ഇറാനില്‍ ഒന്നും അവശേഷിപ്പിക്കുകയില്ല, ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങൾ നിർമ്മിക്കുന്നത് അമേരിക്കയാണെന്ന് ഓര്‍മ്മ വേണം: ഇറാന് ട്രം‌പിന്റെ മുന്നറിയിപ്പ്

ഇന്ന് (ജൂൺ 13 ന്) ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇസ്രായേൽ ഇറാനെ ആക്രമിച്ച് ജനറൽ ഹൊസൈൻ സലാമി ഉൾപ്പെടെ നിരവധി ഓഫീസർമാരെ വധിച്ചു. ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നെന്ന് ട്രംപ് സമ്മതിക്കുകയും ഇറാന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇസ്രായേൽ അതീവ ജാഗ്രതയിലാണ്. അതേസമയം, ഇറാൻ പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

വാഷിംഗ്ടണ്‍: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മതിച്ചു. ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക കമാൻഡർ ജനറൽ ഹൊസൈൻ സലാമി കൊല്ലപ്പെട്ടു. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കരുതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. തന്നെയുമല്ല, ചർച്ചയിലേക്ക് ഇറാന്‍ മടങ്ങിവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനില്‍ ഒന്നും അവശേഷിപ്പിക്കുകയില്ലെന്നും, ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങൾ നിർമ്മിക്കുന്നത് അമേരിക്കയാണെന്ന് ഓര്‍മ്മ വേണമെന്നും ട്രം‌പ് പറഞ്ഞു. യുഎസും ഇസ്രായേലും സ്വയം പ്രതിരോധിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് (ജൂൺ 13-ന്) ഇസ്രായേൽ ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചു. 200-ലധികം ഇസ്രായേലി യുദ്ധവിമാനങ്ങൾ ഇറാന്റെ നതാൻസ് ആണവ നിലയം, മിസൈൽ താവളങ്ങൾ, സൈനിക സ്ഥാപനങ്ങൾ എന്നിവ ആക്രമിച്ചു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (ഐആർജിസി) മേധാവി ഹൊസൈൻ സലാമി, മിസൈൽ പ്രോഗ്രാം മേധാവി അമീർ അലി ഹാജിസാദെ, മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥർ എന്നിവർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാൻ ഇതിനെ ‘യുദ്ധ പ്രഖ്യാപനമായി’ കണക്കാക്കുകയും ഇസ്രായേലിന് ‘കഠിനവും നിർണ്ണായകവുമായ’ പ്രതികരണം നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇറാനില്‍ ഒന്നും ശേഷിക്കാതിരിക്കുന്നതിനു മുമ്പ് ഇറാൻ വിട്ടുവീഴ്ച ചെയ്യണമെന്ന് ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മാരകമായ ആയുധങ്ങൾ അമേരിക്കയാണ് നിർമ്മിക്കുന്നതെന്നും, ഇസ്രായേലിന് അവയിൽ പലതും നല്‍കിയിട്ടുണ്ടെന്നും, അവ എങ്ങനെ ഉപയോഗിക്കണമെന്ന് അവർക്കറിയാമെന്നും ട്രം‌പ് ഇറാന് മുന്നറിയിപ്പ് നൽകി. ഇറാന് നിരവധി അവസരങ്ങൾ നൽകിയെങ്കിലും അവർക്ക് അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനിയൻ കർക്കശക്കാർ ധൈര്യത്തോടെയാണ് സംസാരിക്കുന്നത്. പക്ഷേ, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവർക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പൗരന്മാരോട് ഹോം ഫ്രണ്ട് കമാൻഡിന്റെയും അധികാരികളുടെയും നിർദ്ദേശങ്ങൾ അനുസരിക്കാനും സംരക്ഷിത പ്രദേശങ്ങളിൽ തുടരാനും ആഹ്വാനം ചെയ്തു. പതിനായിരക്കണക്കിന് സൈനികരെ എല്ലാ അതിർത്തികളിലും നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ സജ്ജരാണെന്നും സൈനിക മേധാവി ഇയാൽ സമീർ പറഞ്ഞു. ഇസ്രായേലിനെ വെല്ലുവിളിക്കാൻ ശ്രമിക്കുന്ന ആർക്കും കനത്ത വില നൽകേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Comment

More News