വാഷിംഗ്ടന്‍: ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് എട്ടു ദിവസമായി. ഇരു രാജ്യങ്ങളും പിന്മാറാൻ തയ്യാറല്ല. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈ വിഷയത്തിൽ ഇടയ്ക്കിടെ ഇറാനെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇസ്രായേൽ അമേരിക്കയോട് ഈ യുദ്ധത്തിൽ പങ്കുചേരാൻ പോലും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അമേരിക്ക അത് നിരസിച്ചു. തന്നെയുമല്ല, അമേരിക്കയിലെ ബഹുഭൂരിഭാഗം ജനങ്ങളും തങ്ങളുടെ രാജ്യം മറ്റൊരാളുടെ യുദ്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ല. അപ്പോഴും ഈ യുദ്ധത്തിൽ അമേരിക്കയുടെ നിലപാട് എന്താണെന്നാണ് ചോദ്യമുയരുന്നത് സ്വാഭാവികമാണ്.
ഇറാനെ അമേരിക്ക ആക്രമിക്കുമോ ഇല്ലയോ എന്ന് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ യുഎസ് പ്രസിഡന്റ് തീരുമാനിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.
ഇറാനുമായി ഭാവിയിൽ ചർച്ചകൾ സാധ്യമാണോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ട്രംപിന്റെ തീരുമാനം എന്ന് കരോലിൻ പറഞ്ഞു. ഈ സാധ്യത പരിഗണിച്ചായിരിക്കും ട്രംപ് തന്റെ തീരുമാനം എടുക്കുക.
ഇറാൻ തങ്ങളുമായി ഒരു കരാറിൽ ഒപ്പുവെക്കണമെന്നും, ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുകയില്ല എന്ന് സമ്മതിക്കണമെന്നും കരോലിന് വ്യക്തമാക്കി. എന്നാല്‍, അമേരിക്കയുടെ ഈ കരാറിന് ഇറാൻ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.
ഇസ്രായേലിന്റെ ആക്രമണങ്ങൾ തുടരുന്നിടത്തോളം കാലം അമേരിക്കയുമായി ഒരു തരത്തിലുള്ള ചർച്ചയും നടത്തില്ലെന്ന് ഇറാൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ഇറാൻ തങ്ങളുടെ കരാറിൽ സമ്മതിക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നുവെങ്കിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ അനിവാര്യമാണ്. ചർച്ചകൾ നടക്കണമെങ്കിൽ, ഇസ്രായേൽ അവരുടെ ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടിവരും.
BREAKING: Press Secretary, says that President Trump will make a decision on Iran within 2 weeks pic.twitter.com/SbCujN3sVF
— One America News (@OANN) June 19, 2025
