എന്റെ നീലാകാശം (കവിത): ജയന്‍ വര്‍ഗീസ്

ചിരപുരാതനമായ
ഏതൊരു കാൻവാസിനോടാണ്
ഞാൻ ആകാശത്തെ
ഉപമിക്കേണ്ടത്?

സൂപ്പർ ജറ്റുകൾ
ഉഴുതു മറിക്കുമ്പോൾ,
അതിന്റെ മാറിൽ നിന്ന്
വെളുത്ത ചോരയൊലിക്കുന്നത്
ഞാൻ കാണുന്നു!

ഹുങ്കാരവത്തോടെ
കുതിച്ചുയരുന്ന
ഭൂഖണ്ഡാന്തര
മിസ്സൈലുകളിൽ നിന്ന്,
കറുകറുത്ത പുകത്തൂണിൽ വിടരുന്ന
മഷ്‌റൂൺ തലപ്പുകളെയോർത്തു
ഞാൻ നടുങ്ങുന്നു!
മുലപ്പാൽ മണക്കുന്ന

അതിശുഭ്രതയിൽ നിന്ന്
മസൂരിയുടെയും, പ്ളേഗിന്റെയും,
ആന്ത്രാക്സിന്റെയും, എയിഡ്‌സിന്റെയും
ജൈവാണുക്കൾ
പറന്നിറങ്ങുന്നതു കണ്ട്
ഞാൻ കരയുന്നു!

ചിരപുരാതനമായ
നറും വിശുദ്ധിയോടെ
എന്നാണിനി
എന്റെ നീലാകാശം
എനിക്ക് സ്വന്തമാവുക?

 

Leave a Comment

More News