ജോണ്‍ പാട്ടപതിയെ ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തു

ഷിക്കാഗോ: ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 8,9,10,11 തീയതികളിലായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ലോക പ്രശസ്ത ഫൈവ് സ്റ്റാര്‍ ഹോട്ടലായ പുന്റാകാനായില്‍ വച്ച് നടത്തുന്നതാണ്. കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നും വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന പ്രസ്തുത കണ്‍വന്‍ഷന്റെ നാഷണല്‍ വൈസ് ചെയര്‍മാനായി ഷിക്കാഗോയില്‍ നിന്നും ജോണ്‍ പാട്ടപതിയെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തോമസ് സാമുവേല്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ജോണ്‍ പാട്ടപതി 2018- 20 കാലഘട്ടത്തില്‍ സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി ആയിരുന്നപ്പോള്‍ ഏറ്റവും നല്ല പ്രവര്‍ത്തനത്തിനുള്ള സെന്‍ട്രല്‍ റീജിയനുള്ള അവാര്‍ഡ് അന്നത്തെ ഫോമ നാഷണല്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജില്‍ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്. മാത്രമല്ല, അദ്ദേഹം നാഷണല്‍ കമ്മിറ്റിയംഗം, സെന്‍ട്രല്‍ റീജിയന്‍ ട്രഷറര്‍, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, കെ.സി.എസ് വൈസ് പ്രസിഡന്റ്, സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിന്റെ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്.

ഏറ്റെടുക്കുന്ന ജോലി ചുറുചുറുക്കോടെയും, ആത്മാര്‍ത്ഥതയോടെയും, കാര്യപ്രാപ്തിയോടുംകൂടി ചെയ്തു തീര്‍ക്കുന്ന ജോണ്‍ പാട്ടപതി, ഫോമ നാഷണല്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സംയുക്തമായി പ്രസ്താവിക്കുകയും, അദ്ദേഹത്തിന് വേണ്ട എല്ലാവിധ സഹകരണവും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Leave a Comment

More News