ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു; ആളപായമില്ല; അഞ്ച് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. എരുമേലി അട്ടിവളവിൽ ആണ് സംഭവം. അപകടത്തിൽ അ‍ഞ്ച് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. 22 തീർഥാടകാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ എരുമേലി ​ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ​ഗുരുതരമല്ല. പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശികളായ അയ്യപ്പഭക്തരാണ് മിനി ബസിലുണ്ടായിരുന്നത്. മോട്ടര്‍ വാഹന വകുപ്പിന്റെ പട്രോളിങ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മുൻപും ഇവിടെ അപകടങ്ങളുണ്ടായിട്ടുണ്ട്.

അതേസമയം, ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാ സ്വദേശി മുരുകാചാരി (41) ആണ് മരിച്ചത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പമ്പാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് 5 മണിക്കാണ് സംഭവം ഉണ്ടായത്.

ശബരിമല സന്നിധാനത്തേക്ക് തീര്‍ഥാടക പ്രവാഹമാണ്. നവംബര്‍ മാസത്തെ വെര്‍ച്വല്‍ ബുക്കിങ് സ്ലോട്ടുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. ഇതുവരെ ഒന്നേകാല്‍ ലക്ഷത്തിലധികം തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്. കഴിഞ്ഞ മണ്ഡലകാലങ്ങളില്‍ വൃശ്ചികം പന്ത്രണ്ടിന് ശേഷമാണ് സന്നിധാനത്ത് തിരക്കേറിയിരുന്നതെങ്കില്‍ ഇക്കുറി ഓണ്‍ലൈന്‍ ബുക്കിങ് കൂടുതല്‍ കടുപ്പിച്ചതോടെ ആദ്യം ദിവസം മുതല്‍ 70,000 സ്ലോട്ടുകളും നിറഞ്ഞു.

Leave a Comment

More News