ശ്രീപദ്, സമ്പത്ത് റാം, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ അണിനിരക്കും. അഭിലാഷ് പിള്ളയുടേതാണ് രചന.

Leave a Comment

More News