രാഷ്ട്രീയത്തിലേക്കില്ല; ഉമ്മൻചാണ്ടിയുടെ മകളായി അറിയപ്പെടാൻ ആഗ്രഹിക്കുന്നതായി അച്ചു ഉമ്മന്‍

കോട്ടയം: താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പുതുപ്പള്ളി മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മക്കളില്‍ ഒരാൾ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് അച്ചു ഉമ്മന്റെ നിലപാട് വ്യക്തമാക്കിയത്. പിതാവ് വിജയിച്ചുകൊണ്ടിരുന്ന മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മനോ മകൾ അച്ചു ഉമ്മനോ മത്സരിക്കുമെന്ന് പാർട്ടി പ്രവർത്തകർ ഉൾപ്പടെയുള്ള സംസാരമുണ്ട്. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി അച്ചു ഉമ്മൻ രംഗത്തെത്തിയത്.

പിതാവിന്റെ മരണം നടന്ന് ഇത്രയും പെട്ടെന്ന് ഇത്തരം ചർച്ചകളിലേക്ക് കടക്കുന്നതിൽ വിഷമമുണ്ട്. താൻ എന്നും അപ്പയുടെ തണലിലാണ് ജീവിച്ചിരുന്നത്. ഇനിയും ഉമ്മൻ ചാണ്ടിയുടെ മകൾ എന്ന് മാത്രം അറിയപ്പെടാനാണ് ആഗ്രഹം. ഇപ്പോൾ വിദേശത്താണ് താമസിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയെന്നത് വിദൂര സ്വപ്‌നങ്ങളിൽ പോലും ഇല്ലാത്ത കാര്യമാണെന്നും അച്ചു ഉമ്മൻ വ്യക്തമാക്കി.

അടുത്ത സ്ഥാനാർത്ഥി ആരെന്ന് പാർട്ടി തീരുമാനിക്കും. അപ്പ കഴിഞ്ഞാൽ വീട്ടിലെ ഏക രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണ്. എന്നാൽ, ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് ഇപ്പോൾ പോകുന്നില്ലെന്നും കാര്യങ്ങൾ വ്യക്തമാക്കേണ്ടതിനാലാണ് ഇക്കാര്യം അറിയിക്കുന്നതെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു.

 

Leave a Comment

More News