മാഹി നിവാസികള്‍ക്ക് നാലു വര്‍ഷമായി റേഷന്‍ ലഭിക്കുന്നില്ല; പുത്തുച്ചേരി ഗവര്‍ണ്ണറുടെ കെടുകാര്യസ്ഥതയാണെന്ന് ആരോപണം

കണ്ണൂർ: രാജ്യത്ത് പൊതുവിതരണ സംവിധാനമില്ലാത്ത ഏക സംസ്ഥാനമാണ് പുതുച്ചേരി. റേഷൻ വിതരണത്തിൽ അഴിമതി നടന്നുവെന്നാരോപിച്ച് ഗവർണർ കിരൺ ബേദിയുടെ ഉത്തരവനുസരിച്ച് നാലുവർഷം മുമ്പ് പുതുച്ചേരിയിലും പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും റേഷൻ വിതരണം നിർത്തിവച്ചിരുന്നു.

ജനാധിപത്യ രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത നടപടികളാണ് ഗവർണർ സ്വീകരിച്ചതെന്നാണ് ആരോപണം. റേഷൻ കാർഡ് ഉടമകൾക്ക് മാസംതോറും റേഷൻ തുക ബാങ്ക് അക്കൗണ്ട് വഴി നൽകുമെന്നായിരുന്നു വാഗ്ദാനം. ബിപിഎൽ വിഭാഗത്തിന് പ്രതിമാസം 600 രൂപയും എപിഎൽ വിഭാഗത്തിന് 300 രൂപയുമാണ് അരി ഉൾപ്പെടെ എട്ട് ധാന്യങ്ങൾക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഈ തുക ലഭിക്കാറുണ്ടായിരുന്നില്ല. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള കുടിശ്ശിക ഉൾപ്പെടെയുള്ള തുക ലഭിച്ചു.

റേഷൻ കടകൾ വഴി നല്ല രീതിയില്‍ അരിയും അനുബന്ധ ധാന്യങ്ങളും ലഭിച്ചിരുന്ന സ്ഥലമായിരുന്നു മാഹി. മാഹി എംപ്ലോയീസ് കോർപറേറ്റ് സൊസൈറ്റിക്ക് മാഹിയിലും പള്ളൂരിലുമായി പത്തിലധികം റേഷൻ കടകൾ ഉണ്ടായിരുന്നു. കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും റേഷൻ സാധനങ്ങൾ വിറ്റിരുന്നു. എന്നാൽ, റേഷൻ കടകളെല്ലാം പൂട്ടി മറ്റ് സ്ഥാപനങ്ങളാക്കി മാറ്റി. ശക്തമായ റേഷൻ സംവിധാനം പുനഃസ്ഥാപിക്കണമെങ്കിൽ സർക്കാർ തലത്തിൽ നടപടി വേണം.

മാഹിയിൽ പൊതുവിതരണ സംവിധാനമില്ലാത്തതിനാൽ ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങേണ്ട ഗതികേടിലാണ് മാഹിയിലെ ജനങ്ങൾ. ഭരണ-പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് ജനങ്ങൾ പറയുന്നു. പോണ്ടിച്ചേരി സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചാൽ മാത്രമേ മാഹിയിൽ പൊതുവിതരണ സംവിധാനവും അതുവഴി റേഷൻ വിതരണവും തിരികെ കൊണ്ടുവരാൻ കഴിയൂ എന്നും മാഹിയിലെ ജനങ്ങള്‍ പറയുന്നു.

കേരളത്തില്‍ അഞ്ച് അംഗങ്ങളുള്ള ഒരു ബിപിഎല്‍ കുടുംബത്തിന് 20 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പുമാണ് പ്രതിമാസം ലഭിക്കുന്നത്. എന്നാല്‍ ഇത്രയും സാധനങ്ങള്‍ മാഹിയില്‍ വാങ്ങണമെങ്കില്‍ ആയിരം രൂപയിലേറെ നല്‍കേണ്ടി വരും. യാതൊരുവിധ പൊതുവിതരണ സംവിധാനവുമില്ലാത്തതിനാല്‍ മാര്‍ക്കറ്റ് വില നല്‍കേണ്ടതിനാലാണ് ഇത്. അരിക്കും മറ്റും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന മാഹിയില്‍ പൊതുവിതരണ സംവിധാനം അനിവാര്യമാണ്.

റേഷൻ സംവിധാനം ഇല്ലാത്ത മാഹിയിലെ സിവിൽ സ്റ്റേഷനിൽ സിവിൽ സപ്ലൈസ് വിഭാഗം പ്രവർത്തിക്കുന്നത് അനാവശ്യമാണെന്ന വാദവും ഉയരുന്നുണ്ട്. ഒരു കാലത്ത് രാജ്യത്ത് റേഷൻ സമ്പ്രദായത്തിന് പേരുകേട്ട മാഹിയില്‍ പൊതുവിതരണ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News