‘ഓപ്പറേഷൻ ചക്ര 2’: സൈബർ തട്ടിപ്പുകൾക്കെതിരെ കേരളം ഉള്‍പ്പടെ 11 സംസ്ഥാനങ്ങളിൽ സി ബി ഐ റെയ്ഡ്

കൊച്ചി: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ കേരള ഉള്‍പ്പടെ 11 സംസ്ഥാനങ്ങളില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പുകള്‍, ഹാര്‍ഡ്‌ ഡിസ്കുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 100 കോടി രൂപയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പും തകര്‍ത്തു. സ്വകാര്യ, ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുമായി സഹകരിച്ചാണ്‌ ‘ഓപ്പറേഷന്‍ ചക്ര 2’ എന്ന പേരില്‍ റെയ്ഡുകള്‍ നടത്തിയത്‌.

കേരളത്തിന്‌ പുറമെ മദ്ധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, കര്‍ണാടക, ഹരിയാന, തമിഴ്നാട്‌, പഞ്ചാബ്‌, ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്‌ സംസ്ഥാനങ്ങളിലായിരുന്നു റെയ്ഡ്. 32 മൊബൈല്‍ ഫോണുകള്‍, 48 ലാപ്ടോപ്പുകള്‍, ഹാര്‍ഡ്‌ ഡിസ്കുകള്‍, 33 സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ പെടുന്നു. നിരവധി ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. സൈബര്‍ തട്ടിപ്പുകള്‍ക്ക്‌ ഉപയോഗിച്ച 15 ഇ-മെയില്‍ അക്കൗണ്ടുകളും കണ്ടെത്തി.

ആഗോള ഐ.ടി കമ്പനി, ബഹുരാഷ്ട്ര ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനം എന്നീ വ്യാജേന അഞ്ച്‌ സംസ്ഥാനങ്ങളില്‍ ഒമ്പത്‌ കോള്‍ സെന്ററുകള്‍ നടത്തിയതും കണ്ടെത്തി. വ്യാജ ക്രിപ്റ്റോ മൈനിംഗ്‌ ഓപ്പറേഷന്റെ മറവില്‍ നടത്താന്‍ ശ്രമിച്ച 100 കോടി രൂപയുടെ തട്ടിപ്പും തകര്‍ത്തു. ഓപ്പറേഷന്‍ ചക്രയിലൂടെ ശേഖരിച്ച വിവരങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക്‌ കൈമാറുമെന്ന്‌ സി.ബി.ഐ പറഞ്ഞു.

Leave a Comment

More News