ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെ, ഇത്തവണ വെടിനിർത്തൽ അല്ല ആഗ്രഹിക്കുന്നതെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു യഥാർത്ഥ അന്ത്യമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ, നിരവധി പ്രധാന വിഷയങ്ങളിലും അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.
വാഷിംഗ്ടണ്‍: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, കാനഡയിൽ നടന്ന ഗ്രൂപ്പ് ഓഫ് സെവൻ അല്ലെങ്കിൽ ജി 7 നേതാക്കളുടെ യോഗം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാതിവഴിയിൽ ഉപേക്ഷിച്ച് തിരിച്ചു പോന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ തുടരുന്ന സംഘർഷവും വെടിനിർത്തലുമാണ് ഉച്ചകോടിയിൽ നിന്ന് പിന്മാറാൻ കാരണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. എന്നാല്‍, ട്രംപ് അത് നിഷേധിച്ചു.
ഇറാനുമായുള്ള ആണവ തർക്കത്തിന് ഒരു യഥാർത്ഥ അന്ത്യം കാണണമെന്ന് ട്രംപ് ഈ പിരിമുറുക്കത്തെക്കുറിച്ച് പറഞ്ഞു. ഈ സമയത്ത് മാധ്യമ പ്രവർത്തകർ അദ്ദേഹത്തോട് നിരവധി ചോദ്യങ്ങൾ ചോദിച്ചു. അദ്ദേഹം അതേ രീതിയിൽ തന്നെ അവയ്ക്കും ഉത്തരവും നൽകി. യഥാർത്ഥ അന്ത്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, വെടിനിർത്തൽ അല്ല, ഒരു അവസാനമാണ് വേണ്ടതെന്ന് അദ്ദേഹം മറുപടി നൽകി.
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുള്ള തന്റെ പ്രത്യേക ദൂതനായ സ്റ്റീവൻ വിറ്റ്കോഫിനെയോ വൈസ് പ്രസിഡന്റ് ജെ.ഡി. വെൻസിറ്റോയെയോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരെയോ ഇസ്ലാമിക് റിപ്പബ്ലിക്കുമായി സംസാരിക്കാൻ അയക്കുമെന്ന് ട്രംപ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സൂചന നൽകി. എന്നാല്‍, തന്റെ പദ്ധതിയെക്കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് തുറന്നു പറഞ്ഞില്ല.
അദ്ദേഹം ടെഹ്‌റാനെ കുറ്റപ്പെടുത്തി. അവരുടെ തെറ്റ് കാരണം ഇസ്രായേലുമായി ഒരു കരാറിലെത്താൻ കഴിഞ്ഞില്ല, അതുകൊണ്ടാണ് ഇന്ന് ആക്രമണം നിർത്താൻ കഴിയാത്തതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇറാനെ ആക്രമിക്കാന്‍ ഇസ്രായേലിന് മൗനാനുവാദം നല്‍കിയതാണോ അതോ ഇറാനുമായി ഇനിയും സംസാരിക്കാൻ തയ്യാറാണോ എന്ന് ചോദിച്ചപ്പോള്‍, ഞാൻ ഒരു കരാറുണ്ടാക്കാൻ ശ്രമിച്ചു, പക്ഷേ അവർ അങ്ങനെ ചെയ്തില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇപ്പോൾ എനിക്കറിയില്ല, ഞാൻ ചർച്ചയ്ക്കുള്ള മാനസികാവസ്ഥയിലല്ലെന്നും ട്രംപ് പറഞ്ഞു.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ക്രമേണ പുതിയ ഉയരത്തിലേക്ക് ഉയരുകയാണ്. ഇസ്രായേൽ ആക്രമണങ്ങളുടെ വേഗത കുറയ്ക്കാൻ പോകുന്നില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ആക്രമണങ്ങളുടെ വേഗത ഇതുവരെ ആരും കുറച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിൽ നടന്ന ഗ്രൂപ്പ് ഓഫ് സെവൻ ഉച്ചകോടിയിൽ പങ്കെടുത്ത ലോക നേതാക്കൾ ഇരു രാജ്യങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. മിക്ക രാജ്യങ്ങളും സമാധാനം നിലനിർത്താൻ ആവശ്യപ്പെട്ടു. ഈ ആക്രമണത്തിന് പിന്നിലെ കാരണം സ്വന്തം സുരക്ഷയാണെന്ന് ഇസ്രായേൽ ചൂണ്ടിക്കാട്ടി.
