തായ്ഫ് (സൗദി അറേബ്യ ): അന്തർദ്ദേശിയ നഴ്സസ് ദിനാചരണത്തിൽ ഇന്ത്യയുടെ ദേശിയ പതാകയുമായി മലയാളി നഴ്സ്. 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ അൽ- ഖുർമ ഹോസ്പിറ്റൽ നഴ്സിംഗ് ഡയറക്ടർ ജിജി ജോസഫിന് അവസരം ലഭിച്ചത്. ദേശിയ പതാകയുമായി വേദിയിലേക്ക് കയറിയ ജിജി ജോസഫിനെ കരഘോഷത്തോടെയാണ് ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവർത്തകർ അഭിവാദ്യം ചെയ്തത്. മിനിസ്ട്രി ഓഫ് ഹെൽത്തിൽ രണ്ട് പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന ജിജി ജോസഫിനെ ആദ്യമായിട്ടാണ് ഈ അവസരം തേടിയെത്തിയത്.
വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള നഴ്‌സുമാർക്കിടയിൽ ഐക്യത്തിന്റെയും സഹകരണത്തിന്റെയും ബോധം വളർത്തിയെടുക്കാൻ കഴിയണമെന്നും, ആരോഗ്യ പരിരക്ഷാ സംവിധാനത്തിൽ നഴ്സുമാരുടെ സ്ഥാനം മുൻപന്തിയിലാണെന്നും മികവിനെ വിലമതിക്കുകയും സമർപ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നത് ആരോഗ്യ പ്രവർത്തകർക്കിടയിൽ പ്രോത്സാഹനവും ആത്മ വിശ്വാസവും വർദ്ധിപ്പിക്കുമെന്നും ആഗോള തലത്തിൽ ഇന്ത്യൻ നഴ്സുമാരുടെ അർപ്പണ മനോഭാവമുളള പ്രവർത്തനങ്ങൾ അംഗികരിക്കപ്പെട്ടതായും ജിജി ജോസഫ് പറഞ്ഞു. ചടങ്ങിൽ അനുമോദന പത്രം അധികൃതര്‍ ജിജി ജോസഫിന് കൈമാറി.
എടത്വ കട്ടപ്പുറം പരേതരായ ജോസഫ് ഫ്രാൻസിസ് ബ്രിജിത്താമ ജോസഫ് ദമ്പതികളുടെ മകളും ഐക്യ രാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടി ക്കുളയുടെ സഹധർമ്മിണിയും ആണ്.