സമാധാന അംബാസഡർ എന്ന് സ്വയം വിശേഷിപ്പിച്ച് ട്രം‌പ്; ട്രം‌പിനെ വാനോളം പുകഴ്ത്തി ബെഞ്ചമിന്‍ നെതന്യാഹു

ഇന്ത്യ, പാക്കിസ്താന്‍, സെർബിയ, കൊസോവോ, റുവാണ്ട, കോംഗോ എന്നീ രാജ്യങ്ങളുമായി ഞാന്‍ സന്ധിസംഭാഷണം നടത്തിയെന്നും, ഇതെല്ലാം കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കുള്ളിലാണ് സംഭവിച്ചതെന്നും ട്രംപ് പറഞ്ഞു. ഞാന്‍ നിരവധി സംഘർഷങ്ങൾ അവസാനിപ്പിച്ചതായും അവകാശപ്പെട്ടു.

വാഷിംഗ്ടണ്‍: ഇന്ത്യയും പാക്കിസ്താനും ഉള്‍പ്പടെ നിരവധി രാജ്യങ്ങൾ തമ്മിലുള്ള സമാധാന കരാറുകളിൽ മധ്യസ്ഥത വഹിച്ചതിൽ താൻ നിർണായക പങ്ക് വഹിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച ആവർത്തിച്ചു. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അദ്ദേഹത്തെ വാനോളം പുകഴ്ത്തി സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുകയും ചെയ്തു. ഇന്ത്യയും പാക്കിസ്താനും, സെർബിയയും കൊസോവോയും, റുവാണ്ടയും കോംഗോയും ഉൾപ്പടെ ഉണ്ടായ “നിരവധി പോരാട്ടങ്ങൾ” തന്റെ ഭരണകൂടം തടഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു.

ഇന്ത്യയുമായും പാക്കിസ്താനുമായും സെർബിയ, കൊസോവോ, റുവാണ്ട, കോംഗോ എന്നീ രാജ്യങ്ങളുമായും സന്ധിസംഭാഷണം നടത്തിയതായും, അതെല്ലാം മൂന്ന് ആഴ്ചയ്ക്കുള്ളിലാണ് സംഭവിച്ചതെന്നും ട്രംപ് പറഞ്ഞു. “ഞാന്‍ ധാരാളം പോരാട്ടങ്ങൾ നിർത്തി, വളരെ വലിയ ഒന്ന്. വ്യക്തമായും വളരെ വലിയ പോരാട്ടം ഇന്ത്യയും പാക്കിസ്താനും തമ്മിലായിരുന്നു. വ്യാപാരത്തിന്റെ പേരിൽ ഞാനത് അവസാനിപ്പിച്ചു. ഞങ്ങൾ ഇന്ത്യയുമായി പ്രവർത്തിക്കുന്നു, ഞങ്ങൾ പാക്കിസ്താനുമായി പ്രവർത്തിക്കുന്നു, നിങ്ങൾ യുദ്ധം ചെയ്യാൻ പോകുകയാണെങ്കിൽ ഞങ്ങൾ നിങ്ങളോടൊപ്പം പ്രവർത്തിക്കില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു,” ട്രം‌പ് പറഞ്ഞു.

റഷ്യ-ഉക്രെയ്ൻ സംഘർഷത്തിന് തന്റെ മുൻഗാമിയായ ജോ ബൈഡനെ കുറ്റപ്പെടുത്തിയ ട്രംപ്, താൻ പ്രസിഡന്റായിരുന്നെങ്കിൽ യുദ്ധം ആരംഭിക്കാൻ ഒരിക്കലും അനുവദിക്കില്ലായിരുന്നുവെന്നും അവകാശപ്പെട്ടു. “ബൈഡൻ സൃഷ്ടിച്ച ആ ഭീകരനെ നേരിടാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. റഷ്യയ്ക്കും ഉക്രെയ്നിനും സംഭവിക്കുന്നത് ഭയാനകമാണ്, അത് ഭയാനകമായ കാര്യമാണ്. പ്രസിഡന്റ് പുടിനിൽ ഞാൻ ഒട്ടും സന്തുഷ്ടനല്ല. പക്ഷേ ഞാൻ പ്രസിഡന്റായിരുന്നെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു യുദ്ധമാണ്,” നോബേല്‍ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തുകൊണ്ട് നെതന്യാഹു ട്രംപിന് നല്‍കിയ കത്ത് അവാർഡ് കമ്മിറ്റിക്ക് സമർപ്പിച്ചപ്പോഴാണ് ട്രം‌പ് പ്രസ്താവന നടത്തിയത്.

“ഒന്നിനുപുറകെ ഒന്നായി സമാധാന കരാറുകൾ ഉണ്ടാക്കുന്നതിൽ” ട്രംപ് നിർണായക പങ്ക് വഹിച്ചുവെന്ന് നെതന്യാഹു അവകാശപ്പെട്ടു. “നൊബേൽ സമ്മാന കമ്മിറ്റിക്ക് ഞാൻ അയച്ച കത്ത്, പ്രസിഡന്റ്, നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സമാധാന സമ്മാനത്തിന് നിങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിനാണിത്, നിങ്ങളതിന് പൂർണ്ണമായും അര്‍ഹനാണ്, നിങ്ങൾക്ക് അത് ലഭിക്കണം,” നെതന്യാഹു പറഞ്ഞു.

Leave a Comment

More News