ശർമിഷ്ഠ പനോലി കേസിൽ പുതിയ വഴിത്തിരിവ്; പരാതിക്കാരൻ വജാഹത് ഖാനെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു

ഹിന്ദു മതത്തിനും ദൈവങ്ങൾക്കും പാരമ്പര്യങ്ങൾക്കുമെതിരെ അവഹേളനപരവും പ്രകോപനപരവുമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുവെന്ന കുറ്റമാണ് വജാഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ സോഷ്യൽ മീഡിയയിൽ സ്വാധീനമുള്ള നിയമ വിദ്യാർത്ഥിനിയായ ശർമിഷ്ഠ പനോലിയുടെ അറസ്റ്റ് സമീപ ദിവസങ്ങളിൽ വലിയ വാർത്താ പ്രാധാന്യമർഹിച്ചിരുന്നു. ഈ കേസിൽ പുതിയതും അപ്രതീക്ഷിതവുമായ ഒരു വഴിത്തിരിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശർമിഷ്ഠയ്‌ക്കെതിരെ പരാതി നൽകിയ വജാഹത്ത് ഖാനെ വിദ്വേഷ പ്രസംഗം, മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു.

കേസിൽ, ജൂൺ 1 മുതൽ വജാഹത്ത് ഖാൻ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. നിരവധി തവണ പോലീസ് സമൻസുകൾക്ക് മറുപടി നൽകാത്തതിനാൽ നിരവധി റെയ്ഡുകൾക്ക് ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

പൂനെയിലെ സിംബയോസിസ് ലോ സ്കൂളിൽ നിയമ വിദ്യാര്‍ത്ഥിനിയായ ശർമിഷ്ഠ പനോലിയെ മെയ് 30 നാണ് ഗുരുഗ്രാമിൽ നിന്ന് കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തറ്റ്ജ്. വജാഹത്ത് ഖാന്റെ പരാതിയിൽ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് പോലീസ് സ്റ്റേഷനിൽ അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു . ‘ഓപ്പറേഷൻ സിന്ദൂറിനെ’ക്കുറിച്ചും ചില ബോളിവുഡ് താരങ്ങളുടെ മൗനത്തെക്കുറിച്ചും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്ന ഒരു വീഡിയോ ശർമിഷ്ഠ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുവെന്നുമാണ് പരാതിയിൽ ആരോപിച്ചത്.

വീഡിയോ വൈറലായതോടെ ശർമിഷ്ഠയ്ക്ക് വൻതോതിലുള്ള ട്രോളുകളും ഭീഷണികളും നേരിടേണ്ടി വന്നു, തുടർന്ന് അവർ വീഡിയോ നീക്കം ചെയ്യുകയും പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍, കൊൽക്കത്ത പോലീസ് അവരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിന്നീട്, കൊൽക്കത്ത ഹൈക്കോടതി അവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.

എന്നാൽ, ഈ കേസിൽ പരാതിക്കാരനായ വജാഹത്ത് ഖാൻ തന്നെ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. ഇന്ന് (ജൂൺ 9 ന്) കൊൽക്കത്ത പോലീസ് വജാഹത്ത് ഖാനെ വിദ്വേഷ പ്രസംഗം, മതവികാരം ഉണർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. ഹിന്ദു മതത്തിനും ദേവതകൾക്കും പാരമ്പര്യത്തിനുമെതിരെ അവഹേളനപരവും പ്രകോപനപരവുമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് വജാഹത്തിനെതിരെ കേസെടുത്തു.

മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന തരത്തിൽ പോസ്റ്റ് ചെയ്തതായി ആരോപിച്ച് ജൂൺ 2 ന് ഗാർഡൻ റീച്ച് പോലീസ് സ്റ്റേഷനിൽ ‘ശ്രീ റാം സ്വാഭിമാൻ പരിഷത്ത്’ അദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു. ഇതിനുപുറമെ, അസം, ഡൽഹി പോലീസും വജാഹത്തിനെ അന്വേഷിച്ചു വരികയായിരുന്നു. കാരണം, ഈ സംസ്ഥാനങ്ങളിൽ നിരവധി എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊൽക്കത്തയിലെ ഗോൾഫ് ഗ്രീൻ പോലീസ് സ്റ്റേഷനിൽ വജാഹത്ത് ഖാനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ മതവികാരം വ്രണപ്പെടുത്തൽ, ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, പൊതുസമാധാനം തകർക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ഉൾപ്പെടുന്നു. ശർമിഷ്ഠയുടെ അറസ്റ്റിനുശേഷം വജാഹത്ത് തന്റെ നിരവധി വിവാദ പോസ്റ്റുകൾ ഇല്ലാതാക്കിയതായും ജൂൺ 1 മുതൽ ഒളിവിലാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Leave a Comment

More News