ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ഒരു യുവാവ് ജിഎസ്ടി ഇൻസ്പെക്ടർ ആണെന്ന് സ്വയം അവകാശപ്പെട്ട് ജനങ്ങളെ കബളിപ്പിക്കുക മാത്രമല്ല, കാമുകിയുടെ കുടുംബത്തെ വഞ്ചിക്കുകയും ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഷഹ്സാദ് എന്ന യുവാവാണ് വ്യാജ ഇന്‍സ്പെക്ടര്‍ ചമഞ്ഞ് ഒടുവില്‍ പോലീസിന്റെ പിടിയിലായത്. ബി.കോം ബിരുദധാരിയായ ഷഹ്സാദ് പ്രദേശത്തെ ഇഖ്റ എന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.
സർക്കാർ ജോലിയുള്ള ഒരാളെ മാത്രമേ തങ്ങളുടെ മകളെക്കൊണ്ട് വിവാഹം കഴിപ്പിക്കൂ എന്ന നിബന്ധന ഇഖ്റയുടെ മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. ഈ നിബന്ധന നിറവേറ്റുന്നതിനായി, ഷഹ്സാദ് യൂട്യൂബിന്റെ സഹായത്തോടെ പോലീസ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങി. പക്ഷേ, അയാൾ അതിൽ പരാജയപ്പെട്ടു. അതിനുശേഷം, അയാൾ ഒരു പുതിയ തന്ത്രം സ്വീകരിച്ചു. സിജിഎൽ മെറിറ്റ് ലിസ്റ്റിൽ 2643-ാം സ്ഥാനത്തുള്ള ഷഹ്സാദ് അൻസാരി എന്ന വ്യക്തിയുടെ പേര് കണ്ടപ്പോൾ, അയാൾ സ്വയം ഒരു ജിഎസ്ടി ഇൻസ്പെക്ടറായി അഭിനയിച്ചു. മധുരപലഹാരങ്ങൾ വിതരണം ചെയ്ത് പ്രദെശവാസികളെ കൈയ്യിലെടുത്ത് യുവാവ് തന്റെ ‘വ്യാജ നേട്ടം’ ആഘോഷിച്ചു.
ഷഹ്‌സാദ് ഒരു പോലീസ് യൂണിഫോം വാങ്ങി, വ്യാജ ജിഎസ്ടി ഇൻസ്‌പെക്ടർ ഐഡി കാർഡ് ഉണ്ടാക്കി. അതിനുശേഷം, ഇഖ്‌റയുടെ കുടുംബത്തെ അദ്ദേഹം വിശ്വസിപ്പിക്കുകയും ഇഖ്റയെ വിവാഹം കഴിക്കുകയും ചെയ്തു. “ബന്ധുക്കളുടെ സമ്മർദ്ദത്തെത്തുടർന്ന്, 2024 ഡിസംബർ 18 ന് എന്റെ പിതാവ് നിക്കാഹ് നടത്താൻ സമ്മതിച്ചു” എന്ന് ഇഖ്‌റ പറഞ്ഞു. എന്നാല്‍, ഇഖ്‌റയുടെ പിതാവിന് തുടക്കം മുതൽ തന്നെ ഷഹ്‌സാദിനെ സംശയമുണ്ടായിരുന്നു. അദ്ദേഹം ഷഹ്സാസിന്റെ ജോലി സ്ഥിരീകരിക്കാൻ ശ്രമിച്ചു. എന്നാല്‍, ഗ്രാമത്തിലെ ചിലരെ സ്വാധീനിച്ച് ഷഹ്‌സാദ് ബന്ധം സ്ഥിരീകരിച്ചു.
നിക്കാഹ് കഴിഞ്ഞതിനു ശേഷം ഷഹസാദ് ജോലിക്ക് പോകുന്നില്ലെന്ന് കണ്ടതോടെ ഇഖ്റ തന്റെ സഹോദരങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്തു. അവർ അന്വേഷണം ആരംഭിച്ചപ്പോഴാണ് ഷഹസാദ് ഒരു ജിഎസ്ടി ഇൻസ്പെക്ടറോ സർക്കാർ ജോലിയോ ഇല്ലാത്ത വ്യക്തിയാണെന്ന് മനസ്സിലായത്. കാക്കി യൂണിഫോമിലുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ആളുകളെ കബളിപ്പിക്കുകയായിരുന്നു ഷഹസാദ് ചെയ്തിരുന്നത്.
“നിക്കാഹ് കഴിഞ്ഞതിന് ശേഷം മാതാവിനോട് ഷഹസാദ് സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങിയത് തന്നെ മാനസികമായി പീഡിപ്പിച്ചു” എന്ന് ഇഖ്‌റ പോലീസിനോട് പറഞ്ഞു. ഇഖ്‌റയുടെ പിതാവ് മകളെ കൂട്ടിക്കൊണ്ടു പോകാൻ ഷഹ്സാദിന്റെ വീട്ടിലെത്തിയപ്പോൾ, വിവാഹമോചനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ആട്ടിയോടിച്ചതായി അദ്ദേഹം പറഞ്ഞു.
ഇഖ്റയുടെ പരാതിയിൽ ബറേലി പോലീസ് ഉടനടി നടപടി സ്വീകരിച്ച് ഷഹസാദിനെ അറസ്റ്റ് ചെയ്തു. പോലീസ് ഇപ്പോൾ കേസ് വിശദമായി അന്വേഷിക്കുകയാണ്.
