ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രോത്സവം

ഡാളസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പത്താമത് പ്രതിഷ്ഠാദിന വാർഷികത്തോടനുബന്ധിച്ചു ഗംഭീര ആഘോഷങ്ങളാണ് ഈ വർഷം നടത്തപെട്ടത്. മെയ് 15ന് ഗണപതി ഹോമം, ശുദ്ധി പൂജകളോടെ തുടക്കംകുറിച്ച്, ഉദയാസ്തമന പൂജ, കലശാഭിഷേകം, നവകാഭിഷേകം, കളഭം,പറയിടൽ, അൻപൊലി, ഭഗവതി സേവ എന്നീ പൂജകളിലൂടെ തുടർന്ന് പൊങ്കാലയിലാണ് പൂജകൾക്ക് വിരാമമായത്. ക്ഷേത്ര തന്ത്രി കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ മാർഗ്ഗ നിർദേശത്താൽ, കാരക്കാട്ടു പരമേശ്വൻ തിരുമേനി, കല്ലൂർ വാസുദേവൻ തിരുമേനി, സൂരജ് തിരുമേനി, പുളിയപടമ്പ വിനേഷ് തിരുമേനി എന്നിവരാണ് പൂജാദികർമ്മങ്ങളിൽ പങ്കാളികളായത്.

മെയ് 28ന് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി നെറ്റിപ്പട്ടം കെട്ടിയ ജഗവീരന്റെ മുകളിൽ ഉത്സവ മൂർത്തിയുടെ തിരുഃഎഴുന്നള്ളത്ത്‌ നടന്നു. പല്ലാവൂർ ശ്രീധരൻ മാരാരുടെ നേതൃത്വത്തിലായിരുന്നു ചെണ്ടമേളവും, കേളിയും, പഞ്ചാരിമേളവും അവതരിപ്പിച്ചത്. അനേകം കലാകാരന്മാർ വിവിധ സ്ഥലങ്ങളിൽ നിന്നും കലാപരിപാടികൾ അവതരിപ്പിക്കാനായി എത്തിയിരുന്നു. മെയ് 30ന് അരങ്ങിലെത്തിയ അമ്പലപ്പുഴ വിജയകുമാറിൻറെ സോപാന സംഗീതം ശ്രോതാക്കളെ ഭക്തിയുടെ മായാ ലോകത്തെത്തിച്ചു. ഓട്ടംതുള്ളൽ എന്ന കലാരൂപത്തിൻറെ സാദ്ധ്യതകൾ സർവ്വവും പ്രകടിപ്പിച്ചുകൊണ്ട്, അത്യുജ്ജല പ്രകടനം അമ്പലപ്പുഴ സുരേഷ് വർമ്മ കാഴ്ച വച്ചപ്പോൾ അക്ഷരാർത്ഥത്തിൽ കാണികൾ അത്ഭുതസ്തബ്ധരായി. അദ്ദേഹത്തെ പിന്തുണക്കാൻ, ശിവദേവും, ഹരികൃഷ്ണനും നാട്ടിൽ നിന്നും എത്തിച്ചേർന്നിരുന്നു സോപാന സംഗീതവും, ഓട്ടംതുള്ളലും കാണികളുടെ മുക്തകണ്ടപ്രശംസയാണ് ഏറ്റുവാങ്ങിയത്.

ഭരതകല തീയേറ്റേഴ്സും, ലിറ്റ് ദി വേ ചാരിറ്റിയും സംയുക്തമായി രൂപപ്പെടുത്തിയ എഴുത്തച്ഛൻ എന്ന ചരിത്ര നാടകം ഈ വർഷത്തെ ക്ഷേത്രോത്സവൾക്ക് മാറ്റുകൂട്ടി. ബഹുജന പങ്കാളിത്തം കൊണ്ടും. വൈവിധ്യമാർന്ന കലാപരിപാടികളാലും പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ഈ വർഷത്തെ പ്രതിഷ്ഠാദിന വാർഷികാഘോഷങ്ങൾ. ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്ന എല്ലാ ഭക്തജങ്ങൾക്കും, കലാസ്വാദകർക്കും വേണ്ടി വിപുലമായ തട്ടുകടയും ക്ഷേത്ര ഭാരവാഹികൾ സംഘടിപ്പിച്ചിരുന്നു. ഇത്രയും വിപുലമായ പരിപാടികൾ ക്രമീകരിച്ചത്, പ്രസിഡൻറ് വിപിൻ പിള്ള, സെക്രട്ടറി ജലേഷ് പണിക്കർ, ട്രസ്റ്റി ചെയർ സതീഷ് ചന്ദ്രൻ, ട്രസ്റ്റി വൈസ് ചെയർ രമണി കുമാർ, കൾച്ചറൽ കോർഡിനേറ്റർ ഹെന വിനോദ്, യൂത്ത് കോർഡിനേറ്റർ സുജാ മനോജ് എന്നിവരടങ്ങുന്ന 16 അംഗ ജോയിന്റ്‌ കമ്മറ്റിയുടെയും സന്നദ്ധസേവകരുടെയും കഠിനപ്രയത്നത്തിലൂടെ ആയിരുന്നു. ക്ഷേത്രത്തിലെ ബലിക്കല്പുരയുടെയും പതിനെട്ടാം പടിയുടെയും പണികൾ പൂർത്തിയായി വരുന്നതോടു കൂടി ഒരുപാടു ഭക്തജനങ്ങൾ നോർത്ത് ടെക്സസിലെ ഈ മഹാക്ഷേത്രത്തിലേക്കു വന്നു ചേരുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ് : www.guruvayurappan.us

സോഷ്യൽ മീഡിയ: https://m.facebook.com/krishnadallas/

https://www.instagram.com/srikrishnadallas

Leave a Comment

More News