ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഏതെങ്കിലും തരത്തിലുള്ള കരാറിനായി ആഗ്രഹിക്കുന്നുവെങ്കിൽ, ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെ ‘അപമാനകരവും അസ്വീകാര്യവുമായ’ വാക്കുകൾ ഉപയോഗിക്കുന്നത് ട്രംപ് ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വ്യക്തമായി മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ ഭരണകൂടത്തിന് ഞങ്ങളുടെ മിസൈലുകളിൽ നിന്ന് രക്ഷപ്പെടാൻ ‘ഡാഡി’യുടെ അടുത്തേക്ക് ഓടിപ്പോകുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത മഹത്തുക്കളും ശക്തരുമായ ഇറാനിയൻ ജനത ഭീഷണികളും അപമാനങ്ങളും സഹിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പ്രസിഡന്റ് ട്രംപ് ഒരു കരാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ അപമാനിക്കുന്നതും അസ്വീകാര്യവുമായ സ്വരം ഉപേക്ഷിക്കുകയും ദശലക്ഷക്കണക്കിന് പിന്തുണക്കാരെ വേദനിപ്പിക്കുന്നത് അവസാനിപ്പിക്കുകയും വേണം” എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
വളരെ വൃത്തികെട്ടതും അപമാനകരവുമായ ഒരു മരണത്തിൽ നിന്ന് ഖമേനിയെ രക്ഷിച്ചതായി ഡൊണാൾഡ് ട്രംപ് അടുത്തിടെ തന്റെ ‘ദി ട്രൂത്ത് സോഷ്യല്‍’ എന്ന പ്ലാറ്റ്‌ഫോമിൽ അവകാശപ്പെട്ടു. “അദ്ദേഹം എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു, ഇസ്രായേലിനെയോ അമേരിക്കയിലെ ഏറ്റവും വലിയ സൈനികരെയോ അദ്ദേഹത്തിന്റെ ജീവൻ അപഹരിക്കാൻ ഞാൻ അനുവദിക്കില്ല” എന്ന് ട്രംപ് എഴുതി. “വളരെ വൃത്തികെട്ടതും അപമാനകരവുമായ ഒരു മരണത്തിൽ നിന്ന് ഞാൻ അദ്ദേഹത്തെ രക്ഷിച്ചു, ‘നന്ദി, പ്രസിഡന്റ് ട്രംപ്!’ എന്ന് അദ്ദേഹം പറയേണ്ടതല്ലായിരുന്നോ എന്നും ട്രംപ് പറഞ്ഞു.
എന്നാല്‍, ട്രംപിന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് ലോകം അറിഞ്ഞു കഴിഞ്ഞു എന്നും, ‘അസാധാരണമായ രീതിയിൽ സംഭവങ്ങളെ പെരുപ്പിച്ചു കാണിക്കാന്‍ മിടുക്കനാണെന്നും’ ആയത്തുള്ള ഖമേനി പറഞ്ഞു. താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു എന്നു വരുത്തിത്തീര്‍ക്കാനും, ‘അത്തരം അതിശയോക്തിപരമായ’ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ട്രംപിന്റെ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഖമേനി പറഞ്ഞു. ഇസ്രായേലിനു വേണ്ടി യുദ്ധത്തിനിറങ്ങിയ ട്രംപിന് കനത്ത പ്രഹരമാണ് ഏല്പിച്ചതെന്നും, ഇനി മേലില്‍ ഇറാനെ തൊട്ടുകളിക്കാന്‍ ഇസ്രായേലും അമേരിക്കയും ഇറങ്ങിത്തിരിക്കുകയില്ലെന്നും, ‘ഇസ്ലാമിക് റിപ്പബ്ലിക് വിജയിച്ചു, അമേരിക്കയ്ക്ക് കനത്ത പ്രഹരം ലഭിച്ചു’ എന്നും അദ്ദേഹം പറഞ്ഞു.
