ഫിലഡല്‍ഫിയയില്‍ ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഒക്ടോബര്‍ 19 ന്; ബിഷപ് ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യാതിഥി

ഫിലഡല്‍ഫിയ: മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളി കത്തോലിക്കര്‍ക്കു മാതൃകയായി സേവനത്തിന്‍റെ 46 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിശാല ഫിലഡല്‍ഫിയ റീജിയണിലെ കേരള കത്തോലിക്കരുടെ സ്നേഹ കൂട്ടായ്മയായ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (ഐ.എ.സി.എ.) ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

ഒക്ടോബര്‍ 19 ശനിയാഴ്ച്ചയാണു “ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍, ഒരു കുടക്കീഴില്‍” എന്ന ആപ്തവാക്യത്തിലൂന്നി ഇന്ത്യന്‍ കത്തോലിക്കരുടെ പൈതൃക ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. വൈകുന്നേരം നാലു മണി മുതല്‍ ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഇടുക്കി സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ദിവ്യബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. അന്നേദിവസം നാലു മണിക്ക് അഭിവന്ദ്യ ബിഷപ്പിന്‍റെ മുഖ്യ കാര്‍മ്മികത്വത്തിലും, ഐ. എ. സി. എ. കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാര്‍മ്മികത്വത്തിലും കൃതഞ്ജതാ ബലിയര്‍പ്പണം നടക്കും.

ഐ.എ.സി.എ. ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, ഡയറക്ടര്‍മാരായ സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ലിജോ കൊച്ചുപറമ്പില്‍, സെന്‍റ് ജൂഡ് സീറോ മലങ്കര പള്ളി വികാരി റവ. ഫാ. ബാബു മഠത്തില്‍പറമ്പില്‍, ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ലെനിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ബിഷപ്പിനൊപ്പം ദിവ്യബലിയില്‍ സഹകാര്‍മ്മികരാവും.

വിശിഷ്ടാതിഥികള്‍ക്കു താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെയുള്ള സ്വീകരണ ഘോഷയാത്ര, കൃതഞ്ജതാ ബലിയര്‍പ്പണം, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവയാണു ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്. ഇന്ത്യന്‍ കത്തോലിക്കരുടെ ശ്രേഷ്ഠമായ പൈതൃകവും, പാരമ്പര്യങ്ങളും പ്രവാസ നാട്ടിലും അഭംഗുരം കാത്തു സൂക്ഷിക്കുന്ന സീറോ മലബാര്‍, സീറോ മലങ്കര, ക്നാനായ, ലത്തീന്‍ കത്തോലിക്കര്‍ എന്നിവര്‍ ഒരേ കുടക്കീഴില്‍ അണിനിരന്ന് ഒന്നിച്ചര്‍പ്പിക്കുന്ന ദിവ്യ ബലിയിലേക്കും, തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം, കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവയിലേക്കും എല്ലാ മലയാളികളെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

ഫിലഡല്‍‌ഫിയയിലെ പ്രശസ്ത ഡാന്‍സ് സ്കൂളുകള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, ഐ. എ. സി. എ. യിലെ അംഗ ദേവാലയങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ കാണികള്‍ക്കു കണ്‍കുളിര്‍ക്കെ ആസ്വദിക്കുന്നതിനുള്ള വക നല്‍കും.

ഐ.എ.സി.എ. പ്രസിഡന്‍റ് അനീഷ് ജയിംസ്, വൈസ് പ്രസിഡന്‍റ് തോമസ് സൈമണ്‍, യൂത്ത് വൈസ് പ്രസിഡന്‍റ് ജോസഫ് എള്ളിക്കല്‍, ജനറല്‍ സെക്രട്ടറി സ്വപ്ന സജി സെബാസ്റ്റ്യന്‍, ജോ. സെക്രട്ടറി ജോഷ്വ ജേക്കബ്, ട്രഷറര്‍ നെഡ് ദാസ്, ജോ. ട്രഷറര്‍ സണ്ണി പടയാറ്റില്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ചാര്‍ലി ചിറയത്ത്, അലക്സ് ജോണ്‍, ജോസ് മാളേയ്ക്കല്‍, മെര്‍ലിന്‍ അഗസ്റ്റിന്‍, ഓസ്റ്റിന്‍ ജോണ്‍, ജോര്‍ജ് പനക്കല്‍, ഫിലിപ്പ് ജോണ്‍ (ബിജു), ജോസഫ് മാണി, തോമസ് നെടുമാക്കല്‍, ജോസ് ജോസഫ്, ബിജു സക്കറിയ, ഫിലിപ്പ് എടത്തില്‍, റോമിയോ ഗ്രിഗറി എന്നിവര്‍ ആഘോഷപരിപാടികളുടെ വിജയത്തിനായി പരിശ്രമിക്കുന്നു.

Leave a Comment

More News