സൗഹൃദമെല്ലാം നല്ല കാര്യം തന്നെ, പക്ഷെ മുല്ലപ്പെരിയാറില്‍ തൊട്ടു കളിക്കേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ: രാഷ്ട്രീയമായി നല്ല സുഹൃത്തുക്കളാണ് പിണറായി വിജയനും എംകെ സ്റ്റാലിനും. ആഗോള സാഹോദര്യവും മറ്റും പറയുമെങ്കിലും സ്വന്തം കാര്യം വരുമ്പോൾ അതിൽ ഒരു രാഷ്ട്രീയത്തിനും ഇടപെടാനാകില്ലെന്ന് വ്യക്തമാക്കുന്ന ചുവടുവയ്പുമായി മുന്നോട്ട് പോകുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.

തമിഴ്‌നാടിൻ്റെ അനുമതിയില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിലും ചിലന്തിയാറിലും ഒരു ഇഷ്ടികപോലും തൊടാൻ കേരളത്തെ അനുവദിക്കില്ലെന്ന പരാമർശമാണ് തമിഴ്‌നാട് സർക്കാർ ഇപ്പോള്‍ മുന്നോട് വെച്ചിരിക്കുന്നത്. തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിൻ്റെ നിർമ്മാണവുമായി കേരള സർക്കാർ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് ദുരൈമുരുകൻ്റെ പ്രതികരണം. ചിലന്തിയാറിൽ തടയണ നിർമിക്കുന്നതിനെതിരെ കർഷകരുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്.

ചിലന്തിയാറിൽ അണക്കെട്ട് നിർമിക്കുന്നതോടെ തമിഴ്‌നാട്ടിലേക്ക് വെള്ളം പോകുന്നത് കുറയുമെന്നാണ് തമിഴ്‌നാടിൻ്റെ വാദം. പുതിയ അണക്കെട്ടിനുള്ള കേരള നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. കേരളത്തിന്റെ നടപടികള്‍ കോടതിയലക്ഷ്യമാണെന്നും അതിൽ നിന്നും പിന്മാറണമെന്നും തമിഴ്‌നാട് സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടിൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ യുടെ കനിവിലാണ് സി പി എമ്മിന് അവിടെ സീറ്റ് കിട്ടിയിരിക്കുന്നത്.

പുതിയ അണക്കെട്ടിനായി പാരിസ്ഥിതിക അനുമതിക്കു കേരളം നീക്കം തുടങ്ങിയതാണ് സ്റ്റാലിനെ ചൊടിപ്പിച്ചത്. എന്തായാലും സാഹോദര്യവും സോഷ്യലിസവും ഒക്കെ ഇത്രയേ ഉള്ളൂ എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ഉയരുന്ന അഭിപ്രായം

Leave a Comment

More News