മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ എന്നിവർക്കെതിരെ കെസെടുക്കാന്‍ പോലീസിന് കോടതിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനു കുറുകെ തങ്ങളുടെ കാര്‍ നിര്‍ത്തി ഡ്രൈവര്‍ക്കു നേരെ അതിക്രമം കാണിച്ച തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് കെഎം സച്ചിൻദേവ് എംഎൽഎയ്‌ക്കുമെതിരെ കേസെടുക്കാന്‍ പോലീസിനോട് കോടതി. കെഎസ്ആർടിസി ഡ്രൈവർ യദുവിൻ്റെ ഹർജിയിലാണ് കേസ് എടുക്കാൻ കോടതി നിർദേശിച്ചത്. തുടർന്ന് ഇരുവര്‍ക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

തിങ്കളാഴ്ചയാണ് യദുവിൻ്റെ ഹർജി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ കൻ്റോൺമെൻ്റ് പോലീസിനോട് നിർദേശിച്ചത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും അനധികൃത തടങ്കലിൽ വെച്ചെന്നും ഹർജിയിൽ ഡ്രൈവർ ആരോപിച്ചു. ഇതിൻ്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

യദുവിന്റെ മൊഴിയെടുത്ത ശേഷമായിരിക്കും മേയറെയും എംഎല്‍എയെയും ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുകയെന്നാണ് സൂചന. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവും എംഎല്‍എയുമായ കെഎം സച്ചിന്‍ദേവ്, മേയറുടെ സഹോദരന്‍, സഹോദര ഭാര്യ, കണ്ടാലറിയാവുന്ന ഒരാള്‍ ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

നേരത്തേ ഗതാഗതം തടസ്സപ്പെടുത്തിയതിന് അഭിഭാഷകന്റെ ഹര്‍ജിയില്‍ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി മേയറും എംഎൽഎയും അടക്കമുള്ളവർക്കെതിരേ കേസെടുത്തിരുന്നു. അഭിഭാഷകന്‍ ബൈജു നോയല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിനിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.

കൻ്റോൺമെൻ്റ് പൊലീസ് ബൈജുവിൻ്റെ മൊഴി രേഖപ്പെടുത്തും. കൂടുതൽ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവസ്ഥലത്തുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞ ശേഷം സാക്ഷിമൊഴി രേഖപ്പെടുത്തും.

Leave a Comment

More News