ടെക്സസിലെ വേനല്‍ക്കാല ക്യാമ്പിലുണ്ടായ വെള്ളപ്പൊക്കം നാശം വിതച്ചു; 28 കുട്ടികളടക്കം 104 പേർ മരിച്ചു

ടെക്സസിലെ വേനല്‍ക്കാല ക്യാമ്പിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കം വൻ നാശനഷ്ടങ്ങൾ വിതച്ചു. ഗ്വാഡലൂപ്പ് നദിക്കരയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 104 പേർ മരിച്ചു. ക്യാമ്പ് മിസ്റ്റിക് ഉൾപ്പെടെ നിരവധി വേനൽക്കാല ക്യാമ്പുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. ഡസൻ കണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്.

ടെക്സസ്: ടെക്സസിലെ മലയോര മേഖലയിൽ വെള്ളപ്പൊക്കം നാശം വിതച്ചു. കനത്ത മഴയും പെട്ടെന്ന് വെള്ളം കയറിയതും 104 പേരുടെ മരണത്തിനിടയാക്കി, ഡസൻ കണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്. ക്യാമ്പ് മിസ്റ്റിക്കിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന നിരവധി പെൺകുട്ടികൾ മരിച്ചവരിൽ ഉൾപ്പെടുന്നു.

ഗ്വാഡലൂപ്പ് നദിക്കരയിലുള്ള നൂറുകണക്കിന് വീടുകളും വേനൽക്കാല ക്യാമ്പുകളും പൂർണ്ണമായും നശിച്ചു. സാന്‍ ആന്റോണിയോയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കെർ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്, അവിടെ 28 കുട്ടികളുൾപ്പെടെ 84 മൃതദേഹങ്ങൾ കണ്ടെടുത്തു. ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുമ്പോൾ, അധികൃതരുടെ തയ്യാറെടുപ്പുകളെയും ജാഗ്രതാ സംവിധാനത്തെയും കുറിച്ച് ഇപ്പോൾ ചോദ്യങ്ങൾ ഉയർന്നുവരുന്നു.

വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വെള്ളപ്പൊക്കം രാത്രിയിൽ പെയ്ത കനത്ത മഴയ്ക്ക് ശേഷം ആളുകൾ ഉറക്കത്തിലായിരുന്ന സമയത്താണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളപ്പൊക്ക ജാഗ്രത പുറപ്പെടുവിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് ഗുരുതരമായ മുന്നറിയിപ്പ് നൽകിയത്. വെറും 45 മിനിറ്റിനുള്ളിൽ, ഗ്വാഡലൂപ്പ് നദിയിലെ ജലനിരപ്പ് 26 അടി ഉയർന്നു. ടെക്സസ് കുന്നിൻ പ്രദേശത്തെ വരണ്ടതും കടുപ്പമുള്ളതുമായ മണ്ണ് വെള്ളം ആഗിരണം ചെയ്യാനുള്ള കഴിവില്ലായ്മ കൊണ്ടാണ് വെള്ളപ്പൊക്കത്തെ കൂടുതൽ വിനാശകരമാക്കിയത്.

ക്യാമ്പ് മിസ്റ്റിക് ഉൾപ്പെടെയുള്ള നിരവധി വേനൽക്കാല ക്യാമ്പുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. ടെക്സസിലെ ഈ ക്രിസ്ത്യൻ പെൺകുട്ടികൾ മാത്രമുള്ള ക്യാമ്പിൽ നിന്ന് 27 പെൺകുട്ടികളും കൗൺസിലർമാരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാണാതായ നിരവധി പേർക്കായി രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ട്, അതേസമയം കാലാവസ്ഥാ വകുപ്പ് കൂടുതൽ മഴയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ടെക്സസിലുടനീളം 41 പേരെ ഔദ്യോഗികമായി കാണാതായതായി ഗവർണർ ഗ്രെഗ് അബോട്ട് ഞായറാഴ്ച സ്ഥിരീകരിച്ചു. വെള്ളപ്പൊക്ക മുന്നറിയിപ്പ് കൃത്യസമയത്ത് നൽകാത്തത് എന്തുകൊണ്ടാണെന്ന് പ്രാദേശിക ഭരണകൂടത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവരുന്നു. അടിയന്തര വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും പെട്ടെന്നുള്ള വെള്ളം ഒരു കറുത്ത മതിൽ പോലെയായിരുന്നുവെന്നും അതിജീവിച്ചവർ പറഞ്ഞു.

ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി മുടക്കവും മൊബൈൽ നെറ്റ്‌വർക്ക് പരിമിതിയും കാരണം വിവര കൈമാറ്റം തടസ്സപ്പെട്ടതായി ഉദ്യോഗസ്ഥർ സമ്മതിച്ചു. ഭാവിയിൽ കൂടുതൽ ഫലപ്രദമായ ഒരു സംവിധാനം നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാർ ഇപ്പോൾ അടിയന്തര മുന്നറിയിപ്പ് സംവിധാനം പുനഃപരിശോധിച്ചുവരികയാണ്.

ഈ വെള്ളപ്പൊക്കം വീടുകളും പാലങ്ങളും മുഴുവൻ വേനൽക്കാല ക്യാമ്പുകളും നശിപ്പിച്ചു. ശുചീകരണത്തിന് വളരെയധികം സമയമെടുക്കുമെന്നും പിന്നീട് പുനർനിർമ്മാണത്തെക്കുറിച്ച് ചർച്ചയുണ്ടാകുമെന്നും കെർ കൗണ്ടി ജഡ്ജി റോബ് കെല്ലി പറഞ്ഞു. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചു.

Leave a Comment

More News