പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം പ്രഖ്യാപനം

പ്രവാസി വെൽഫെയർ & കള്‍ച്ചറല്‍ ഫോറം പ്രഖ്യാപനവും ലോഗോ പ്രകാശനവും ഇന്ത്യന്‍ എമ്പസ്സി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ നിർവഹിക്കുന്നു

ദോഹ: ഖത്തറിലെ സാമൂഹിക സാംസ്കാരിക സേവന രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായ കള്‍ച്ചറല്‍ ഫോറം അതിന്റെ പ്രവര്‍ത്തനങ്ങള്‍ പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച് പുതിയ പേരിലേക്ക് മാറുന്നു. പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം എന്ന പേരിലാണ് ഇനിയുള്ള കാലങ്ങളിൽ സംഘടന പ്രവർത്തിക്കുക. സംഘടനയുടെ പുതിയ പേരിന്റെ ഔദ്യോഗിക  പ്രഖ്യാപനവും ലോഗോ പ്രകാശനവും ഇന്ത്യന്‍ എമ്പസ്സി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ നിർവഹിച്ചു. അബൂ ഹമൂര്‍ ഐ.സി.സി അശോക ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഖത്തറിന്റെ സാമൂഹ്യ, സാംസ്കാരിക, വാണിജ്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. പുതിയ മാറ്റത്തിലൂടെ കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് പ്രവാസി സമൂഹത്തിന്‌ താങ്ങാവാട്ടെയെന്ന് ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍  ആശംസിച്ചു.   ഇന്ത്യന്‍ എമ്പസ്സി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ മുഖ്യാതിഥിയായി.

പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. താജ് ആലുവ സംഘടനയുടെ പരിവര്‍ത്തനം പരിചയപ്പെടുത്തി സംസാരിച്ചു .  പത്ത് വര്‍ഷം കൊണ്ട് വൈവിദ്ധ്യങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ഖത്തറിലെ മുന്‍ നിര സംഘടനകളിലൊന്നാവാന്‍ സാധിച്ചിട്ടുണ്ടെന്നും ഒരേ സമയം ഏതൊരു പ്രവാസിക്കും ആശ്രയിക്കാവുന്നതിനും തണലാകുന്നതിനുമൊപ്പം സംഘടനയിലെ അംഗങ്ങളുടെ വളര്‍ച്ചയ്ക്കും മുന്‍ഗനന നല്‍കിയുള്ള പദ്ധതികളാണ്‌ പ്രവാസി വെൽഫെയർ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡണ്ട് ഇ.പി. അബ്ദുറഹ്മാന്‍, ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻ കുമാർ, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി, പ്രവാസി വെൽഫെയർ വൈസ് പ്രസിഡണ്ടുമാരായ റഷീദ് അലി, സാദിഖ് ചെന്നാടന്‍, മജീദ് അലി, നജ്‌ല നജീബ്, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, അഹമ്മദ് ഷാഫി, താസീന്‍ അമീന്‍, ട്രഷറര്‍ ഷരീഫ് ചിറക്കല്‍ ഉപദേശക സമിതിയംഗങ്ങളായ ശശിധര പണിക്കര്‍,  റഷീദ് അഹമ്മദ്,തോമസ് സക്കറിയ, മുഹമ്മദ് റാഫി, അപക്സ് ബോഡി ഭാരവാഹികള്‍, വിവിധ സംഘടനാ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഇഫ്താര്‍ മീറ്റും ഒരുക്കിയിരുന്നു.

Leave a Comment

More News