ട്രംപും ഹാർവാർഡും തമ്മിലുള്ള യുദ്ധത്തിന് ഞങ്ങളെ കരുവാക്കുകയാണെന്ന് ജൂത വിദ്യാര്‍ത്ഥികള്‍

ബോസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ വിദ്യാഭ്യാസ സ്ഥാപനമായ ഹാര്‍‌വാര്‍ഡ് സര്‍‌വ്വകലാശാലയും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സർക്കാരിനും ഇടയിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രശ്നങ്ങളാണ് ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഹാര്‍‌വാര്‍ഡില്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾ ട്രംപിന്റെ തീരുമാനത്തിൽ ഭയപ്പെട്ടിരിക്കുകയാണിപ്പോള്‍. അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള ഹാർവാർഡ് സർവകലാശാലയുടെ അവകാശം ട്രംപ് ഭരണകൂടം റദ്ദാക്കിയതാണ് ഇതിനു കാരണം. ട്രംപ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തിന് കോടതി ഇപ്പോൾ സ്റ്റേ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിലാണ്.

ലിയോ ഗെർഡൻ എന്ന വിദ്യാര്‍ത്ഥി സ്വീഡനിൽ നിന്ന് ഹാർവാർഡിൽ പഠിക്കാൻ വന്നതാണ്. അടുത്ത ആഴ്ച ബിരുദം നേടാനിരിക്കെയാണ് ട്രം‌പിന്റെ ഉത്തരവ്. “വൈറ്റ് ഹൗസും ഹാർവാർഡും തമ്മിലുള്ള യുദ്ധത്തിൽ ഞങ്ങളെ ‘പോക്കർ ചിപ്പുകളായി ഉപയോഗിക്കുന്നു എന്നും, അത് വളരെ മനുഷ്യത്വരഹിതമാണെന്ന് തോന്നുന്നു” എന്നും ലിയോ മാധ്യമങ്ങളോട് പറഞ്ഞു. ഹാർവാർഡ് സർവകലാശാലയുടെ കാമ്പസിൽ സുരക്ഷിതമല്ലാത്ത ഒരു സംസ്കാരം നിലനിർത്തുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. ജൂത ജനതയോട് അന്യായമായി പെരുമാറുന്നു എന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ക്യാമ്പസ് പ്രോഗ്രാമുകൾ, സ്റ്റാഫ് റിക്രൂട്ട്മെന്റ്, വിദ്യാർത്ഥി പ്രവേശനം എന്നിവയുടെ കാര്യത്തിൽ സർവകലാശാലകളുടെ പ്രവർത്തന രീതിയിൽ മാറ്റം വരുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.

അതേസമയം, ഹാർവാർഡിനെതിരെ ആക്രമണം നടത്താനും വലിയൊരു പോരാട്ടം മുന്നോട്ട് കൊണ്ടുപോകാനും ട്രം‌പ് ജൂത വിദ്യാർത്ഥികളെ ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്നാണ് ഒരു പോസ്റ്റ്ഡോക്ടറൽ ഇസ്രായേലി വിദ്യാർത്ഥി പറയുന്നത്. ജൂത വിദ്യാർത്ഥികളെ കരുക്കളായി ഉപയോഗിക്കുകയാണെന്നും ആ വിദ്യാര്‍ത്ഥി പറഞ്ഞു. ജൂത, ഇസ്രായേലി വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ച് ആത്മാർത്ഥമായി ചിന്തിക്കുന്നതിനു പകരം, ഗവൺമെന്റിന്റെ വീക്ഷണങ്ങളുമായി എല്ലായ്പ്പോഴും പൊരുത്തപ്പെടാത്ത വീക്ഷണങ്ങളെ വൈറ്റ് ഹൗസ് അടിച്ചമർത്തുകയാണെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേർത്തു.

ഹാർവാർഡ് സ്റ്റുഡൻ്റ് അസോസിയേഷൻ കോ-പ്രസിഡൻ്റ് അബ്ദുല്ല ഷാഹിദ് സിയാൽ പാക്കിസ്താനിലെ ലാഹോറിൽ നിന്നാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നിലവിലെ നിയമപരമായ പദവി നഷ്ടപ്പെടുമോ എന്ന ഭയമുണ്ടെന്ന്
ഷാഹിദ് പറഞ്ഞു. “ഞങ്ങള്‍ അക്ഷരാർത്ഥത്തിൽ കൗമാരക്കാരാണ്, സ്വന്തം നാട്ടിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെയാണ് ഞങ്ങള്‍. ലക്ഷങ്ങള്‍ മുടക്കിയാണ് ഞങ്ങള്‍ ഇവിടെ പഠിക്കാന്‍ വന്നത്. അഭിഭാഷകർ പലപ്പോഴും ഇടപെടാൻ ഭയപ്പെടുന്ന ഒരു സാഹചര്യമാണിവിടെ,” ഷാഹിദ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിൽ നിന്ന് മാത്രമല്ല, ലോകമെമ്പാടുമുള്ള ഏറ്റവും ബുദ്ധിമാന്മാരായ ആളുകളെ ആകർഷിച്ചതിനാലാണ് ഹാർവാർഡ് സവിശേഷമായതെന്ന് ഷാഹിദ് പറഞ്ഞു. വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ വരുമ്പോൾ രാജ്യത്തിനും ധാരാളം നേട്ടങ്ങൾ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇപ്പോൾ ഈ വിദ്യാർത്ഥികളോട് തെറ്റായും അനാദരവോടെയുമാണ് ട്രം‌പ് ഭരണകൂടം പെരുമാറുന്നത്. “ഹാര്‍‌വാര്‍ഡില്‍ പഠിക്കുന്നവരെല്ലാം തീവ്രവാദികളാണെന്ന വാദം തെറ്റാണ്. ജൂത വിദ്യാര്‍ത്ഥികളെ സം‌രക്ഷിക്കാനാണെങ്കില്‍ അതിന് എത്രയോ നല്ല വഴികള്‍ വേറെയുണ്ട്… എന്തിന് നിരപരാധികളായ ഞങ്ങളെ ബലിയാടുകളാക്കണം,” ഷാഹിദ് ചോദിച്ചു.

രാജ്യത്തെ ഏറ്റവും പഴക്കമേറിയതും സമ്പന്നവുമായ കോളേജായ ഹാർവാഡിൽ പ്രവേശിക്കാൻ നിരവധി പേര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും, ഇനി വിസ പ്രശ്‌നങ്ങൾ നേരിടാൻ കാത്തിരിക്കേണ്ടിവരുമെന്നും ഓസ്ട്രിയയിൽ നിന്നുള്ള വിദ്യാർത്ഥിയായ കാൾ മോൾഡൻ പറഞ്ഞു.

ഹാർവാർഡിലെ വിദ്യാർത്ഥികളിൽ ഏകദേശം 27 ശതമാനം അന്താരാഷ്ട്ര വിദ്യാർത്ഥികളാണ്. ഹാർവാർഡ് കേസ് കോടതിയിൽ എത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച ഒരു ഫെഡറൽ ജഡ്ജി ട്രംപ് ഭരണകൂടത്തിന്റെ വിലക്ക് താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്.

 

Leave a Comment

More News