പുതിയ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെ പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാവും

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് ലോക്‌സഭാ സമ്മേളനത്തിന് തുടക്കമാവുന്നത്.

എംപിമാര്‍ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. പ്രോ ടേം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബ് ആണ് എംപിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. ബിജെപി എംപി ഭര്‍തൃഹരി രാവിലെ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന് മുന്നില്‍ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യും.

എംപിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. തുടര്‍ന്ന് കേന്ദ്ര മന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും സത്യപ്രതിജ്ഞ. 280 എംപിമാര്‍ ഇന്നും ബാക്കിയുള്ള 263 എംപിമാര്‍ നാളെയുമാണ് സത്യപ്രതിജ്ഞ ചെയ്യുക. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എംപി മാരും ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും.

ഓരോ സംസ്ഥാനങ്ങളുടെയും അക്ഷരമാല ക്രമത്തിലാകും സത്യപ്രതിജ്ഞ നടക്കുക. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞാല്‍ കേരളത്തിലെ എംപിമാരില്‍ ആദ്യം രാജ്‌മോഹന്‍ ഉണ്ണിത്താനും അവസാനം ശശി തരൂരുമാണ് സത്യപ്രതിജ്ഞ ചെയ്യുക. ബുധനാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്.

Leave a Comment

More News