ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി ചാർജ് വർധിച്ചേക്കും; മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട്: മതിയായ മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഡാമുകളിൽ ജലക്ഷാമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദ്യുതി നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നാളെ ചേരുന്ന വൈദ്യുതി ബോർഡ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം.

മഴ പെയ്താൽ ചാർജ് വർധിപ്പിക്കേണ്ടതില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. എന്നാല്‍, മഴ പരാജയപ്പെട്ടാൽ ചാർജുകൾ ഉയർത്തണം. വാങ്ങുന്ന വിലയ്ക്ക് മാത്രമേ വൈദ്യുതി നൽകാനാകൂ. ഉപഭോക്താക്കൾക്കുമേൽ പരമാവധി ഭാരം ചുമത്താതിരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡാമുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ അധിക വൈദ്യുതി വാങ്ങണമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി എന്ത് വിലയ്ക്ക് വാങ്ങണമെന്ന കാര്യത്തിൽ ബുധനാഴ്ചത്തെ യോഗത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെ തുടർന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും വില വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

Leave a Comment

More News