പഹൽഗാം ഭീകരാക്രമണത്തിനും തുടർന്നുള്ള ഇന്ത്യൻ ഓപ്പറേഷൻ സിന്ദൂരിനും ശേഷം, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഈ കാലയളവിൽ, പാക്കിസ്താനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള 15-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളാണ് ഈ അറസ്റ്റുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. ചിലർ സർക്കാർ ജീവനക്കാരാണ്, ചിലർ എഞ്ചിനീയർമാരാണ്, ചിലർ യൂട്യൂബർമാരോ ബിസിനസുകാരോ ആണ്.
പാക്കിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ ഇന്ത്യയിൽ വിപുലമായ ഒരു ശൃംഖല സൃഷ്ടിച്ചിട്ടുണ്ടെന്നും, സാമ്പത്തികമായി ദുർബലരായ അല്ലെങ്കിൽ അത്യാഗ്രഹികളായ ആളുകളെ ഉപയോഗിച്ച് രഹസ്യ വിവരങ്ങൾ നൽകുന്നുണ്ടെന്നും ഈ അറസ്റ്റുകൾ സൂചിപ്പിക്കുന്നു.
സിആർപിഎഫ് ജവാൻ മോത്തി റാം ജാട്ടിനെ ഡൽഹിയിൽ അറസ്റ്റ് ചെയ്തത് രണ്ടു ദിവസം മുമ്പാണ്. 2023 മുതൽ അയാൾ പാക്കിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു, പണത്തിന് പകരമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചു. നിയമങ്ങൾ ലംഘിച്ചതിന് സർവീസിൽ നിന്ന് പിരിച്ചുവിട്ട ആ മുന്‍ ജവാന്‍ ഇപ്പോൾ എൻഐഎ കസ്റ്റഡിയിലാണ്.
മുംബൈയിലെ നേവൽ ഡോക്ക്‌യാർഡുമായി ബന്ധപ്പെട്ട ഒരു ടെക്‌നോളജി കമ്പനിയിൽ ജോലി ചെയ്തിരുന്ന എഞ്ചിനീയർ രവീന്ദ്ര വർമ്മയെ എ.ടി.എസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിലെ ഹണിട്രാപ്പിൽ കുടുക്കിയാണ് പാക്കിസ്താന്‍ വിവരങ്ങൾ ശേഖരിച്ചത്. ഇന്ത്യയുടെ സൈനിക സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള അന്തർവാഹിനികളെയും യുദ്ധക്കപ്പലുകളെയും കുറിച്ചുള്ള ബ്ലൂപ്രിന്റുകളും ഓഡിയോ സന്ദേശങ്ങളും അദ്ദേഹം പാക്കിസ്താനുമായി പങ്കിട്ടു.
ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നും സെൻസിറ്റീവ് ഡാറ്റ പങ്കുവെച്ചെന്നും ആരോപിച്ച് ഹരിയാനയിലെ യൂട്യൂബർ ജ്യോതി മൽഹോത്ര കഴിഞ്ഞ മാസം അറസ്റ്റിലായി. അവര്‍ പാക്കിസ്താനിലേക്ക് നിരവധി യാത്രകൾ നടത്തി, 12 ടെറാബൈറ്റിലധികം ഡാറ്റ അവരുടെ മൊബൈല്‍/ലാപ്‌ടോപ്പ് എന്നിവിടങ്ങളില്‍ നിന്ന് കണ്ടെടുത്തു. ലാഹോറിൽ ആയുധധാരികളോടൊപ്പം അവരെ കണ്ടതായും ഔദ്യോഗിക രഹസ്യ നിയമപ്രകാരം അവർക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു.
കച്ച് ജില്ലയിലെ സഹ്ദേവ് സിംഗ് ഗോഹിൽ വ്യോമസേനയുടെയും ബിഎസ്എഫിന്റെയും പുതിയ താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പാക്കിസ്താനിലേക്ക് അയച്ചതായി ആരോപിക്കപ്പെടുന്നു. സ്ത്രീ വേഷത്തിൽ എത്തിയ ഒരു പാക്കിസ്താൻ ഏജന്റാണ് അദ്ദേഹത്തെ ബന്ധപ്പെട്ടത്. ഗോഹിൽ പുതിയൊരു സിം കാർഡ് വാങ്ങി, വാട്ട്‌സ്ആപ്പ് വഴി സെൻസിറ്റീവ് ചിത്രങ്ങൾ പങ്കുവെച്ചു, അതിന് 40,000 രൂപ ലഭിച്ചു.
ഹരിയാനയിൽ, പാക്കിസ്താൻ ഏജന്റുമാരുമായി ബന്ധം പുലർത്തുകയും വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തതിന് ഒരു വിദ്യാർത്ഥി, ഒരു സുരക്ഷാ ജീവനക്കാരൻ, രണ്ട് യുവാക്കൾ എന്നിവരെ അറസ്റ്റ് ചെയ്തു. ഈ കേസുകളിൽ പലതിലും, സോഷ്യൽ മീഡിയ, ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള ഇടപാടുകളുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
ചാരവൃത്തി ആരോപിച്ച് രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നുള്ള സർക്കാർ ജീവനക്കാരനായ ഷക്കൂർ ഖാനും അറസ്റ്റിലായി. മുൻ മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന അദ്ദേഹം ഏഴ് തവണ പാക്കിസ്താൻ സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉപകരണങ്ങളിൽ നിന്ന് സംശയാസ്പദമായ ഫയലുകളും ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ സിം കാർഡുകൾ പാക്കിസ്താനിലേക്ക് അയച്ചിരുന്ന രാജസ്ഥാൻ സ്വദേശിയായ ഖാസിമിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ കോൺടാക്റ്റുകൾ സ്ഥാപിക്കാൻ ഐഎസ്‌ഐ ഏജന്റുമാർ ഈ സിമ്മുകൾ ഉപയോഗിച്ചിരുന്നു. ഖാസിം രണ്ടുതവണ പാക്കിസ്താനിലേക്ക് പോയി. പഹല്‍ഗാം ആക്രമണത്തിന് ശേഷം എല്ലാ ഡാറ്റയും ഇല്ലാതാക്കി.
പാക്കിസ്താൻ സന്ദർശിച്ചതിനും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെച്ചതിനും രാംപൂരിലെ വ്യവസായി ഷഹ്‌സാദിനെ കസ്റ്റഡിയിലെടുത്തു. മൊബൈൽ ആപ്ലിക്കേഷൻ വഴി ചാരവൃത്തി നടത്തിയെന്ന കുറ്റത്തിന് ജലന്ധറിൽ നിന്നുള്ള മുർതാസ അലി അറസ്റ്റിലായി. പഞ്ചാബിൽ നിന്നുള്ള ഗസാല, യാമിൻ മുഹമ്മദ് എന്നിവരും അന്വേഷണത്തിലാണ്.
ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ ആക്രമിച്ചുകൊണ്ട് ഇന്ത്യ ഭീകരർക്കെതിരെ തിരിച്ചടിച്ചിരുന്നു. അതിനുശേഷം, പാക്കിസ്താനിൽ നിന്ന് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായി, ഇന്ത്യൻ സൈന്യം അത് പരാജയപ്പെടുത്തുകയും ചെയ്തു.
