കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ

കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ, ജ്യേഷ്ഠ സഹോദരന് തന്റെ നാലു സഹോദരിമാരോടുള്ള വാത്സല്യത്തിന്റെ, കരുതലിന്റെ കഥ

കൊച്ചി, ഏപ്രിൽ 14 2026: പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ വ്യത്യസ്തമായ ഒരു പുതിയ കുടുംബ പരമ്പര പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്. ‘വല്ല്യേട്ടൻ ‘എന്ന ഈ പുതിയ പരമ്പര ഒരു ജ്യേഷ്ഠ സഹോദരനും തന്റെ നാലു സഹോദരിമാരും തമ്മിലുള്ള ആത്മബന്ധത്തെ ആസ്പദമാക്കി ഒരുങ്ങുന്ന വികാര നിർഭരമായ കഥയാണ്. മലയാളം ടെലിവിഷനിൽ ഇത് വരെ കാണാത്തവിധത്തിലുള്ള പ്രത്യേകതകളോടെ ആണ് പുതിയ പരമ്പര എത്തുന്നത്.

കേരളത്തിന്റെ തനിമയാർന്ന സാംസ്കാരിക മൂല്യങ്ങളിലും കുടുംബ പാരമ്പര്യത്തിലും അധിഷ്ഠിതമായ ‘വല്ല്യേട്ടൻ’, സീ കേരളത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വൈകാരിക പരമ്പരയായിരിക്കും. നിരുപാധികമായ സ്നേഹം, ത്യാഗം, ഉത്തരവാദിത്തം എന്നിവ ഉയർത്തിപ്പിടിക്കുന്ന ഈ പരമ്പരയിൽ , തന്റെ സഹോദരിമാരുടെ ജീവിതയാത്രയിൽ അവർക്ക് കരുത്തും തണലുമായി നിൽക്കുന്ന ജ്യേഷ്ഠനെയാണ് അവതരിപ്പിക്കുന്നത്.

സ്വന്തം സ്വപ്നങ്ങൾ മാറ്റിവെച്ച് സഹോദരിമാരുടെ ക്ഷേമത്തിനായി ജീവിക്കുന്ന ‘വല്ല്യേട്ടൻ’ ആണ് കഥയുടെ കേന്ദ്രബിന്ദു.

വല്യേട്ടന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തും കരുത്തുറ്റ കഥാപാത്രവുമായ ഡോക്ടർ പാർവ്വതി, കഥയ്ക്ക് കൂടുതൽ വൈകാരികമായ ആഴം നൽകുന്നു. കടമകൾക്കും ത്യാഗങ്ങൾക്കുമിടയിൽ പാർവ്വതിയോടുള്ള വല്ല്യേട്ടന്റെ പറയാത്ത പ്രണയം ഈ കുടുംബകഥയ്ക്ക് മനോഹരമായ ഒരു പ്രണയച്ഛായയും നൽകുന്നുണ്ട്.

പൊതു സമൂഹം ഉയർത്തുന്ന പ്രതീക്ഷകൾ, വ്യക്തിപരമായ ആഗ്രഹങ്ങൾ, ബന്ധങ്ങളിലെ സംഘർഷങ്ങൾ എന്നിവയെ അതിജീവിക്കാൻ ശ്രമിക്കുന്ന നാലു സഹോദരിമാരും പല ഘട്ടങ്ങളിലായി വിവിധ വെല്ലുവിളികൾ നേരിടുമ്പോൾ, വല്യേട്ടൻ അവർക്കു പിന്നിൽ ശക്തമായ സാന്നിദ്ധ്യമായി അവർക്ക് പിന്തുണയുമായി നിലകൊള്ളുന്നു. അതേ സമയം, സങ്കീർണ്ണമായ കുടുംബ വ്യവസ്ഥയിൽ വല്ല്യേട്ടനും തന്റെ സ്വന്തം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്.

മലയാളം ടെലിവിഷൻ പരമ്പരകളിൽ അപൂർവ്വമായി കാണാവുന്ന ‘വല്ല്യേട്ടൻ ’ എന്ന ഈ കഥയിലൂടെ സീ കേരളം കുടുംബ ബന്ധങ്ങളുടെ നിർവ്വചനം പുതുക്കി അവതരിപ്പിക്കുകയാണ്. സഹോദര സഹോദരി ബന്ധത്തെ കേന്ദ്രീകരിച്ച് പ്രേക്ഷകർക്ക് പുതുമയാർന്നതും വികാര നിർഭരവുമായ അനുഭവം പ്രദാനം ചെയ്യുക എന്നതാണ് ഈ പരമ്പരയുടെ ലക്ഷ്യം.

ഗിരി എന്ന വല്ല്യേട്ടനായി ജയകൃഷ്ണൻ വേഷമിടുമ്പോൾ, വീണയാണ് പാർവതിയായി എത്തുന്നത്. രഞ്ജിത മുകുന്ദൻ (രത്ന), ഹണി (രശ്മി ), അലീന സാജൻ (റാണി), വൈഗ (കുഞ്ഞി രഞ്ജിനി) എന്നിവരാണ് വല്ല്യേട്ടന്റെ സഹോദരിമാർ ആകുന്നത്.

‘വല്ല്യേട്ടൻ ’ ഏപ്രിൽ 20 മുതൽ എല്ലാ ദിവസവും വൈകുന്നേരം 7.30 ന് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യും. നിലവിൽ ആ സമയത്തു സംപ്രേക്ഷണം ചെയ്തു വരുന്ന ‘കുടുംബശ്രീ ശാരദ’ ഏപ്രിൽ 20 മുതൽ വൈകുന്നേരം 7 മണിയിലേക്ക് മാറും. മറ്റൊരു പരമ്പരയായ ‘അകലെ ’ 6.30 ലേക്കും മാറും.

Promo: https://www.facebook.com/reel/1647669766373559

Leave a Comment

More News