അഞ്ജു സോസൻ ജോർജ്ജ് കോട്ടയം സി എം എസ് കോളേജിലെ ആദ്യ വനിതാ പ്രിന്‍സിപ്പാള്‍

കോട്ടയം: സി.എം.എസ് കോളേജ് ആദ്യ വനിതാ പ്രിൻസിപ്പാൾ ആയി പ്രൊഫ. ഡോ. അഞ്ജു സോസൻ ജോർജ്ജ് ചുമതല ഏറ്റെടുത്തപ്പോൾ ചരിത്രം വഴിമാറി. 1817-ൽ ലണ്ടനിലെ ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കോളേജായ കേരളത്തിലെ കോട്ടയം സി.എം എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ 2007 മുതൽ അസോഷ്യേറ്റ് പ്രൊഫസറാണ് അഞ്ജു സോസൻ ജോർജ്ജ്.

മദ്രാസ് ക്രിസ്ത്യൻ കോളേജ്, ചെന്നൈ സ്റ്റെല്ലാ മാരീസ് എന്നിവിടങ്ങളിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, മധുര കാമരാജ് സർവകലാശാലയിൽ നിന്നും എം.ഫിലും പഠനം പൂർത്തിയാക്കി.കേരള സർവകലാശാലയിൽ നിന്നുമാണ് പി എച്ച് ഡി നേടിയത്.

സി എം എസ് കോളേജിലെ മുൻ വൈസ് പ്രിൻസിപ്പലും, ഹിസ്റ്ററി വിഭാഗം മേധാവിയുമായി വിരമിച്ച ജോർജ് കുര്യൻ്റെയും, മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ ഫിസിക്സ് വിഭാഗം മേധാവിയായി വിരമിച്ച ലൈസ വർക്കിയുടെയും മകളാണ്. കൊച്ചി ടി.സി.എസ് എഞ്ചിനിയർ തിരുവല്ല ബിനു ജേക്കബ് ആണ് ഭർത്താവ്. ജോഹാൻ, നേഹ എന്നിവരാണ് മക്കൾ.

വൈകല്യ പഠനങ്ങളെക്കുറിച്ചുള്ള കൃതികൾക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ഒരു പ്രഗത്ഭ എഴുത്തുകാരിയാണ് ഡോ. അഞ്ജു സോസൻ ജോർജ്. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസോസിയേറ്റും കോട്ടയം സിഎംഎസ് കോളേജിലെ സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയാണ് പ്രൊഫ ഡോ. അഞ്ജു സോസൻ ജോർജ്.

മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണൻ ഉൾപ്പടെ രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക ആരോഗ്യ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി രംഗത്ത് നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ വാർത്തെടുത്ത ഈ കലാലയം സമൂഹത്തിന് പ്രകാശ ഗോപുരം ആയി ഇന്നും നിലകൊള്ളുന്നു.

Leave a Comment

More News