ഒഹായോയില്‍ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂയോർക്ക്: ഒഹായോയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് വെള്ളിയാഴ്ച അറിയിച്ചു. അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിക്കുന്ന ദുരന്തങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ ഈ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

“ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ ഇന്ത്യൻ വിദ്യാർത്ഥിയായിരുന്ന ഉമ സത്യസായി ഗദ്ദേയുടെ ദൗർഭാഗ്യകരമായ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു,” ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുകയാണെന്നും, വിദ്യാര്‍ത്ഥിയുടെ ഇന്ത്യയിലെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു.

“ഉമാ ഗദ്ദേയുടെ ഭൗതികാവശിഷ്ടങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതുൾപ്പെടെ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്,” കോൺസുലേറ്റ് പറഞ്ഞു.

2024 ൻ്റെ തുടക്കം മുതൽ, യുഎസിൽ ഇന്ത്യൻ, ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ മരണങ്ങള്‍ ഒരു തുടര്‍ക്കഥയാകുകയാണ്. ഇക്കാലയളവില്‍ അര ഡസൻ മരണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. ഇത് സമൂഹത്തില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ മാസം മിസൗറിയിലെ സെൻ്റ് ലൂയിസിൽ 34 കാരനായ ഇന്ത്യയിൽ നിന്നുള്ള പരിശീലനം ലഭിച്ച ക്ലാസിക്കൽ നർത്തകന്‍ അമർനാഥ് ഘോഷ് വെടിയേറ്റ് മരിച്ചിരുന്നു.

പർഡ്യൂ സർവകലാശാലയിലെ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിയായ 23 കാരനായ സമീർ കാമത്തിനെ ഫെബ്രുവരി 5 ന് ഇന്ത്യാനയിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഫെബ്രുവരി 2 ന്, വാഷിംഗ്ടണിലെ ഒരു റെസ്റ്റോറൻ്റിന് പുറത്ത് നടന്ന ആക്രമണത്തിനിടെ 41 കാരനായ ഇന്ത്യൻ വംശജനായ ഐടി എക്സിക്യൂട്ടീവ് വിവേക് ​​തനേജയ്ക്ക് ജീവന് ഭീഷണിയായ പരിക്കുകൾ ഏറ്റു.

ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും/വിദ്യാർത്ഥികൾക്കുമെതിരായ ആക്രമണ പരമ്പരകൾ വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിയിലെയും വിവിധ സ്ഥലങ്ങളിലെ കോൺസുലേറ്റുകളിലെയും ഉദ്യോഗസ്ഥരെ യുഎസിൽ ഉടനീളമുള്ള ഇന്ത്യൻ വിദ്യാർത്ഥികളുമായി വെർച്വൽ ആശയവിനിമയം നടത്താൻ പ്രേരിപ്പിച്ചു.

ചാർജ് ഡി അഫയേഴ്സ് അംബാസഡർ ശ്രീപ്രിയ രംഗനാഥൻ നയിച്ച പ്രസ്തുത ആശയവിനിമയത്തിൽ 150 ഇന്ത്യൻ സ്റ്റുഡൻ്റ് അസോസിയേഷൻ ഭാരവാഹികളും 90 യുഎസ് സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും പങ്കെടുത്തു.

അറ്റ്ലാൻ്റ, ഷിക്കാഗോ, ഹൂസ്റ്റൺ, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസൽ ജനറൽമാരും അതില്‍ പങ്കെടുത്തു.

Leave a Comment

More News