പക്ഷിസ്നേഹിയായ സ്ത്രീ തന്റെ അപ്പാർട്ട്മെന്റിനെ ഒരു ഹമ്മിംഗ്ബേർഡ് ആശുപത്രിയാക്കി മാറ്റി

മെക്സിക്കോ: കഴിഞ്ഞ 11 വർഷമായി കാറ്റിയ ലത്തൂഫ് ഡി അരിഡ എന്ന 73-കാരി, മെക്സിക്കോ സിറ്റിയിലെ തന്റെ അപ്പാർട്ട്മെന്റ് പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ ഹമ്മിംഗ്ബേർഡുകൾക്കുള്ള ഒരു ആശുപത്രിയായും സങ്കേതമായും ഉപയോഗിക്കുന്നു.

പരാഗണം നടത്തുന്ന ഏജന്റുമാർ എന്ന നിലയിൽ, ഹമ്മിംഗ് ബേർഡുകൾ മെക്സിക്കോയുടെ ആവാസവ്യവസ്ഥയുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. എന്നാൽ, നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന നഗര ഭൂപ്രകൃതി കാരണം, എല്ലാത്തരം ഗുരുതരമായ ഭീഷണികളും അവ അഭിമുഖീകരിക്കുന്നു.

അവിടെയാണ് 73-കാരിയായ കാറ്റിയ ലത്തൂഫ് ഡി അരിഡ കടന്നുവരുന്നത്. ഒരു ഹമ്മിംഗ്ബേർഡ് പരിപാലക എന്ന നിലയിൽ, അവര്‍ തന്റെ ഒഴിവു സമയവും വിഭവങ്ങളും ചെറിയ പക്ഷികളെ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനോ അല്ലെങ്കിൽ കുറഞ്ഞത് ആവശ്യമായ സാന്ത്വന പരിചരണം നൽകുന്നതിനോ വേണ്ടി ചെലവഴിക്കുന്നു.
ഒരു ദശാബ്ദത്തിലേറെയായി അവര്‍ ഇത് ചെയ്യുന്നു. മെക്സിക്കോ സിറ്റിയിലെ അവരുടെ വീട് ഒരു ഹമ്മിംഗ്ബേർഡ് ആശുപത്രിയായാണ് അറിയപ്പെടുന്നത്.

ഒരു ഹമ്മിംഗ് ബേർഡ് നഴ്‌സ് എന്ന നിലയിൽ കാറ്റിയയുടെ കഥ ആരംഭിച്ചത് 2011 ൽ, അവരുടെ ജീവിതത്തിലെ വളരെ പ്രയാസകരമായ നിമിഷത്തിലാണ്. രണ്ട് വർഷം മുമ്പ് അവര്‍ക്ക് ഭർത്താവിനെ നഷ്ടപ്പെട്ടു. കാറ്റിയയാകട്ടേ വൻകുടലിലെ ക്യാൻസറുമായി പോരാടുകയായിരുന്നു.

ഒരു ദിവസം തെരുവിലൂടെ നടക്കുമ്പോൾ, കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഒരു ഹമ്മിംഗ് ബേർഡ് ശ്രദ്ധയിൽപ്പെട്ടു. മിക്കവാറും മറ്റൊരു പക്ഷിയുടെ ആക്രമണത്തില്‍ സംഭവിച്ചതായിരിക്കാം. എന്നാല്‍, കാറ്റിയ ആ കിളിയെ വീട്ടിലേക്ക് കൊണ്ടുപോയി. പക്ഷേ ഒരു പക്ഷിയെ പരിപാലിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ലായിരുന്നു. തന്നെയുമല്ല, അത്തരമൊരു ചെറിയ പക്ഷിയെ വെറുതെ വിടുന്നതും കാറ്റിയക്ക് പ്രയാസമായി.

എന്നാല്‍, സുഹൃത്തായ ഒരു മൃഗഡോക്ടർ ഹമ്മിംഗ് ബേർഡിനെ പരിപാലിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. ആ സംഭവം നൂറുകണക്കിന് ചെറിയ പക്ഷികളെ രക്ഷിക്കാൻ സമർപ്പിക്കപ്പെട്ട ഒരു ജീവിതത്തിലേക്ക് കാറ്റിയയെ നയിച്ചു.

“ഇത് എനിക്ക് ഒരു പുതിയ ജീവിതം തന്നു,” താൻ പരിപാലിച്ച ആദ്യത്തെ ഹമ്മിംഗ് ബേർഡ് ആയ ‘ഗുച്ചി’യെക്കുറിച്ച് കാറ്റിയ ലത്തൂഫ് അടുത്തിടെ പറഞ്ഞു. ആ പക്ഷിക്ക് താനിട്ട പേര് തന്റെ കണ്ണട കെയ്‌സിന്റെ ബ്രാൻഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും കൂട്ടിച്ചേർത്തു.

കാറ്റിയ ഗുച്ചി എന്ന ഹമ്മിംഗ്ബേഡിനെ പരിപാലിച്ച് ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടു വന്നു. എന്നാല്‍, തന്നെ രക്ഷിച്ചത് ഈ ചെറിയ പക്ഷിയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

ക്യാൻസറുമായുള്ള പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവര്‍ നഗരത്തിലെ അഞ്ച് ഉയർന്ന നിലവാരമുള്ള ബോട്ടിക്കുകൾ വിറ്റു. വിഷാദാവസ്ഥയിലേക്ക് വീണ ജീവിതത്തെ കീഴടക്കിയ സങ്കടത്തിൽ നിന്നും ഏകാന്തതയിൽ നിന്നും തന്നെ പുറത്തെടുക്കാൻ ഹമ്മിംഗ്ബേർഡിന് കഴിഞ്ഞു എന്ന് അവര്‍ വിശ്വസിക്കുന്നു. അതൊരു തുടക്കം മാത്രമായിരുന്നു.

അവരുടെ വിജയത്തെക്കുറിച്ചുള്ള വാർത്ത കാറ്റിയയുടെ സുഹൃത്തുക്കൾക്കിടയിൽ പരന്നു. അധികം താമസിയാതെ അവരിൽ ചിലർ അവര്‍ക്ക് പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ ഹമ്മിംഗ് ബേർഡുകളെ കൊണ്ടുവരാൻ തുടങ്ങി.

കാറ്റിയ ഒരിക്കലും അവരെ പിന്തിരിപ്പിച്ചില്ല. അവരിൽ ചിലർ വെറും കുഞ്ഞുങ്ങളായിരുന്നു, മറ്റുള്ളവയ്ക്ക് ശാരീരിക പരിക്കുകളോ വിഷബാധയോ ഉണ്ടായിരുന്നു.

പക്ഷികളെയും അവയുടെ ശീലങ്ങളെയും നന്നായി പരിപാലിക്കാൻ പഠിക്കേണ്ടതുണ്ട്. 11 വർഷത്തെ പരിചയത്തിന് ശേഷം, 73 വയസ്സുകാരിയായ കാറ്റിയയെ ഹമ്മിംഗ് ബേർഡുകളിൽ വിദഗ്ദ്ധയായി കണക്കാക്കുകയും, നിരവധി പരിപാടികളിൽ സംസാരിക്കാൻ ക്ഷണിക്കുകയും ചെയ്തു.

മെക്‌സിക്കോയിലെ ഹമ്മിംഗ് ബേർഡ്‌സിന്റെ ദുരവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി, കാറ്റിയ ലത്തൂഫ് ഡി അരിഡ തന്റെ മെക്‌സിക്കോ സിറ്റി അപ്പാർട്ട്‌മെന്റിലെ രോഗികളുടെ വീഡിയോകൾ TikTok പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി, അവയിൽ പലതും വൈറലായി.

അപ്പോഴാണ് അവരുടെ നഴ്‌സിംഗ് സേവനങ്ങളുടെ ആവശ്യം ശരിക്കും ഉയർന്നത്. 11 വർഷത്തെ കരിയറിൽ നൂറുകണക്കിന് ഹമ്മിംഗ് ബേർഡുകളെ അവര്‍ പരിപാലിച്ചു. അവരുടെ സഹകാരിയായ സിസിലിയ സാന്റോസിനൊപ്പം, അവര്‍ തന്റെ മുഴുവൻ സമയവും ചെറിയ പക്ഷികളെ നോക്കാൻ ചെലവഴിക്കുന്നു.

പക്ഷികൾക്ക് ആരോഗ്യം വീണ്ടെടുത്ത ശേഷം, കാറ്റിയ അവയെ മെക്സിക്കോ സിറ്റിയുടെ തെക്ക് ഭാഗത്തുള്ള ഒരു വനപ്രദേശത്ത് വിടുന്നു. അല്ലാത്തവയെ അവയുടെ അവസാന നിമിഷങ്ങൾ വരെ പരിപാലിക്കുകയും പിന്നീട് കാറ്റിയയുടെ കെട്ടിടത്തിന് സമീപം സംസ്കരിക്കുകയും ചെയ്യുന്നു.

Leave a Comment

More News