എസ്ബി-അസംപ്ഷന്‍ അലുംമ്‌നി ത്രൈമാസ ന്യൂസ് ലെറ്റര്‍ പ്രകാശനം മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും

ചിക്കാഗോ: എസ്ബി-അസംപ്ഷന്‍ അലുംമ്‌നി അസോസിയേഷന്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങുന്ന ത്രൈമാസ ന്യൂസ് ലെറ്ററിന്റെ പ്രകാശന ഉത്ഘാടനം ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും.

എസ്ബി കോളേജ് ശതാബ്ദിയോടനുബന്ധിച്ചു ചിക്കാഗോ എസ്ബി-അസംപ്ഷന്‍ അലുംനി അസോസിയേഷന്‍ ചിക്കാഗോയില്‍ നിന്ന് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഈ സ്വപ്നപദ്ധതിയുടെ പ്രഥമപതിപ്പ് മെയ് 15 ഞായര്‍ വൈകുന്നേരം എട്ടുമണിക്ക് കൂടുന്ന സൂം മീറ്റിംഗില്‍ അഭിവന്ദ്യ ബിഷപ് പ്രകാശനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും.

തദവസരത്തില്‍ എസ്ബി കോളേജ് മുന്‍പ്രിന്‍സിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ. ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍ ആമുഖ പ്രഭാഷണം നടത്തും. എസ്ബി കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. റെജി പ്ലാത്തോട്ടം, അസെംപ്ഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനിത ജോസ്,ചിക്കാഗോ രൂപതയുടെ പ്രൊക്കുറേറ്ററും എസ്ബി അലുമ്നിയുമായ റവ. ഫാ. കുര്യന്‍ നെടുവിലെചാലുങ്കല്‍, അലുംനി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ്, ന്യൂസ് ലെറ്റര്‍ എസ്സിക്യൂട്ടീവ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ചെറിയാന്‍ മാടപ്പാട് എന്നിവര്‍ പ്രസംഗിക്കും. അസോസിയേഷന്‍ സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പറയും.

ചിക്കാഗോയിലെ എസ് ബി അസംപ്ഷന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കോളേജുകളുമായുള്ള ബന്ധങ്ങള്‍ ശാക്തീകരിക്കാനുള്ള ചിക്കാഗോ അലുംനി ചാപ്റ്ററിന്റെ ഈ കര്‍മ്മപരിപാടിയില്‍ എല്ലാ എസ് ബി അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസും മറ്റു ഭാരവാഹികളും അഭ്യര്‍ത്ഥിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News