ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനം സ്വന്തമാക്കി ഹസീനയും മക്കളും; താക്കോല്‍ ദാനം ഐ.എം വിജയന്‍ നിര്‍വഹിച്ചു

മലപ്പുറം: കാഴ്ച പരിമിതരായ മെഹക്കിനും അനിയനും പുതിയ പ്രതീക്ഷകളുമായി സ്വന്തം ഭവനത്തില്‍ ഇനി അന്തിയുറങ്ങാം. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുളള തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്റര്‍ നിര്‍മിച്ചു നല്‍കിയ ഭിന്നശേഷി സൗഹൃദ ഭവനം സ്വന്തമാക്കിയ സന്തോഷത്തിലാണിരുവരും. മാജിക് ഹോം ഭവനപദ്ധതിയുടെ ഭാഗമായി സ്വന്തമായി 7.5 സെന്റ് സ്ഥലവും കൂടിയാണിവര്‍ക്ക് സ്വന്തമായത്.

ഇന്നലെ (വെള്ളി) വള്ളിക്കാപ്പറ്റ നാറാസ് കുന്നില്‍ നടന്ന ചടങ്ങില്‍ കായികതാരം ഐ.എം വിജയന്‍ മെഹക്കിനും അനിയന്‍ ഫര്‍ഹാനും അമ്മ ഹസീനയ്ക്കുമായി വീടിന്റെ താക്കോല്‍ കൈമാറി. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി വസ്തു വാങ്ങി നല്‍കിയ വ്യവസായിയും ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഷംസുദ്ദീന്‍ ഒളകര, വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ടാലന്റ് ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്റ് ചെയര്‍മാന്‍ മുഹമ്മദ് നസീം എന്നിവരെ മുസ്ലീം യൂത്ത് ലീഗ് കേരള പ്രസിഡന്റ് സയ്യിദ് മുനവറലി അലി ഷിഹാബ് തങ്ങള്‍ പൊന്നാട അണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചു. വീടിന്റെ ഡോക്യുമെന്റ് ഗോപിനാഥ് മുതുകാട് ഹസീനയക്ക് കൈമാറി. ചടങ്ങില്‍ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ മാജിദ്, ഗ്രാമപഞ്ചായത്തംഗം ബുഷ്‌റാബി തുടങ്ങിയവര്‍ പങ്കെടുത്തു. കാണികളുടെ ഹൃദയം കവര്‍ന്ന സംഗീതാലാപനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. നാഷണല്‍ അവാര്‍ജ് ജേതാവ് കൂടിയായ ഫാത്തിമ അന്‍ഷി, ചലച്ചിത്ര പിന്നണിഗായകനും നാടന്‍ പാട്ടുകാരനുമായ അതുല്‍ നറുകര, മെഹക് എന്നിവര്‍ ചടങ്ങിനെ സംഗീത സാന്ദ്രമാക്കി.

സംസ്ഥാനത്ത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മാജിക്ക് ഹോം പദ്ധതിയുടെ മലപ്പുറം ജില്ലയിലെ ഗുണഭോക്താക്കളാണ് ഹസീനയും മക്കളും. ജില്ലയില്‍ നിന്നും ലഭിച്ച നിരവധി അപേക്ഷകളില്‍ നിന്നാണ് ഹസീനയെയും കുടുംബത്തെയും പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. 650 ചതുരശ്രഅടിയില്‍ കാഴ്ച പരിമിതിയ്ക്കനുസൃതമായ രീതിയിലാണ് വീട് നിര്‍മിച്ചു നല്‍കിയത്.

ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് നിര്‍മ്മിച്ചു കൈമാറുന്നത്. ഇതിനോടകം കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു.

Leave a Comment

More News