സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ; കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂർ: സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമാണ്.

മെയ് 29, 30 തീയതികളിൽ കാസർകോട് ജില്ലയിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അംഗന്‍‌വാടികൾ, മദ്രസകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ കെ ഇൻബേസേക്കർ നാളെ (മെയ് 29 വ്യാഴം) അവധി പ്രഖ്യാപിച്ചു. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ഈ തീരുമാനം.

എന്നാല്‍, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമൊന്നുമുണ്ടാകുകയില്ല. കൂടാതെ, റെഡ് അലേർട്ട് കാരണം, മെയ് 29, 30 തീയതികളിൽ ജില്ലയിലെ ക്വാറികൾക്ക് പ്രവർത്തിക്കാൻ അനുവാദമില്ല. റെഡ് അലേർട്ട് ദിവസങ്ങളിൽ റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിരിക്കും. ബീച്ചുകളിൽ വിനോദസഞ്ചാരികളെ അനുവദിക്കില്ല. രാത്രിയിൽ മലയോര പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കാനും ജനങ്ങൾക്ക് നിർദ്ദേശമുണ്ട്.

കേരളത്തിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായ മഴയും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ഐഎംഡി അറിയിച്ചു.

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും – ചിലപ്പോൾ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ – വീശാൻ സാധ്യതയുണ്ട്. ഞായറാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഐഎംഡി നിർദ്ദേശിച്ചു.

Leave a Comment

More News