സൗദിയില്‍ താമസ സ്ഥലത്ത് വാഹനം കഴുകുന്നതിനിടെ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കാസർകോട് സ്വദേശി അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. കാസര്‍ഗോഡ് സ്വദേശി ബഷീർ (41) ആണ് മരിച്ചതെന്നാണ് വിവരം. അസീർ പ്രവിശ്യയിലെ ബിഷയില്‍ താമസ സ്ഥലത്ത് വാഹനം വൃത്തിയാക്കുന്നതിനിടെ വാഹനത്തിലെത്തിയ സംഘമാണ് വെടി വെച്ചത്. 13 വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ് അവിടെ എത്തിയത്.

ശനിയാഴ്ച രാത്രിയിലാണ് സംഭവം. താമസ സ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകിക്കൊണ്ടിരിക്കുമ്പോൾ മറ്റൊരു വാഹനത്തിലെത്തിയ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ശബ്ദം കേട്ട് സഹപ്രവർത്തകർ എത്തി പരിശോധിച്ചപ്പോൾ വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ബഷീറിനെ കണ്ടെത്തി. സമീപത്തുണ്ടായിരുന്ന ഒരു ഈജിപ്ത് പൗരനാണ് ബഷീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരണം സംഭവിച്ചു.

സിസിടിവി ദൃശ്യങ്ങളിൽ ഒരു കാർ വന്ന് നിൽക്കുന്നത് കാണാം. സംഭവത്തിന് തൊട്ടുമുമ്പ് ബഷീർ അടുത്തുള്ള ഒരു സൂഖിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്ക് പോകുന്നത് ചിലർ കണ്ടിരുന്നു. മൃതദേഹം ബിഷയിലെ കിംഗ് അബ്ദുള്ള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബിഷ കെഎംസിസി പ്രസിഡന്റും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവുമായ ഹംസ കണ്ണൂർ പോസ്റ്റ്‌മോർട്ടം നിയമ നടപടികൾ പൂർത്തിയാക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്. ബഷീറിന്റെ പിതാവ് അസൈനാർ മുഹമ്മദ്. അമ്മ: മറിയുമ്മ മുഹമ്മദ്. ഭാര്യ: നസ്രിൻ ബീഗം. മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ.

ഐ.സി.എഫ് അംഗമായിരുന്നു ബഷീര്‍. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സാമൂഹിക പ്രവർത്തകരായ അബ്ദുൾ അസീസ് പാത്തിപറമ്പനും മുജീബ് സഖാഫിയുമാണ് നിയമനടപടികൾ നടത്തുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

Leave a Comment

More News