പത്തനംതിട്ട: ഇടവമാസ പൂജയ്ക്കായി രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്ദർശിക്കില്ലെന്ന് രാഷ്ട്രപതി ഭവൻ സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ ഓഫീസറെ അറിയിച്ചു. വരും മാസങ്ങളിൽ ഏതൊക്കെ ദിവസങ്ങളിലാണ് നട തുറക്കുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ രാഷ്ട്രപതി ഭവൻ ചോദിച്ചു. അടുത്ത മണ്ഡലകാല തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് രാഷ്ട്രപതി ശബരിമല സന്ദർശിച്ചേക്കുമെന്ന് സൂചനയുണ്ട്.
ഈ മാസം 18, 19 തീയതികളിൽ ഇരുമുടിക്കെട്ടുമായി രാഷ്ട്രപതി ശബരിമല സന്ദർശിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് സന്നിധാനത്തും പമ്പയിലും ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യ-പാക്കിസ്താന്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം മാറ്റിവച്ചത്. സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതിനാൽ ഈ മാസം 19 ന് രാഷ്ട്രപതി എത്തുമെന്ന് ഇന്നലെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍, അവർ വരുന്നില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തെത്തുടർന്നാണ് അഭ്യൂഹങ്ങൾ അവസാനിച്ചത്.
ഇടവ മാസ പൂജയ്ക്കായി ഇന്ന് വൈകുന്നേരം 4 മണിക്ക് ശബരിമല ക്ഷേത്രം തുറക്കും. 19 ന് രാത്രി 10 മണിക്ക് അടയ്ക്കും.
