അസീനക്ക്‌ നൈന – ഡെയ്‌സി അവാര്‍ഡ്‌ ലഭിച്ചു

ഫീനിക്സ്‌ : നാഷനല്‍ അസ്സോസ്സിയേഷണ്‍ ഓഫ്‌ ഇന്‍ഡ്യന്‍ നഴ്സ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (NAINA) യുടെ ഷിക്കാഗോയില്‍ വച്ച്‌ നടന്ന നാലാമത്‌ നാഷണല്‍ ക്ലിനിക്കല്‍ എക്സലന്‍സ് കോണ്‍ഫറന്‍സില്‍ നല്‍കപ്പെട്ട നൈന — ഡെയ്‌സി അവാര്‍ഡിന്‌ അരിസോണ ഇന്ത്യന്‍ നഴ്സ്‌ അസോസിയേഷന്‍ (AZINA) അര്‍ഹരായി.

അരിസോണയിലെ ഇന്ത്യന്‍ നഴ്സുമാരെ ഏകോപിപ്പിച്ചു ഒരു കുടകീഴില്‍ നിര്‍ത്തി 501 (സി) 3യൂടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടയാണ്‌ അസീന (AZINA) .

ഒക്ടോബര്‍ 6,7 തീയതികളില്‍ ഷിക്കാഗോയിലെ വാട്ടര്‍ഫോര്‍ഡ്‌ ബാങ്ക്വറ്റ് & ക്ലാരിയന്‍ ഇന്‍ ഹോട്ടലാണ്‌ അതിവിപുലമായി നടത്തപ്പെട്ട ഈ നാഷണല്‍ ക്ലിനിക്കല്‍ എക്സലന്‍സ് കോണ്‍ഫറന്‍സിനു വേദിയായത്‌. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍
നിന്നും ഒട്ടനവധി നഴ്സുമാര്‍ പങ്കെടുത്ത ഈ കോണ്‍ഫറന്‍സ്‌ വളരെ ചിട്ടയോടും ഭംഗിയോടെയുമാണ് ക്രമീകരിച്ചിരുന്നത്‌ .

അരിസോണ ഇന്ത്യന്‍ നഴ്സ്‌ അസ്സോസ്സിയേഷന്റെ (AZINA) നേതൃത്വവും മറ്റ്‌ അംഗങ്ങളും പങ്കെടുത്ത ഈ കോണ്‍ഫറന്‍സ്‌ വളരെ വിജ്ഞാനപ്രദവും പ്രചോദനാത്മകവും ആയിരുന്നു. അസീനയുടെ “അസീന മെന്റല്‍ ഹെല്‍ത്ത് ഇനിഷിയറ്റിവിന്റെ (AMHI) പിറവിയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവിപരിപാടികളുടെ ആസൂത്രണങ്ങളെപ്പറ്റിയും അസീനയുടെ ഭാരവാഹികളായ എലിസബത്ത്‌ സാം, ലക്ഷ്മി നായര്‍, ജോളി തോമസ്‌, മേരി ബിജു എന്നിവര്‍ വിശദമായി അവതരിപ്പിച്ചു. തുടര്‍ന്ന്‌ AMHI യുടെ യുത്ത്‌ ലീഡര്‍ സ്നേഹ സ്നേഹ ജിജുവിന്റെ AMHI യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവതരണം കോണ്‍ഫറന്‍സ്‌ പങ്കെടുത്ത എല്ലാവരുടെയും പ്രത്യേക പ്രശംസക്ക്‌ പാത്രമായി. അവതരണത്തിന്റെ അവസാനം എല്ലാ അംഗങ്ങളും എഴുന്നേറ്റു നിന്ന്‌ ഹര്‍ഷാരവം ചെയ്ത്‌ ഈ യുവ പ്രതിഭയെ അനുമോദിച്ചത്‌ അസീനക്ക്‌ അഭിമാന നിമിഷവും മികച്ച പ്രവര്‍ത്തന മികവിനുള്ള അംഗീകാരവുമായി.

അസീനയുടെ വൈസ്‌ പ്രസിഡന്റ്‌ ലക്ഷ്മി നായരുടെ നേതൃത്വത്തിലാണ്‌ അസീന മെന്റല്‍ ഹെല്‍ത്ത് ഇനിഷിയറ്റിവ്‌ (AMHI) എന്ന പുതിയ സംരംഭം ഏകദേശം ആറു മാസങ്ങള്‍ക്കു മുന്‍പാണ്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. കുട്ടികളുടെ മാനസീകാരോഗ്യത്തിന്‌ മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മാതാപിതാക്കളെയും സമൂഹത്തെയും ബോധവല്‍ക്കരിക്കുക അതിലൂടെ മികച്ച ഒരു യുവതലമുറയെ വാര്‍ത്തെടുക്കുക എന്നാതാണ്‌ AMHI യുടെ ഉദ്ദേശ ലക്ഷ്യം.

ആരോഗ്യമേഖലയില്‍ അസമമത്വമനുഭവിക്കുന്ന വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും, കരുണയോടും ആര്‍ദ്രതയോടും ഗുണമേന്മയുള്ള പരിചരണം ഉറപ്പുവരുത്താന്‍ അസീന നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ശ്ലാഘിച്ചുകൊണ്ട്‌ അമേരിക്കയിലെ നഴ്സിംഗ്‌ രംഗത്ത്‌ അമൂല്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്‌ ച വയ്ക്കുന്നവരെ ബഹുമാനിക്കുവാനായി നൈനയും, ആഗോളതലത്തില്‍ പ്രശസ്തമായ ഡെയ്‌സി ഫൗണ്ടേഷനും ചേര്‍ന്ന്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന “ഡെയ്സി ടീം” അവാര്‍ഡിന്‌ അസിന അര്‍ഹരായി. അസീന പ്രസിഡന്റ്‌ എലിസബത്ത്‌ സാം ഈ പുരസ്കാരം NAINA പ്രസിഡന്റ്‌ സുജ തോമസിന്റെയും, അമേരിക്കന്‍ നഴ്സസ് അസ്സോസ്സിയേഷന്‍ ഇല്ലിനോയ്‌ ചാപ്റ്റര്‍ സെക്രട്ടറി മിസ്‌ അമാന്‍ഡ ഒലിവറിന്റെയും കൈയില്‍നിന്നും കോണ്‍ഫറന്‍സ്‌ വേദിയില്‍ വച്ച്‌ ഹര്‍ഷാരവത്തോടെ ഏറ്റുവാങ്ങി. അതോടൊപ്പം തന്നെ, അസീന ബൈലൊ കമ്മിറ്റി ചെയര്‍ സിന്‍സി തോമസ്സിന്‌ വൃക്തിഗത ഡെയ്‌സി അവാര്‍ഡ്‌ വിഭാഗത്തില്‍ നോമിനേഷന്‍ സര്‍ട്ടിഫിക്കേറ്റ്‌ ലഭിച്ചു.

കോണ്‍ഫറന്‍സില്‍ പങ്കെടുത്ത എല്ലാ അസീനാ അംഗങ്ങള്‍ക്കും ഡെയ്‌സി റ്റീം അവാര്‍ഡ്‌ സര്‍ട്ടിഫിക്കറ്റ് നല്‍കി അനുമോദിച്ചു. തുടര്‍ന്ന്‌ നന്ദിപ്രസംഗത്തില്‍ അസീനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലഭിക്കുന്ന പിന്തുണക്കു എല്ലാ അംഗങ്ങളെയും, പ്രത്യേകിച്ച്
പ്രഥമ പ്രസിഡന്റായ ഡോ. അമ്പിളി ഉമയമ്മയുടെയും പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച്‌ എലിസബത്ത്‌ സാം സംസാരിച്ചു.

അസീനയുടെ “AMHI initiative” നാഷണല്‍ ലെവലില്‍ വ്യാപൃതമാക്കാന്‍ ആഹ്വാനം ചെയ്തതോടൊപ്പം ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു.

അസീനാ വൈസ്‌ പ്രസിഡന്റ്‌ ലക്ഷ്മി നായര്‍ കോണ്‍ഫറന്‍സിന്റെ ആദ്യദിനം മാസ്റ്റര്‍ ഓഫ്‌ സെറമോണി ആയി പ്രവര്‍ത്തിച്ചു. ലക്ഷ്മി നായരും സിന്‍സി തോമസും ഗാലാ നൈറ്റില്‍ ശ്രവണസുന്ദരമായ ഗാനങ്ങള്‍ ആലപിച്ചു. വളരെ മനോഹരമായി ക്രമീകരിച്ച ഗാലാ നൈറ്റോടു കൂടി രണ്ടു ദിവസം നീണ്ടുനിന്ന കോണ്‍ഫറന്‍സിന്‌ വിജയകരമായ പര്യവസാനമായി.

Leave a Comment

More News