യൂണിവേഴ്‌സൽ പാലിയേറ്റീവ് കെയർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍‌വ്വഹിച്ചു

കൊച്ചി: കളമശ്ശേരി രാജഗിരി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല യൂണിവേഴ്സൽ പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ കിടപ്പു രോഗികൾക്കും ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന യൂണിവേഴ്സൽ പാലിയേറ്റീവ് കെയർ പദ്ധതി ആരോഗ്യ മേഖലയിൽ കേരളത്തിന് ഒരു പുതിയ മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ മേഖലയിൽ കേരളം വളരെ മുന്നിലാണ്. വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും കിടപ്പിലായ രോഗികൾക്കും ആശ്വാസം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട്, സർക്കാർ, സർക്കാരിതര സംഘടനകളുമായി ഏകോപിപ്പിച്ച് ശക്തമായ ഒരു പാലിയേറ്റീവ് കെയർ സംവിധാനം സ്ഥാപിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹോം കെയർ യൂണിറ്റുകളും, 1142 പ്രാഥമിക പാലിയേറ്റീവ് കെയർ യൂണിറ്റുകളും സജീവമാണ്. ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും ആഭിമുഖ്യത്തിലും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ശക്തമാണ്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ 500ലധികം ഹോം കെയർ യൂണിറ്റുകളും വീടുകളിൽ എത്തി മെഡിക്കൽ കെയറും നഴ്സിംഗ് പരിചരണവും രോഗികൾക്ക് ഉറപ്പാക്കുന്നു. പാലിയേറ്റീവ് കെയർ രോഗികൾക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണ നൽകുന്ന 1000-ൽ അധികം ചാരിറ്റബിൾ, സോഷ്യൽ സംഘടനകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവയെല്ലാം ഒരു കുടക്കീഴിയിൽ കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യം.

സാർവത്രിക പാലിയേറ്റീവ് കെയർ സംവിധാനം വഴി കിടപ്പിലായ ഓരോ രോഗിയെയും അവരുടെ തൊട്ടടുത്തുള്ള പാലിയേറ്റീവ് പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുമായി ബന്ധിപ്പിക്കും. ഓരോ വാർഡിലും സേവനത്തിനായി ആശാപ്രവർത്തകർ നേതൃത്വം നൽകുന്ന ടീം രൂപീകരിക്കും. ഓരോ ജനകീയ ആരോഗ്യ കേന്ദ്രങ്ങളും കിടപ്പിലല്ലാത്ത എന്നാൽ ദീർഘകാലമായി ഗുരുതര രോഗബാധിതരായ രോഗികളെ പരിശോധിച്ച് തുടർ ചികിത്സ ഉറപ്പാക്കണം. ഇതിനായി നഴ്സുമാർക്ക് പരിശീലനം നൽകും.

തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ കമ്മ്യൂണിറ്റി നേഴ്സുമാരുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ഹോം കെയർ ടീമുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി കിടപ്പിലായ എല്ലാ രോഗികളുടെയും വീട്ടിൽ കൃത്യമായി ഇടവേളകളിൽ സന്ദർശിച്ച് ആവശ്യമായ പിന്തുണ ഉറപ്പ് വരുത്തുന്നുണ്ട് . ആരോഗ്യവകുപ്പ് ഭാരതീയ ചികിത്സ വകുപ്പ് ഹോമിയോ വകുപ്പ് എന്നിവയുടെ ഡയറക്ടർമാർ എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും പ്രധാന ആശുപത്രികളിലും സെക്കൻഡറി സ്പെഷ്യലൈസ്ഡ് പാലിയേറ്റീവ് കെയർ പ്രോഗ്രാമുകളും പരിശീലനം ലഭിച്ച നഴ്സും മെഡിക്കൽ ഓഫീസറും ഉണ്ടെന്ന് ഉറപ്പുവരുത്തണം. ആഴ്ചയിൽ ഒരിക്കൽ ഡോക്ടർമാർ രോഗികളെ വീട്ടിലെത്തി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജുകളിലും കാൻസർ സെന്ററുകളിലുമുള്ള പ്രത്യേക പാലിയേറ്റീവ് കെയർ യൂണിറ്റുകൾ ശാക്തീകരിക്കും. സ്വകാര്യ മേഖലയിലേത് ഉൾപ്പെടെയുള്ള എല്ലാ മെഡിക്കൽ കോളേജുകളിലും പാലിയേറ്റീവ് കെയർ യൂണിറ്റുകൾ ആരംഭിച്ച്, മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനസമയത്ത് തന്നെ പാലിയേറ്റീവ് പരിശീലനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. എല്ലാ മെഡിക്കൽ സ്ഥാപനങ്ങളെയും പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമാക്കും.എല്ലാ ജില്ലകളിലും ആരോഗ്യ പ്രവർത്തകർക്ക് പാലിയേറ്റീവ് പരിശീലനം നൽകുന്ന സർക്കാർ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സന്നദ്ധ മേഖലയിലും 6 പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം മുഖേന പ്രത്യേക പരിശീലനം നൽകും.

അരക്ക് കീഴ്പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ട രോഗികൾക്ക് തൊഴിൽപരമായ പിന്തുണ നൽകുന്നതിന് കുടുംബശ്രീയുമായി സഹകരിച്ച് എറണാകുളം, മലപ്പുറം ജില്ലകളിൽ പദ്ധതി ആരംഭിക്കും. മറ്റു ജില്ലകളിലും പദ്ധതി വ്യാപിക്കും . പാലിയേറ്റീവ് സേവനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ” കേരള കെയർ” പാലിയേറ്റീവ് ഗ്രിഡിൽ ഇത് വരെ പാലിയേറ്റീവ് പരിചരണം നൽകുന്ന 1362 സർക്കാർ സ്ഥാപനങ്ങളും 1085 സന്നദ്ധ സംഘടനകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1,58,100-ഓളം കിടപ്പിലായ രോഗികളുടെ വിവരങ്ങൾ ഗ്രിഡിൽ ഇപ്പോൾ ലഭ്യമാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പതിനായിരത്തോളം പുതിയ സന്നദ്ധ പ്രവർത്തകർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

ഇവർക്ക് പാലിയേറ്റീവ് കെയർ ഗ്രിഡ് വഴി രോഗികൾക്കാവശ്യമുള്ള പരിചരണം ഏകോപിപ്പിക്കുന്നത് സംബന്ധിച്ച് മൂന്നു ദിവസത്തെ പരിശീലനം നൽകി ഗ്രിഡിന്റെ ഭാഗമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നിലവിൽ പാലിയേറ്റീവ് കെയർ രംഗത്ത് ഒരു ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ സേവനം ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. അവരെല്ലാവരും പരിശീലനമെടുത്ത് ഗ്രിഡിന്റെ ഭാഗമാകണം. പാലിയേറ്റീവ് കെയർ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് എന്ന പൊതുബോധം ഉയർന്നു വരുന്നതിനായി എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് പാലിയേറ്റീവ് കെയർ ഗ്രിഡ് പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഓപ്പൺ ഹെൽത്ത് കെയർ നെറ്റ്‌വർക്ക് ടീമിനുള്ള സമ്മാനം ആരോഗ്യ മന്ത്രി വീണ ജോർജും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷും സംയുക്തമായി സമ്മാനിച്ചു. വ്യവസായ മന്ത്രി പി രാജീവ്, പി വി ശ്രീനിജൻ എംഎൽഎ, ഹൈബി ഈഡൻ എംപി, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കളമശ്ശേരി മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ സീമ കണ്ണൻ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ എൻ ഖൊബ്രഗേഡ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ എസ് ചിത്ര എന്നിവർ പങ്കെടുത്തു.

പിആര്‍‌ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News