റസാഖ് പാലേരിയുടെ ‘ഒന്നിപ്പി’ന് കോഴിക്കോട് ജില്ലയിൽ തുടക്കം

കോഴിക്കോട്: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന കേരള പര്യടനം ‘ഒന്നിപ്പി’ന്റെ കോഴിക്കോട് ജില്ലാ പര്യടനത്തിന് തുടക്കമായി. ഇനി മൂന്ന് നാൾ കോഴിക്കോടുണ്ടാകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു കൊണ്ടാണ് ഇന്ന് രാവിലെ ജില്ലയിലെ പര്യടനം ആരംഭിച്ചത്. റസാഖ് പാലേരിക്കൊപ്പം ദേശീയ സെക്രട്ടറി ഇ സി ആയിശ, സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, വൈസ് പ്രസിഡന്റ് അബ്ദുൽ ഹക്കീം, സെക്രട്ടറി ഉഷാകുമാരി, ജില്ലാ പ്രസിഡൻ്റ് ടി കെ മാധവൻ, ജില്ലാ നേതാക്കൾ തുടങ്ങിയവരും ഉണ്ടായിരുന്നു.

“രാഷ്ട്രീയ – സാമൂഹിക – സമുദായ രംഗത്തെ സവിശേഷ നിലപാടുകൾ കൊണ്ട് കേരളീയ മുസ്‌ലിം സമൂഹത്തിലും പൊതുസമൂഹത്തിലും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ സമാദരണീയ വ്യക്തിത്വമാണ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.നിലവിലുള്ള പല സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളും ചർച്ചയിൽ കടന്നു വന്നു. ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും ആശയങ്ങൾക്കെതിരെ മത – രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളും നേതാക്കളും ഒരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.” കോഴിക്കോട് സമസ്തയുടെ ആസ്ഥാനത്ത് വെച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷം റസാഖ് പാലേരി അഭിപ്രായപ്പെട്ടു.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി സാമുദായിക- രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ പ്രമുഖർ, സമര പ്രദേശങ്ങൾ തുടങ്ങിയവ റസാഖ് പാലേരി സന്ദർശിക്കും.

Leave a Comment

More News