പാക്കിസ്താനിലെ സിന്ധിൽ ക്ഷേത്രഭൂമി കൈയ്യേറി; ഹിന്ദു സമൂഹം പ്രതിഷേധവുമായി തെരുവിലിറങ്ങി

പാക്കിസ്താന്‍: ഹൈദരാബാദ് നഗരത്തിലെ ഒരു ചരിത്രപ്രസിദ്ധ ക്ഷേത്രത്തിന്റെ ആറ് ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതിനെതിരെ പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹിന്ദു സമൂഹത്തിലെ അംഗങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.

കറാച്ചിയിൽ നിന്ന് ഏകദേശം 185 കിലോമീറ്റർ അകലെ മൂസ ഖാതിയാൻ ജില്ലയിലെ ടാൻഡോ ജാം പട്ടണത്തിലാണ് ഞായറാഴ്ച പ്രതിഷേധം നടന്നത്. ‘മൂസ ഖതിയാനിലെ ശിവ് മന്ദിർ ശിവാലയുടെ ഭൂമിയിൽ കൈയ്യേറ്റക്കാര്‍ ഇതിനകം തന്നെ അനധികൃത നിർമ്മാണം ആരംഭിച്ചിട്ടുണ്ട്’ എന്ന് ഹിന്ദു സമുദായ നേതാവ് സീതൽ മേഘ്‌വാർ മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദു സമൂഹത്തിന്റെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന പാക്കിസ്താൻ ദളിത് ഇത്തിഹാദ്-പാക്കിസ്താൻ ദ്രാവിഡ് അലയൻസ് (പിഡിഐ) എന്ന സംഘടനയുടെ ആഹ്വാനപ്രകാരമാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ രംഗത്തെത്തിയത്.

ക്ഷേത്രം ഞങ്ങൾക്ക് പവിത്രമാണ്. ഈ കൈയ്യേറ്റക്കാര്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള സ്ഥലത്ത് നിർമ്മാണം ആരംഭിച്ചിരിക്കുന്നു, സമൂഹത്തിന്റെ ശ്മശാനം ഉൾപ്പെടെ. സിന്ധിലെ സ്വാധീനമുള്ള കാഷ്ഖേലി സമുദായത്തിൽപ്പെട്ട കെട്ടിട നിർമ്മാതാക്കൾക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു എന്ന് ഒരു സമുദയ നേതാവ് പറഞ്ഞു.

നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കുത്തിയിരിപ്പ് സമരം നടത്തിയ ശേഷം, ടാൻഡോ ജാം പ്രസ് ക്ലബ്ബിന് മുന്നിൽ പ്രകടനം നടന്നു. ശിവക്ഷേത്രത്തിലേക്കുള്ള പ്രവേശനം കെട്ടിട നിർമ്മാതാവ് തടഞ്ഞെന്നും, ഇത് സമുദായാംഗങ്ങൾക്ക് ആഴ്ചതോറുമുള്ള പ്രാർത്ഥനകൾ നടത്തുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഭൂമി കൈയ്യേറ്റക്കാരുടെ രാഷ്ട്രീയ സ്വാധീനം കാരണം, പോലീസ് കൈയ്യേറ്റം ഒഴിപ്പിക്കാൻ തയ്യാറാകുന്നില്ലെന്ന് പിഡിഐ മേധാവി ശിവ കാച്ചി പറഞ്ഞു. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിന് ശ്രദ്ധ നൽകിയില്ലെങ്കിൽ അടുത്ത ഘട്ടത്തിൽ ഹൈദരാബാദ് നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതോടൊപ്പം നീതി ആവശ്യപ്പെട്ട് കോടതികളെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Comment

More News