ഓണാഘോഷത്തിന് ആറന്മുള വള്ളസദ്യ ഒരുക്കി കെ എച്ച് എൻ എ ഹ്യൂസ്റ്റൺ

ഹ്യൂസ്റ്റൺ: മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഇത്തവണ വേറിട്ട ഓണാഘോഷവുമായി ഹ്യൂസ്റ്റൺ കെ എച്ച് എൻ എ പ്രവർത്തകർ.

മാവേലി എഴുന്നെള്ളത്തും തിരുവാതിരയും നൃത്ത നിർത്യങ്ങളും ഒക്കെ പരമ്പരാഗത ഓണാഘോഷത്തിൽ പെടുമ്പോൾ ഒരുപടികൂടി കടന്നു ഇലയും മനസ്സും നിറക്കുന്ന ആറന്മുള വള്ളസദ്യ ഒരുക്കിയാണ് കെ എച് എൻ എ ഹ്യൂസ്റ്റൺ വ്യത്യസ്തമാകുന്നത്. കെ എച് എൻ എ അംഗങ്ങൾക്കായി ഒരുക്കുന്ന ഓണത്തിൽ കെ എച് എൻ എ കൺവൻഷന്‌ രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാനുദ്ദേശിക്കുന്നവർക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമായിരിക്കും. സെപ്തംബർ മൂന്നാംതീയതി ഞായറാഴ്ച 10:30 മുതൽ ഉച്ചക്ക് 2 മണിവരെ പിയർലാന്റിലെ ശ്രി മീനാക്ഷി ക്ഷേത്ര ഓഡിറ്റോറിയത്തിലായിരിക്കും ഓണപരിപാടികൾ നടക്കുക. ജയകുമാർ നടയ്ക്കനാൽ ആണ് ഓണപരിപാടികളുടെ കോർഡിനേറ്റർ. ഉഷ അനിൽകുമാർ സദ്യയുടെ കോർഡിനേറ്ററും ആയിരിക്കും.

ആറന്മുളയിൽ വള്ളംകളിയിൽ പങ്കെടുത്തുവരുന്ന കരക്കാർക്കായി ഒരുക്കുന്ന വള്ളസദ്യ ചരിത്ര പ്രസിദ്ധമാണ്. അറുപത്തിനാല് കൂട്ടം വിഭവങ്ങളാണ് വള്ളസദ്യക്കായി ഒരുക്കുക. ഇതിൽ നാല്പതിനാല് കൂട്ടം വിഭവങ്ങൾ ഇലയിൽ വിളമ്പാറുണ്ട്. പിന്നെ ഇരുപതു കൂട്ടം വിഭവങ്ങൾ നതോന്നത വൃത്തത്തിൽ വള്ളപ്പാട്ടു പാടി ചോദിക്കുന്നവർക്കായും കരുതും. കെ എച്ച് എൻ എ ഒരുക്കുന്ന വള്ളസദ്യയിൽ നാല്പത്തിരണ്ടുകൂട്ടം വിഭവങ്ങളും ഉണ്ടാവും. പാടി ചോദിക്കാവുന്നവർക്കു അതും സംഘാടകർ കരുതും.

അമേരിക്കയുടെ പരിമിതികൾ ഉണ്ടാകുമെങ്കിലും ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ ആസ്വദിക്കാൻ കെ എച് എൻ എ അംഗങ്ങൾക്ക് ഇതൊരു അസുലഭ അവസരമായിരിക്കുമെന്നു പ്രസിഡണ്ട് ജി കെ പിള്ള പറഞ്ഞു.

ഇതുൾപ്പടെ കെ എച് എൻ എ യുടെ മറ്റുപല പരിപാടികളിലും പങ്കെടുക്കാനും അംഗങ്ങൾക്ക് അവസരം ഉണ്ടാകും. ഹ്യൂസ്റ്റനിൽ നിന്ന് ഇതുവരെ നൂറിലധികം കുടുംബങ്ങൾ രജിസ്റ്റർചെയ്തു കഴിഞ്ഞതായി കൺവെൻഷൻ ചെയർമാൻ രഞ്ജിത് പിള്ളയും കൺവീനർ അശോകൻ കേശവനും പറഞ്ഞു.

നവംബറിൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കെ എച് എൻ എ മെഗാ കൺവെൻഷനിലും ഇന്നോളം ദർശിച്ചിട്ടില്ലാത്ത പുതുമകളുമായിട്ടായിരിക്കും ആഘോഷങ്ങൾ അരങ്ങേറുക എന്ന് അവർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News