പ്രേമനൈരാശ്യം: ആണ്‍സുഹൃത്തിന്റെ കുത്തേറ്റ് യുവതിക്ക് ദാരുണാന്ത്യം

എറണാകുളം: വാക്കുതര്‍ക്കത്തിനിടെ ആണ്‍സുഹൃത്തിന്റെ കുത്തേറ്റ് യുവതി ദാരുണമായി കൊല്ലപ്പെട്ടു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലാണ് സംഭവം നടന്നത്. യുവതിയുടെ സുഹൃത്തായ പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ നിരപ്പ് സ്വദേശി സിംന ഷക്കീറാണ് മരിച്ചത്.

സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പുതിയ വാർഡ് കെട്ടിടത്തില്‍ വെച്ചാണ് ആക്രമണം നടന്നത്. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നു. ജനറൽ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാനായിരുന്നു സിംന ആശുപത്രിയിലെത്തിയത്.

ഇതേ സമയത്ത് ആശുപത്രിയിലെത്തിയ ഷാഹുല്‍ അലി സിംനയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇരുവരും നേരത്തേ അയൽവാസികളായിരുന്നു എന്നു പറയുന്നു. പ്രേമനൈരാശ്യമാണോ സിംനയെ ആക്രമിക്കാന്‍ യുവാവിനെ പ്രേരിപ്പിച്ചത് എന്ന് വ്യക്തമല്ല.

ആക്രമണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് കൈയ്യോടെ പിടികൂടി. മോർച്ചറിയിലേക്ക് മാറ്റിയ സിംനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ആക്രമണത്തിനിടെ കൈക്ക് പരിക്കേറ്റ ഷാഹുല്‍ അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Comment

More News