അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാല് പേർ റോഡപകടത്തിൽ മരിച്ചു. അവരുടെ വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ അവര്‍ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
റിപ്പോർട്ടുകൾ പ്രകാരം ഹൈദരാബാദ് നിവാസികളായ തേജസ്വിനിയും ശ്രീ വെങ്കട്ടും അവരുടെ രണ്ട് കുട്ടികളും അറ്റ്‌ലാന്റയില്‍ ബന്ധുക്കളെ കണ്ട് ഡാളസിലേക്ക് മടങ്ങുന്നതിനിടെയാണ് അവരുടെ കാർ ഒരു ട്രക്കുമായി കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ വാഹനത്തിന് തീ പിടിക്കുകയും നാലുപേരും തല്‍ക്ഷണം വെന്തുമരിക്കുകയും ചെയ്തു.
അപകടത്തിൽ കാർ പൂർണ്ണമായും കത്തിനശിച്ചു, ആർക്കും പുറത്തിറങ്ങാൻ അവസരം ലഭിച്ചില്ല. നാല് മൃതദേഹങ്ങളും തിരിച്ചറിയാൻ ഡിഎൻഎ പരിശോധനകൾ നടത്തിവരികയാണ്. പ്രാദേശിക ഭരണകൂടവും ഇന്ത്യൻ എംബസിയും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
