‘ന്നാ താന്‍ കേസ് കൊട്’ (ലേഖനം): രാജു മൈലപ്ര

അങ്ങിനെ ഒരു ഫൊക്കാന കണ്‍വന്‍ഷന്‍ കൂടി കഴിഞ്ഞു. പ്രത്യേക അജണ്ടകളൊന്നുമില്ലാതെ ഇതില്‍ പങ്കെടുത്തവര്‍ക്ക്‌ മറക്കാനാവാത്ത അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി, കലയും, സാഹിത്യവും, സംഗീതവും, വിഭവസമൃദ്ധമായ സദ്യയും നല്‍കി ആഘോഷങ്ങള്‍ക്ക്‌ ആഹ്‌ളാദപരമായ പരിസമാപ്തിയായി. പഴയ സൗഹൃദങ്ങള്‍ പുതുക്കുവാനും, പുതിയ ബന്ധങ്ങള്‍ തുടങ്ങുവാനുമുള്ള അസുലഭ നിമിഷങ്ങള്‍ക്ക്‌ ഇതൊരു വേദിയായി.

ഫൊക്കാനാ വാഷിംഗ്ടണ്‍ കണ്‍വന്‍ഷന്‍ ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ നേതൃത്വം നല്‍കിയ ഡോ. ബാബു സ്റ്റീഫന്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വീറും, വാശിയും, ‘വൈരാഗ്യവും’ നിറഞ്ഞ ഒരു ഇലക്ഷനാണ്‌ ഇത്തവണ നടന്നത്‌. ജനറല്‍ ബോഡി യോഗം അലങ്കോലപ്പെടുത്തുവാന്‍ ഒരു കൂട്ടര്‍ കോപ്പുകൂട്ടുന്നു എന്ന വാര്‍ത്ത നേരത്തേ തന്നെ കേട്ടു തുടങ്ങിയിരുന്നു. അതു ശരിവെക്കുന്നതായിരുന്നു ചിലരുടെ തുടക്കത്തിലെ പ്രകടനം.

എന്നാല്‍, പ്രസിഡന്റ്‌ ഡോ. ബാബു സ്റ്റീഫന്‍ ശക്തമായ നിലപാട്‌ എടുത്തതോടെ മൂന്നു സ്ഥാനാര്‍ത്ഥികളുടേയും സമ്മതത്തോടെ ഇലക്ഷന്‍ നടന്നു.

സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള പാനലിലെ എല്ലാവരും ഏകദേശം ഇരുന്നൂറോറം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അഭിനന്ദനങ്ങള്‍!

എന്നാല്‍, ഇലക്ഷനില്‍ പരാജയപ്പെട്ടവര്‍, അത്‌ ഒരു ‘Sportsman Spirit’-ല്‍ അല്ല എടുത്തിരിക്കുന്നത്‌. പ്രസിഡന്റ്‌ തുടര്‍ച്ചയായി ഒരു ഏകാധിപതിയെപ്പോലെ പെരുമാറിയെന്നും, കമ്മിറ്റിയുടെ അഭിപ്രായങ്ങള്‍ക്ക്‌ യാതൊരു പരിഗണനയും നല്‍കിയിരുന്നില്ല എന്നുമാണ് പരാതി. ഇത്‌ ശരിയാണെങ്കില്‍ ഈ പ്രശ്‌നം നേരത്തെ തന്നെ ഉന്നയിച്ച്‌ അതു പരിഹരിക്കുവാന്‍ ‘ഫൊക്കാനാ’യില്‍ നിരവധി സംവിധാനങ്ങളുണ്ടായിരുന്നു. അതൊന്നും ചെയ്യാതെ നിയമനടപടികളുമായി മുന്നോട്ട്‌ പോകുവാനാണ്‌ തീരുമാനം എന്നറിയുന്നു.

ഇപ്പോള്‍ നടന്ന ഇലക്ഷന്‍ ക്യാന്‍സല്‍ ചെയ്തിട്ട്‌, പുതിയ തിരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ ആവശ്യം. കരയ്ക്കിരുന്ന്‌ കളി കാണുന്നവര്‍ക്ക്‌ ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍, പുച്ഛരസം കലര്‍ന്ന ഒരു ആനന്ദം തോന്നും. കോടതി വ്യവഹാരങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ചില ‘സാഡിസ്റ്റ്‌’ മനോഭാവക്കാരാണ്‌ ഇതിനെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ്‌ പിന്നാമ്പുറ വാര്‍ത്ത.

അഞ്ചു ലക്ഷത്തിലധികം വരുന്ന അമേരിക്കന്‍ മലയാളികളില്‍, അയ്യായിരത്തില്‍ താഴെ വരുന്ന ജനങ്ങള്‍ക്ക്‌ മാത്രമേ ഫൊക്കാന, ഫോമ എന്നീ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയുവാനുള്ള താത്പര്യമുള്ളൂ എന്നതാണ്‌ വസ്തുത. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സാകര്യമുണ്ടെങ്കില്‍ പങ്കെടുക്കുക എന്ന ഒരൊറ്റ പരിപാടി മാത്രമേ അവര്‍ക്കുള്ളൂ.

പിന്നീട്‌ ഈ സംഘടനകള്‍ എന്തു ചെയ്തു, എന്തു ചെയ്യുന്നു എന്നുള്ളതൊന്നും അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഒരു പ്രശ്നമേയല്ല. അവരുടെ ദൈനംദിന ജീവിതത്തില്‍ മറ്റ്‌ എന്തെല്ലാം ഉത്തരവാദിത്വപ്പെട്ട കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാനുണ്ട്‌. അതിനിടയിലാണ്‌ ഒരു ഫൊക്കാനയും, ഫോമയും എന്നും പറഞ്ഞ്‌ കുറെ കൂട്ടര്‍ ഉറഞ്ഞു തുള്ളി നടക്കുന്നത്‌.

ഇനി കോടതി വ്യവഹാരം. ‘ഒരു വാശിക്ക്‌ എടുത്തു ചാടിയാല്‍, പത്തു വാശിക്ക്‌ തിരികെ കയറുവാന്‍ പറ്റുകയില്ല’ . കോടതി മുറിയില്‍ കയറി പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത്‌ അത്ര സുഖമുള്ള ഒരു ഏര്‍പ്പാടല്ല എന്ന്‌ അനുഭവ വെളിച്ചത്തില്‍ നിന്നുമറിയാം. നിനച്ചിരിക്കാത്ത നേരത്തായിരിക്കും ഒട്ടും പ്രതീക്ഷിത്താതെ ഒരു ഇണ്ടാസ്‌ എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നും വരുന്നത്‌. അഭിഭാഷകര്‍ക്ക്‌ മുന്‍‌കൂറായിത്തന്നെ നല്ലൊരു തുക കൊടുക്കണം. പിന്നെ ഓരോ പ്രാവശ്യവും കോടതിയില്‍ ഹാജരാകുന്നതിന്
പ്രത്യേകം കൊടുക്കണം.

വിജയപരാജയങ്ങള്‍ ആര്‍ക്കായാലും, ഇതില്‍ ഉള്‍പ്പെടുന്നവര്‍ക്കെല്ലാം ധനനഷ്ടവും, മാനഹാനിയും, കുടുംബ കലഹവും ഫലം.

ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പ്‌ അസാധുവാക്കി, പുതിയൊരെണ്ണം നടത്തിയാല്‍ തന്നെ, തോറ്റവർ ജയിക്കുമെന്നതിന്‌ എന്താണ്‌ ഉറപ്പ്‌? ജയിച്ചാല്‍ തന്നെ, ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ടീമിനേക്കാള്‍ എന്തു കോപ്പാണ്‌ അമേരിക്കന്‍ മലയാളികള്‍ക്ക്‌ നിങ്ങള്‍ നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്‌?

പിന്നെ, നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ ഈ പ്രസിഡന്റ്‌ പദവിയൊന്നും അത്ര വലിയ ആനക്കാര്യമല്ല. പ്രസിഡന്റാണെന്ന്‌ നെറ്റിയില്‍ എഴുതി ഒട്ടിച്ചുകൊണ്ട്‌, കൈയിലെ കാശും മുടക്കി നേരാപാരാ നടക്കാം. വല്ല ഓണത്തിനോ ശങ്കരാന്തിക്കോ പത്തുപേരുടെ കൂട്ടത്തില്‍ നിന്ന്‌ ഒരു തിരി കൊളുത്തി പത്രത്തില്‍ പടമടിച്ചു വരുത്താം, അത്ര തന്നെ! പകല്‍ രാജാവായി വാണരുളുന്ന സൂര്യന്റെ പ്രതാപം സന്ധ്യവരെ മാത്രം!

ഒന്നാലോചിച്ചു നോക്കൂ… എത്രയോ പേര്‍ ഈ പ്രസിഡന്റ്‌ പദവി അലങ്കരിച്ചിരിക്കുന്നു. അതില്‍ എത്ര പേരേ ഇന്നു നിങ്ങള്‍ക്ക്‌ അറിയാം? ഏതെങ്കിലും സെക്രട്ടറിയേയോ, ട്രഷററേയോ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?

ഇത്രയോ ഉള്ളൂ ഈ പദവിയുടെ മാഹാത്മ്യം. അതുകൊണ്ട്‌, കേസിനും വഴക്കിനുമൊന്നും പോകാതെ, ‘കത്തി താഴെ ഇടെടാ… നിന്റെ അച്ഛനാണ്‌ പറയുന്നത്‌”

കണ്ണുള്ളവര്‍ കാണട്ടെ?!
ചെവിയുള്ളവര്‍ കേള്‍ക്കട്ടെ!

വിജയപ്രദമായ ഒരു കണ്‍വന്‍ഷന്‍ നടത്തിയ ഡോ. ബാബു സ്റ്റീഫനും ടീമിനും അഭിനന്ദനങ്ങള്‍!

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. സജിമോന്‍ ആന്റണിക്കും ടീമിനും ആശംസകള്‍!

One Thought to “‘ന്നാ താന്‍ കേസ് കൊട്’ (ലേഖനം): രാജു മൈലപ്ര”

  1. വറുഗീസ് മാത്യു

    ശ്രീ രാജു മൈലപ്ര ഒരു സാറ്റൈറിലൂടെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചതെങ്കിലും, ഫൊക്കാന കണ്‍‌വന്‍ഷന്‍ തിരഞ്ഞെടുപ്പില്‍ നടന്നത് കുതിരക്കച്ചവടം തന്നെയാണെന്ന് ബഹുഭൂരിപക്ഷം പേരും പറയുന്നു. കാലുവാരിയും കൈക്കൂലി കൊടുത്തും വോട്ടേഴ്സ് ലിസ്റ്റില്‍ തിരിമറി നടത്തിയുമാണ് പുതിയ നേതൃത്വമെന്ന് വീമ്പിളക്കുന്നവര്‍ വിജയിച്ചതെന്നാണ് പിന്നാമ്പുറ സംസാരം. പരാജയപ്പെട്ടവരോട് ചോദിച്ചാല്‍ അവര്‍ പറയും ഫൊക്കാനയില്‍ നടന്ന എല്ലാ കള്ളക്കളികളും.

Leave a Comment

More News