കോതമംഗലം ഉരുളന്‍‌തണ്ണിയില്‍ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

കോതമംഗലം ഉരുളന്‍‌തണ്ണിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ക്ലാച്ചേരി കോടിയാട്ട് സ്വദേശി എൽദോസാണ് മരിച്ചത്. ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം ആന കാട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്.

എൽദോസിനൊപ്പമുണ്ടായിരുന്നയാൾ തലനാരിയിലേക്ക് രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പ്രദേശത്തെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. പതിവായി ആളുകള്‍ നടക്കുന്ന വഴിയിലായിരുന്നു ആക്രമണമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. സംഭവം നടന്നയുടൻ പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ആക്രമണം രൂക്ഷമായതോടെ, വനാതിര്‍ത്തിയില്‍ വേലി സ്ഥാപിക്കണം എന്നത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. എന്നാല്‍, വനം വകുപ്പ് ഇത് അവഗണിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന് അരകിലോമീറ്റര്‍ അകലെയാണ് കാട്ടാന ആക്രമണത്തില്‍ യുവാവിന് ജീവന്‍ നഷ്ടമായത്. മരിച്ച എല്‍ദോസിന് മുമ്പ് ഇതുവഴി പോയ ആള്‍, ഫോറസ്റ്റ് സ്റ്റേഷനിലെത്തി കാട്ടാന ഇറങ്ങിയ കാര്യം അറിയിച്ചിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നാലെ ഇതുവഴി പോയ എല്‍ദോസിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം മാറ്റാന്‍ വാഹനം ആവശ്യപ്പെട്ടപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഡീസലില്ലെന്ന് പറഞ്ഞൊഴിഞ്ഞെന്നും നാട്ടുകാര്‍ ആരോപിച്ചു.

നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെ വഴിവിളക്ക് ഉടന്‍ സ്ഥാപിക്കുമെന്ന് കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. നഷ്ടപരിഹാരമുള്‍പ്പെടെ വ്യക്തമായ ഉറപ്പ് ലഭിച്ചാലെ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.

സോളാര്‍ വേലി സ്ഥാപിക്കാനുള്ള നടപടികള്‍ നേരത്തേ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും മൂന്നുകിലോമീറ്ററോളം ഇത് പൂര്‍ത്തിയായെന്നുമാണ് വനംവകുപ്പ് അറിയിക്കുന്നത്. 12 കിലോമീറ്ററാണ് വേലി സ്ഥാപിക്കുക. നഷ്ടപരിഹാരം നല്‍കുന്നതില്‍ തടസങ്ങളൊന്നുമില്ലെന്ന നിലപാട് കുടുംബത്തെ അറിയിക്കും. എല്‍ദോസിന്റെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന ആവശ്യവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.

Leave a Comment

More News