പ്രശസ്ത സംഗീത സം‌വിധായകന്‍ എ.ആര്‍. റഹ്‌മാനും ഭാര്യയും വേര്‍പിരിയുന്നു!

പ്രശസ്ത സംഗീത സം‌വിധായകനും ഗായകനുമായ എ ആര്‍ റഹ്‌മാന്റെയും ഭാര്യ സൈറയുടെയും വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് എ.ആര്‍. റഹ്‌മാന്‍. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും അദൃശ്യമായ ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. ഈ തകർച്ചയിൽ, ഞങ്ങൾ ഇതിന് അര്‍ഥം തേടുകയാണ്. ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്‌ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’, എന്നായിരുന്നു റഹ്‌മാന്റെ കുറിപ്പ്.

കഴിഞ്ഞദിവസമാണ് എ.ആര്‍. റഹ്‌മാനും ഭാര്യ സൈറയും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്.29 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. ഏറെ വിഷമത്തോടെ എടുത്ത തീരുമാനമാണ് എന്നും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ അധ്യായത്തിലൂടെ ആണ് കടന്ന് പോകുന്നത് എന്നും ഈ അവസരത്തിൽ സ്വകാര്യത മാനിക്കണം എന്നും സൈറ അഭ്യർഥിച്ചിരുന്നു.

വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ട് മക്കള്‍ പ്രതികരിച്ചിരുന്നു. ഇരുവരുടെയും പെണ്‍മക്കളായ ഖദീജ, റഹീമ, മകന്‍ അമീന്‍ എന്നിവര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് മകനും ഗായകനുമായ എആര്‍ അമീന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

1995 മാര്‍ച്ച് 12ന് ചെന്നൈയില്‍ വച്ചായിരുന്നു എആര്‍ റഹ്‌മാന്‍ സൈറ വിവാഹം. അന്ന് റഹ്‌മാന് 27 വയസ്സും സൈറയ്‌ക്ക് 21 വയസ്സുമായിരുന്നു പ്രായം.

1995 ജനുവരി ആറിനാണ് എആര്‍ റഹ്‌മാന്‍ സൈറയെ ആദ്യ കാണുന്നത്. അന്ന് റഹ്‌മാന്‍റെ 28-ാം ജന്‍മദിനമായിരുന്നു. ഇതിനെ കുറിച്ചുള്ള എആര്‍ റഹ്‌മാന്‍റെ വാക്കുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. “അന്ന് അതൊരു ദീര്‍ഘ സംഭാഷണം ആയിരുന്നു. പിന്നീട് ഞങ്ങള്‍ ഫോണില്‍ ചാറ്റ് ചെയ്‌തു. അവള്‍ കച്ചിയും ഇംഗ്ലീഷുമാണ് സംസാരിച്ചിരുന്നത്. എന്നെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടോയെന്ന് ഞാന്‍ ഇംഗ്ലീഷിലാണ് ചോദിച്ചത്,”എആര്‍ റഹ്‌മാന്‍ പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ കുടുംബവും ഗജറാത്തി പശ്ചാത്തലവുമുള്ള സൈറയുമായി ഒത്തുപോയതിന്‍റെ കഥയും റഹ്‌മാന്‍ പറഞ്ഞിരുന്നു. “ഏതൊരു കുടുംബത്തെയും പോലെ പുതുതായി വരുന്ന ഒരാളുമായി പൊരുത്തപ്പെടാന്‍ കുടുംബത്തിന് അല്‍പ്പം സമയം എടുത്തു. എല്ലാ അമ്മമാരെയും പോലെ എന്‍റെ അമ്മയും പൊസസീവ് ആയിരുന്നു. കൂടാതെ ഞങ്ങളുടേത് ഒരു കൂട്ടുകുടുംബം ആയിരുന്നു. അക്കാലത്ത് ഒരുപാട് അഡ്‌ജസ്‌റ്റ്മെന്‍റുകള്‍ ആവശ്യമായിരുന്നു. 1995ല്‍ ഞങ്ങളുടെ മൂത്ത കുട്ടി ഖദീജയുടെ ജനന ശേഷം എല്ലാ കാര്യവും നല്ല രീതിയിലായി,” റഹ്‌മാന്‍ പറഞ്ഞു.

Leave a Comment

More News